ഐ സി യു വില്‍ താന്‍ കണ്ട ഒരു പിതാവിന്റെയും മകളുടെയും സ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയിലൂടെ ജീവിതത്തിലെ ചില നിര്‍ണ്ണായക നിമിഷങ്ങളെ ഇ-ദളം വായനക്കാരുമായി പങ്കുവയ്ക്കുകയാണ് ഡോക്ടര്‍ അനില്‍ കുമാര്‍.
ഏതാണ്ട് 22 വര്‍ഷവും 6 മാസവും മുന്‍പ് ഒരു ചക്ക ഇടാന്‍ പ്ലാവില്‍ കയറിയപ്പോള്‍ പിടി വിട്ട് വീണതാണ് ഇവിടെ പരാമര്‍ശിക്കുന്ന രോഗി. നട്ടെല്ലിന് പരിക്ക് പറ്റി രണ്ടു കാലുകളും തളര്‍ന്നു. താമസിയാതെ രണ്ടു വൃക്കകളും കേടായി. ഒരേ ഒരു മകള്‍ക്കു അന്ന് 6 മാസം പ്രായം. ജീവന്‍ നിലനിര്‍ത്താന്‍ ആഴ്ചയില്‍ 2 പ്രാവശ്യം ഡയാലിസിസ് തുടരുന്നു.
അടുത്തകാലത്തായി തുടരെ തുടരെ ഉള്ള ശ്വാസംമുട്ട്, കാരണം തീരെ കിടപ്പിലായി. പൃഷ്ഠഭാഗത്തു ചെറുതായി തുടങ്ങിയ മുറിവ് പിന്നെ അതിവേദന ഉള്ള, ഉണങ്ങാത്ത bed sore ആയി. ഇതൊക്കെ ഉണ്ടെങ്കിലും മുടങ്ങാതെ ഭാര്യയും മകളും ഡയാലിസിസ്‌ന് കൊണ്ട് വരുന്നുണ്ടായിരുന്നു.
മകള്‍ക്കു ഇപ്പോള്‍ 23 വയസ്സ്. 6 വര്‍ഷമായി ഡയാലിസിസ് യൂണിറ്റില്‍ വെച്ച് ഞാന്‍ കാണുന്നു. ഇപ്പോള്‍ അണുബാധ കലശലായി കൈകാലുകള്‍ മുഴുവന്‍ നീരായി, പ്രതികരണശേഷി ഇല്ലാതെ, ഇടക്കിടക്ക് മാത്രം ബോധം തെളിയുന്ന അവസ്ഥയില്‍ icu വില്‍ ഉണ്ട്.
മൂന്നു പ്രാവശ്യം പള്ളിയില്‍ നിന്ന് പുരോഹിതന്‍ വന്നു പ്രാര്‍ഥിച്ചു. ഭാര്യയോ, പുരോഹിതനോ, ഞങ്ങളോ എത്ര വിളിച്ചാലും ഒരനക്കവും ഇല്ലാത്ത അദ്ദേഹം തന്റെ മകള്‍ വിളിക്കുമ്പോള്‍ മാത്രം ചെറുതായി മൂളുന്നതും, മകളെ വേദന കടിച്ചമര്‍ത്തി തല തിരിച്ചു നോക്കുന്നതും ഹൃദയഭേദകമായ കാഴ്ചയാണ്. ഇടക്കിടക്ക് ബോധം ചെറുതായി തെളിയുമ്പോള്‍ 'എന്റെ മോളെവിടെ ' എന്നു മാത്രം ചോദിക്കുന്നതും, മകള്‍ കൊടുത്താല്‍ മാത്രം അല്പം കഞ്ഞിയും, മരുന്നും കഴിക്കുന്നതും ആയ കാഴ്ച, പലതും കണ്ടു മരവിച്ച ഞങ്ങളുടെ കണ്ണുകള്‍ പോലും നിറയ്ക്കും.
