അജുസ് കല്ലുമല
വെട്ടുവഴിയെന്നുതന്നെയാണ് വിളിപ്പേര്... കഥയുടെ ഗുമ്മിന് വേണ്ടി പറയുന്നല്ല അത്... ആ വഴിയിലൂടെയാണ് സുധി നടന്നുവന്നത്. ആ വഴിയ്ക്കും സുധിക്കും തമ്മില്‍ ഏറെ ബന്ധമുണ്ട്. വെട്ടുവഴിയുടെ മൂന്നാമത്തെ വളവിലെ വലത്തേ അറ്റത്താണ് സുധിയുടെ വീട്.
ത്രിസന്ധ്യയോട് അടുത്ത സമയം. പഴയ കഥകളിലെ ഗുമ്മ് വാക്കാണ് ത്രിസന്ധ്യയെങ്കിലും ഇപ്പോള്‍ സമയം അത് ആയതിനാല്‍ പറയാതെ നിര്‍വ്വാഹമില്ല. വെട്ടുവഴി നേരെ ചെന്നു കയറുന്നത് മെയിന്‍ റോഡിലേക്കാണ്. പണ്ട് മെയിന്‍ റോഡില്‍ നിന്ന് ഓവുചാലുണ്ടായി രൂപപ്പെട്ടതാണീ വെട്ടുവഴി. വെള്ളത്താല്‍ രൂപപ്പെട്ട ആ വഴി ആളുകള്‍ ചേര്‍ന്ന് വെട്ടിയെടുത്ത് ഒരു ടിപ്പറിന് പോകുവാന്‍ തരത്തിലുള്ള റോഡാക്കി മാറ്റിയെങ്കിലും വെട്ടുവഴിയെന്ന പേര് ഇപ്പോഴും മാറിയിട്ടില്ല. സുരേഷേട്ടന്റെ ടിപ്പര്‍ അതുവഴിയാണിപ്പോള്‍ പൊടിപറത്തി കുന്നിനെ കൊത്തിതിനുറുക്കി ഏറ്റുവാങ്ങാന്‍ പോകുന്നത്.
നടന്നു നടന്ന് വീടിനടുത്തെത്തി. ആള്‍ക്കാരെയൊന്നും കാണുന്നില്ല. വീടിന് പിന്നില്‍ ഹമീദിക്കായുടെ ഊദ് മരത്തോട്ടത്തിന്റെ മുള്ളുവേലിയാണ്. മുന്നില്‍ റോഡും.
'ഒരാള് ചത്താല്‍ എവിടെ കുഴിച്ചിടും സുധിയേ...' പെണ്ണാലോചനയുമായി വന്ന ബ്രോക്കറായിരുന്നു ആദ്യം ആ ആശങ്ക പങ്കുവെച്ചത്. അത്തരം ആശങ്കകള്‍ക്കാണ് മുനിസിപ്പാലിറ്റി വൈദ്യുതി ശ്മശാനമെന്നതിലൂടെ പരിഹാരം നല്‍കിയത്. വീടിന് മുന്നിലെ പോസ്റ്റില്‍ ഇളംകാറ്റില്‍ പാറിപ്പറക്കുന്ന കൊടിയൊന്ന് കയ്യിലേന്തണമെന്ന് ആഗ്രഹിച്ചപ്പോഴാണ് ഭാര്യയുടെ പരിഭവങ്ങള്‍ കാതില്‍വന്നലച്ചത്... കുഞ്ഞമ്മയോട് പരാതി പറയുകയായിരുന്നു. ഒരു ഉത്തരവാദിത്തോമില്ലന്നേ... വീട്ടിലെ അവസ്ഥകള്‍ കണ്ടറിഞ്ഞൊന്നും ചെയ്യൂല്ല... എന്തിനേറെ ഇപ്പോഴും ഒരു നല്ല കാപ്പിപോലും ഇടാന്‍ അറിയാന്‍മേലാന്നേ... പ്രായപരിധി കഴിഞ്ഞിട്ടും പിള്ളേരുടെ കൂടെ പാര്‍ട്ടികളിച്ച് നടക്കയാ സര്‍വ്വസമയോം... കുഞ്ഞിന് നാലക്ഷരം പറഞ്ഞ് കൊടുക്കുമോ അതുമില്ല...
പരാതിയുടെ ഒരു ഭണ്ഡാരമാണവള്‍. ബ്രോക്കര്‍ ഫിലിപ്പച്ചായന്‍ ആദ്യമായി കൊണ്ടുവന്ന ആലോചന. പ്രണയം തന്നിട്ട് തിരിച്ച് വാങ്ങി സ്വപ്ന തിരിച്ച് പോയിട്ട് അന്ന് ഒരു വര്‍ഷമായിട്ടേയുണ്ടായിരുന്നുള്ളു. ആ വാശിക്കാണ് ആദ്യമായി കണ്ട പെണ്ണിനെ തന്നെ മറുപാതിയാക്കിയത്. സ്വപ്നയെ സ്നേഹിച്ചതിലും ഭംഗിയായി സ്നേഹിച്ച് നല്ലൊരു ഭര്‍ത്താവാകണമെന്ന സ്വപ്നം ആദ്യരാത്രിയില്‍ തന്നെ തകര്‍ന്നു വീണു... അതേ... എനിക്ക് ചില ഡിസിഷന്‍സ് ഒക്കെയുണ്ട്... അങ്ങനെ ആ ഡിസിഷന്‍സുകളില്‍ കുടുങ്ങി അങ്ങനെയങ്ങനെ...
