നിയമത്തിന്റെ നൂലാമാലകളറിയാത്ത സാധാരണക്കാര്‍ അത്യാവശ്യ ങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളിലെത്തുമ്പോള്‍ ഒരു പാട് 'നടത്തിക്കുന്ന' കഥകള്‍ ഒട്ടേറെ കേട്ടറിഞ്ഞിരിക്കുന്നു നമ്മള്‍. സര്‍ക്കാര്‍ സേവനം സുതാര്യ മാക്കുവാനും വേഗത്തിലാക്കുവാനും പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററു കളില്‍ ചിലതെങ്കിലും ഇപ്പോള്‍ പഴയ സര്‍ക്കാര്‍ ഓഫീസുകളേക്കാള്‍ ഗംഭീരമായി 'നടത്തിക്കല്‍' പ്രക്രിയ ചെയ്തുകൊണ്ടിരിക്കുന്നു. വളരെ വേഗത്തില്‍ തീര്‍പ്പാക്കേണ്ട പല സര്‍ട്ടിഫിക്കറ്റുകളും ലഭിക്കാതെ വലയുന്ന ധാരാണം സാധാരണജനങ്ങള്‍ നാട്ടിലുണ്ട്.
ഇത്രയും പറഞ്ഞത് നിലവിലെ സ്ഥിതികള്‍. ഈ പ്രശ്‌നങ്ങളുമായി ആരോട് പരാതി പറയും...? എവിടെ നിന്ന് അതിനുള്ള നിയമവശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും... ? അതിനുള്ള പരിഹാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന കലേഷ് കലാലയത്തിന്റെ പോസ്റ്റ്.
ലാന്‍ഡ് റവന്യു ഡിപ്പാര്‍ട്ട്‌മെന്റിലെ എല്‍ഡി ക്ലാര്‍ക്ക് തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്ന കലേഷ് ഒരു വര്‍ഷക്കാലം സര്‍ട്ടിഫിക്കറ്റ് സീറ്റില്‍ ജോലി ചെയ്തതില്‍ നിന്നുണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ് ദിവസം ഫെയ്‌സ്ബുക്കില്‍ പൊതുജനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനത്തെ സംബന്ധിച്ച് വ്യക്തമാക്കുന്ന കുറിപ്പിട്ടത്. മിക്ക അക്ഷയ കേന്ദ്രങ്ങളും നല്ലരീതിയില്‍ ജനസേവനം ചെയ്യുന്നുണ്ടെങ്കിലും ചിലതെ ങ്കിലും ഇപ്പോഴും പൊതുജനങ്ങളുടെ അജ്ഞതയെ മുതലാക്കി ലാഭം കൊയ്യാന്‍ ശ്രമിക്കുമ്പോള്‍ കലേഷ് കലാലയത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെപൂര്‍ണ്ണ രൂപം:

ലാന്‍ഡ് റവന്യൂ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ലഭിക്കേണ്ട സാക്ഷ്യപത്രങ്ങള്‍ക്ക്(സര്‍ട്ടിഫിക്കറ്റുകള്‍ക്ക്) ഇ-ഡിസ്ട്രിക്റ്റ് എന്ന സോഫ്റ്റ്വെയര്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അപ്രൂവ് ചെയ്തവ ഡൗണ്‍ലോഡ് ചെയ്യുന്നതിനും ടി സോഫ്റ്റ്വെയറിന്റെ സഹായം വേണം.
നെറ്റ് കണക്ഷന്‍ ഉള്ള കമ്പ്യൂട്ടറും സ്‌ക്യാനറും പ്രിന്ററും മാത്രമേ ഇതിനു ആവശ്യമായുള്ളൂ.
നിലവില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാത്തവരെയും സ്വന്തമായി ടി ഉപകരങ്ങള്‍ ഇല്ലാത്തവരേയും സഹായിക്കാന്‍ ,സൗജന്യ സഹായം അല്ല കാശ് മേടിച്ചിട്ടു സഹായിക്കാന്‍ വേണ്ടിയാണ് അക്ഷയ സെന്റര്‍ പോലുള്ള ജനസേവനകേന്ദ്രങ്ങള്‍ ഷട്ടര്‍ തുറന്നിരിക്കുന്നത്.
ടി കേന്ദ്രങ്ങള്‍ രണ്ടു തരത്തിലുണ്ട്.
100 ശതമാനം മാന്യമായും സത്യസന്ധമായും പ്രവര്‍ത്തിക്കുന്നവയും ഒരു ശതമാനം പോലും ടി കാര്യങ്ങള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നവയും.
രണ്ടാമത്തെ സൂചനയില്‍ പറയുന്ന തരം ഒരു സെന്ററില്‍ മുതലാളിയുടെ തലയ്ക്ക് മുകളില്‍ ഭിത്തിയില്‍ വില്ലേജ് ഓഫീസര്‍ എന്ന് പ്രിന്റ് ചെയ്ത് ഒട്ടിച്ചിരിക്കുന്നത് കണ്ടു.
പണ്ട് സര്‍ക്കാര്‍ ഓഫീസുകളുടെ മുന്‍പില്‍ ധാരാളം ഉണ്ടായിരുന്ന ഇന്ന് വിരളമായി മാത്രം കാണുന്ന അപേക്ഷകള്‍ പൂരിപ്പിക്കുവാനും എഴുതി തരുവാനും പേപ്പറും പേനയും ഉപയോഗിച്ചു കൊണ്ടിരുന്നവരുടെ പരിഷ്‌കരിച്ച രൂപമാണ് ഇത്തരം ജനസേവന കേന്ദ്രങ്ങള്‍.
ഒരു നിശ്ചിത സാക്ഷ്യപത്രത്തിനു വില്ലേജ് ഓഫീസറോ തഹസീല്‍ദാരോ അവശ്യപെടാത്ത രേഖകള്‍ പോലും അക്ഷയയിലെ സാറിന്റെ നിര്‍ദേശ പ്രകാരം പാവം ജനങ്ങളുടെ കയ്യില്‍ നിന്നും വാങ്ങി അപ്ലോഡ് ചെയ്യും,എങ്കിലേ മേടിക്കുന്ന കാശ് റൗണ്ട് ഫിഗര്‍ ആക്കി നിര്‍ത്താന്‍ പറ്റൂ.
ടി ജനസേവനകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമല്ല,റേഷന്‍ കടപോലെ തന്നെ ഒരു ലൈസെന്‍സി നടത്തുന്ന ഒരു കട മാത്രം.
അവരെ ഭയപ്പെടേണ്ട,വിധേയത്വവും വേണ്ട.
നിങ്ങള്‍ കൊടുക്കുന്ന കാശിന് നിങ്ങളെ സേവിക്കാന്‍ ഇരിക്കുന്നവര്‍ മാത്രം.
ഒരുപാട് പേരുടെ അനുഭങ്ങളാണ് ഇത് കുറിക്കുവാന്‍ പ്രേരിപ്പിച്ചത്.
സത്യസന്ധമായും മാന്യമായും ജോലിചെയ്യുന്ന പ്രിയസുഹൃത്തുക്കളേ നിങ്ങള്‍ തുടരുക.
*കലേഷ് കലാലയം*

0 Comments