പല വലിയ ആശുപത്രികളും ഇനി ഒന്നും ചെയ്യാന്‍ ഇല്ല എന്നു വിധി എഴുതി ഞങ്ങള്‍ക്ക് എങ്ങനെ രക്ഷിക്കാന്‍ കഴിയും എന്നു ചിന്തിച്ചില്ല. ഇനി ഇവിടുന്ന് ഒരിടത്തും കൊണ്ട് പോകുന്നില്ല എന്നു തീര്‍ച്ചയാക്കിയ ബന്ധുക്കള്‍ക്ക് ഇനി ഒരിടത്തും കൊണ്ട് പോയിട്ട് കാര്യമില്ല എന്നു കരുതിക്കാണും.
അദ്ദേഹത്തിന്റെ മകള്‍ക്കു ഞങ്ങള്‍ ഇടക്കിടക്ക് ഐ സി യു വില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കി. മകളുടെ സാമീപ്യവും, മകള്‍ പറയുമ്പോള്‍ മാത്രം ചലിക്കുകയും അനുസരിക്കുകയും ചെയ്യുന്ന കാഴ്ച, പല ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഐസിയു സ്റ്റാഫുകള്‍ ഒരുപോലെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എല്ലാം കണ്ടുകൊണ്ടിരുന്ന എനിക്ക് പലപ്പോഴും ഐസിയു സ്തംഭിച്ച പോലെ തോന്നി. മകളുടെ മാത്രമല്ല മിക്ക സ്റ്റാഫിന്റെ കണ്ണുകളും നിറഞ്ഞതായി കണ്ടു. എല്ലാരും കൈവിട്ടു ഇനി രക്ഷപെടാന്‍ സാധ്യത തീരെ ഇല്ലാത്ത ഈ രോഗിയെ വീണ്ടും വീണ്ടും ഭൂമിയില്‍ തന്നെ പിടിച്ചുനിര്‍ത്തുന്നത് എന്തായിരിക്കും ? അദ്ദേഹത്തിന്റെ ശരീരത്തിന് അതിനു കഴിയില്ല എന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. പിന്നെയുള്ളത് മനസ്സും അതിന്റെ ആത്മാവ് എന്ന സ്‌നേഹം ആണ്.
രണ്ടു കാലുകളും തളര്‍ന്ന് , രണ്ടു വൃക്കകളും കേടായി, 22 വര്‍ഷത്തോളം മനസ്സുകൊണ്ട് മകള്‍ക്ക് വാരി കോരി കൊടുത്ത ആ സ്‌നേഹത്തിനു മുന്നില്‍ ജീവന്‍ എടുക്കാന്‍ വന്ന ദൈവങ്ങള്‍ പോലും പകച്ചു നിന്നു കാണും. ഫ്യൂമിഗേഷന്‍ പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ ഐസിയു അണുവിമുക്തമായി ശുദ്ധിയാകും.
എന്നാല്‍ അവിടുത്തെ മനുഷ്യ മനസ്സുകളെ ശുദ്ധീകരിക്കാന്‍ ഈ ആഴത്തിലുള്ള സ്‌നേഹത്തിനു മാത്രമേ കഴിയു കരുതി കാണും.
രാവിലെയും ഉച്ചക്കും മകള്‍ സ്വന്തം കൈകൊണ്ടു ഭക്ഷണം വാരി കൊടുത്തു. ഭക്ഷണത്തിനു ശേഷം ക്ഷീണം കൊണ്ട് അല്പം മയങ്ങി എന്ന് തോന്നി.
ഏതാണ്ട് മൂന്ന് മണി ആയി കാണും. അദ്ദേഹത്തിന്റെ അനക്കം തീരെ കുറഞ്ഞു വന്നതായി കണ്ടു.. 'മോളെ ' എന്ന് മുഴുവനും വിളിക്കാതെ ഞങ്ങളെ എല്ലാം വിട്ടു പോയി.
![]() |
| courtesy: etsy |
മകളുടെ കരച്ചില്‍ ആണ് ഐ സി യു നിറഞ്ഞു നിന്നത്. ആ ആശുപത്രിയിലെ എല്ലാ സ്റ്റാഫുകളും മാറി മാറി ആ അച്ഛനെ കാണാന്‍ വന്നു. ആ രോഗിയും മകളും എന്റെ മാത്രം കഥാപാത്രങ്ങള്‍ ആയിരുന്നു എന്നു അതുവരെ ഞാന്‍ കരുതിയിരുന്നു. എന്നാല്‍ മനുഷ്യസ്‌നേഹവും അതില്‍ നിന്ന് ഉയരുന്ന ദു:ഖവും എല്ലാരും ഒരുപോലെ കാണുന്നു പങ്കുവെക്കുന്നു എന്ന സത്യം വീണ്ടും തെളിഞ്ഞിരിക്കുന്നു.