വെട്ടുവഴി നെരെ മുന്നോട്ട് ചെല്ലുമ്പോള്‍ പ്രധാന റോഡില്‍ നിന്നുള്ള ആദ്യത്തെ വളവിനാണ് സ്വപ്നയുടെ വീട്. ഭര്‍ത്താവിന്റെ അമ്മയുമായി നല്ല ചേര്‍ച്ചയല്ലാത്തതിനാല്‍ രണ്ട് വര്‍ഷം കഴിഞ്ഞ് അവന്‍ നാട്ടില്‍ വരുമ്പോള്‍ തിരികെ അവിടെ ചെന്നാല്‍ മതിയെന്ന് പറഞ്ഞ് സ്വപ്നയെ സ്വന്തം വീട്ടിലേക്ക് വിട്ടിരിക്കുകയായിരുന്നു. രണ്ടരവയസ്സുകാരന്‍ മകനുമുണ്ട്. അവള്‍ അവിടെ വന്നതിന്റെ മൂന്നാമത്തെ ദിവസം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ചെന്നപ്പോഴാണ് അവളുടെ വാട്ട്സ് ആപ്പ് നമ്പര്‍ കിട്ടിയത്. പണ്ട് പ്രണയിനികളായിരുന്ന നേരത്ത് വാട്ട്സ് ആപ്പ് കണ്ടുപിടിക്കപ്പെട്ടില്ലാത്തതിനാലും റിലയന്‍സിന്റെ നീല സ്‌ക്രീനുള്ള ഫോണുകള്‍ മാത്രമുള്ളതിനാലും തുരുതുരെ മെസ്സേജ് അയക്കലുകളും കണ്ടുള്ള വിളികളും ഇല്ലായിരുന്നു. മൂന്നാം പക്കം വാട്ട്സ് ആപ്പ് നമ്പര്‍ കിട്ടിയിട്ടും ഇന്ന് വരെ അതിലേക്ക് ഒരു മെസ്സേജ് പോലും അയച്ചിരുന്നില്ല. എന്തോ സ്വപ്ന എന്ന കാമുകി മനസ്സില്‍ ശരിക്കും മരിച്ചുകഴിഞ്ഞിരുന്നു. തന്നെ വഞ്ചിച്ച് ഗള്‍ഫ് കാരനെ കണ്ടപ്പോള്‍ താലികെട്ടാന്‍ കഴുത്ത് കുനിച്ചുകൊടുത്തവള്‍... പഴയ റിയലിസ്റ്റിക് കഥകളിലെ ഡയലോഗ് തന്നെയാണ് മനസ്സില്‍ ഉള്ളത്... പണമില്ലാത്ത തന്നെ ചതിച്ച് പണക്കാരന് താലികെട്ടാന്‍ കഴുത്ത് നീട്ടിയ വഞ്ചകി... തേപ്പ് എന്ന വാക്ക് പോപ്പുലറായിട്ടും കഥയില്‍ അത് കടന്നുവരുന്നില്ലല്ലോ എന്നാവും. കുറച്ച് പഴയതല്ലേ കഥ... പോരാത്തതിന് ത്രിസന്ധ്യയും.
സ്വപ്നയ്ക്ക് ഇപ്പോഴും അത്രമേല്‍ സ്നേഹമുണ്ടെന്ന് അറിയുന്നത് അപ്പോഴാണ്. കൃത്യമായി പറഞ്ഞാല്‍ ഈ തൃസന്ധ്യയ്ക്ക് നാല് മണിക്കൂര്‍ മുമ്പ്. 'അതേ... നമ്മള്‍ തമ്മില്‍ കല്ല്യാണം കഴിക്കുന്നത് എന്റെ അച്ഛനും അമ്മയ്ക്കും അനിയനും ഇഷ്ടമാണെങ്കിലും എന്റെ മറ്റ് ബന്ധുക്കള്‍ക്കൊന്നും ഇഷ്ടമല്ല സാറേ... സാറിനറിയാമല്ലോ ട്യൂഷന്‍ഫീസ് തരുന്നത് പോലും ചേച്ചിയാണ്...' സാറോ... ? ഉം... അതേ... വടക്കുംനാഥനിലെ ആ മോഹന്‍ലാല്‍ കഥാപാത്രം പോലെ തന്നെ. അന്ന് കണ്ണുനിറഞ്ഞ കണ്ണീര്‍ അവളുടെ കാല്‍പാദത്തിലൂടെ ഒഴുകിയത് പിന്നെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ചിരിച്ചിട്ടുണ്ട്... ഹും... പ്രേമം പോലും... ഗള്‍ഫില്‍ പോകണം എന്ന് വാശിപിടിച്ചത് സ്വപ്നയ്ക്ക് വേണ്ടി മാത്രമായിരുന്നു. പാസ്പോര്‍ട്ട് എടുക്കാന്‍ അമ്മ പണം തന്നപ്പോഴേക്കും സ്വപ്ന പ്രണയവുമായി തിരികെ നടന്നിരുന്നു. അന്ന് തീവണ്ടിയിലെ സുഹൃത്തുക്കളുമായി മറൈന്‍ ഡ്രൈവിലേക്ക്... പാസ്പോര്‍ട്ടിന് തന്ന പണം പെപ്സിക്കൊപ്പം ഇഴുകി പുണര്‍ന്ന മദ്യത്തിലൂടെ അകത്താക്കി. സ്വപ്നയെ പാടേ മറക്കാന്‍ ശ്രമിച്ച് ശ്രമിച്ച്.... സ്നേഹമില്ലാത്തവള്‍...