ആ രണ്ടു കഥാപാത്രങ്ങള്‍ ആകാന്‍ ആര്‍ക്കും ഇഷ്ടം ഇല്ല. പക്ഷെ ആ രണ്ടുപേരെയും മനസ്സിലേറ്റി ആരാധിക്കാന്‍ എല്ലാവരും എത്തി. എല്ലാരും പറയുന്നത് ഒരേ കാര്യം. 'എത്ര കാലമായി ഈ വേദനയും, കഷ്ടപ്പാടും അനുഭവിക്കുന്നു സാര്‍, ഇപ്പോള്‍ പോയത് തന്നെ നല്ലത് '.
അത് ശരിയാണോ എന്നറിയില്ല, പക്ഷെ ആ മകളുടെ ദുഃഖം ആണ് ദുഃഖം. ! അതു മുഴുവനും ആ കരച്ചിലില്‍ കാണാം. ആരെകൊണ്ട് ആശ്വസിപ്പിക്കാന്‍ കഴിയും ?
നീണ്ട 20 വര്‍ഷത്തെ ഐസിയു ജീവിതത്തില്‍ മരണങ്ങളും നിലവിളികളും ധാരാളം കടന്നുപോയി. ഒരു ദിവസം കൂടെ ജീവിച്ചിരുന്നെങ്കില്‍ എന്നല്ലാതെ മറ്റൊന്നും മനസ്സില്‍ വരുന്നില്ല. ആ അച്ഛന് ഉള്ള ഗുരുതര രോഗാവസ്ഥയെക്കാളും, അദ്ദേഹം അനുഭവിക്കുന്ന കഠിനവേദനയെക്കാളും എത്രയോ ഇരട്ടി വലുതാണ് ആ മനസ്സുകളുടെ തേങ്ങലുകള്‍. ഒരിടത്തും നിന്നും എനിക്കാശ്വാസം കിട്ടും എന്നു തോന്നുന്നില്ല. എന്നും ഓടിക്കയറാറുള്ള വയലാറിന്റെ വരികള്‍ക്കും ദുഃഖം തന്നെ. മരിക്കുമ്പോള്‍ മാത്രമല്ല ജനിക്കുമ്പോഴും ദുഃഖം മാത്രമാണത്രെ !
'ഓമന തിങ്കളില്‍ ഓണം പിറക്കുമ്പോള്‍
താമര കുമ്പിളില്‍ പനിനീര് '
'ഓണം പിറന്നാലും, ഉണ്ണി പിറന്നാലും,
ഓരോ കുമ്പിളില്‍ കണ്ണീര്,
മണ്ണില്‍ ഓരോ കുമ്പിളില്‍ കണ്ണീര് '
മനസ്സില്‍ ഉണ്ടാകുന്ന ദുഃഖങ്ങള്‍ മനസ്സിനും ശരീരത്തിനും നല്ലതാണോ, ചീത്തയാണോ എന്നു ഇന്നും സംശയം. നൂറുകണക്കിന് രോഗികള്‍ തന്റെ നെഞ്ചില്‍ കിടന്നു മരിച്ചിട്ടും ഐ സി യുവിലെ കട്ടിലുകള്‍ എന്തെ കരയാത്തത്? വെറും വിഡ്ഢി ചോദ്യമായി തോന്നാം. 90% ആളുകളുടെയും ജീവന്‍ പോകുന്നത് ഐസിയു വിലെ കട്ടിലുകളില്‍ നിന്നാണ്.
ഇങ്ങനെ പോയാല്‍ പത്തുമുപ്പതു തലമുറകള്‍ കടന്നുപോയാല്‍ പിന്നെ വരുന്ന ഐസിയു ഉപകരണങ്ങള്‍ കരയുകയും ചെയ്യുമായിരിക്കും ?



0 Comments