നാല് മണിക്കൂര്‍ മുമ്പ് പ്രാണന്‍പറിച്ചെടുക്കുന്നവേദനയോടെ അവള്‍ കരയുന്നത് കണ്ടിട്ടും ചുരുളന്‍മുടിയില്‍ തലോടി ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്തപ്പോള്‍ നടത്തത്തിന് വേഗം കൂട്ടി. സമീപത്തെ ക്ഷേത്രത്തില്‍ പോയിരിക്കുകയാണ് അവളുടെ വയസ്സായ അച്ഛനും അമ്മയും. അനിയന്‍ സൗരവ് ഐടിഐ കഴിഞ്ഞ് അളിയനൊപ്പം വിദേശത്തേക്ക് പോയത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പിറ്റേ ദിവസമായിരുന്നു. സ്വപ്നയുടെ രണ്ടരവയസ്സുകാരന്‍ ടോയികാറില്‍ മുറ്റത്തിരിക്കുന്നു. ഈ തൃസന്ധ്യയില്‍ അവനിങ്ങനെ ഒറ്റയ്ക്ക്... ഇനി സ്വപ്ന കുളിക്കുകയോ മറ്റോ ആണോ... തൃസന്ധ്യാനേരത്താണ് പണ്ടേ അവളുടെ കുളിശീലം. കുഞ്ഞിനടുത്തേക്കെത്തി അവനെ വാരിയെടുക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു ഉമ്മറപ്പടിയില്‍ ഭിത്തിയില്‍ തലചാരി അഴിച്ചിട്ട ചുരുളന്‍ മുടിയിഴകളുമായി നാല് മണിക്കൂര്‍ മുമ്പ് കണ്ട ജീന്‍സും കാക്കമുട്ടനിറത്തിലെ ടോപ്പുമിട്ട് ആകാശത്തേക്ക് കണ്ണുനട്ടിരിക്കുന്ന സ്വപ്നയെ കണ്ടത്... ഈ സന്ധ്യാനേരത്ത് ഇരുള് മൂടിയ ആകാശത്തേക്ക് എന്താണ്ടവള്‍ നോക്കുന്നത്.... നീയൊരു പൊട്ടിയാണല്ലോ ആരാ നിന്നെ ഈ പൊട്ടത്തരമൊക്കെ പഠിപ്പിച്ചത്...? എന്ന ചോദ്യത്തിന് എപ്പോഴും ഒരേ മറുപടിയേ ഉണ്ടായിരുന്നുള്ളൂ... അതൊരു വലിയപൊട്ടനല്ലേ പഠിപ്പിച്ചത്... ഈ തവണ പക്ഷെ പൊട്ടനായത് സുധിതന്നെയാണ് സ്വപ്നയുടെ കണ്ണുകള്‍ ആകാശത്തേക്കായിരുന്നില്ല. ഹാലജന്‍ ലൈറ്റ് മെല്ലെ പ്രകാശം ചൊരിഞ്ഞ പോസ്റ്റിന്റെ ഒരാള്‍പൊക്കത്തിലുണ്ടായിരുന്ന പോസ്റ്ററിലായിരുന്നു. പ്രിയസഹയാത്രികന്‍ സുധിക്ക് കണ്ണീരോടെ വിട!


5 Comments
കഥയുടെ ഗുമ്മിനു വേണ്ടി പറഞ്ഞതല്ല എന്നു വായിച്ചപ്പോൾ മനസിലായി. സുധിക്ക് കണ്ണീരോടു വിs.
ReplyDeleteനന്നായിരിക്കുന്നു.
നന്നായി..അഭിനന്ദനങ്ങൾ
ReplyDeleteരാജൻ കൈലാഡ്
Deleteരാജൻകൈലാസ്
Deleteനന്നായി..അഭിനന്ദനങ്ങൾ
ReplyDelete