ഉദ്യോഗസ്ഥചട്ടവും ആനവണ്ടി ഡിപ്പോയും | ശനിയന്‍

ബരിമലയും അയോദ്ധ്യയും അവിടെ കിടക്കട്ടെ ആദ്യം മനുഷ്യന്റെ പ്രാഥമികാവശ്യങ്ങള്‍ കഴിഞ്ഞിട്ടുപോരേ സമത്വവും സാമുദായികവും പ്രസംഗിക്കുന്നത്. അല്ല ഈ സമത്വം പറയുന്ന ആളുകള്‍ വിഐപി ക്യൂവില്‍ ഉന്തും തള്ളും ഇല്ലാതെ ഇഷ്ടദേവതയേയോ മെത്രാനെയോ കാണുന്നതിന് ഒരു പ്രശ്‌നവും ഇല്ലേ? അതു പിന്നെ പണം ഉള്ളവനല്ലേ, സമത്വം അവര്‍ക്ക് ആവശ്യമില്ലല്ലോ.
ഞാന്‍ പറയുവാന്‍ വന്നത് എന്തായാലും വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമല്ല സുഹൃത്തുക്കളേ, സാധാരണക്കാരന്റെ യാത്രാക്ലേശത്തെ പറ്റിയാണ്. ശനിപിടിച്ച ഒരു വകുപ്പാണ് മഞ്ഞ, പച്ച, നീല, വെള്ള എന്ന വര്‍ണ്ണങ്ങളില്‍ ഓടുന്ന നമ്മുടെ ആനവണ്ടി. മാവേലിയുടെ പേരുള്ള നാട്ടില്‍ ഈ പറഞ്ഞ ആനവണ്ടിക്ക് ഒരു ഡിപ്പോയുണ്ട്. അവിടെ നിന്നും പാലക്കാട്ടേക്കും തിരിച്ച് വരാന്‍ പാകത്തില്‍ ഒരു പീതവര്‍ണ്ണ ശകടവും. തമാശ എന്താണെന്നു വെച്ചാല്‍ നല്ല തിരക്കുള്ള റൂട്ടാണ് അതുകൊണ്ടുതന്നെ മിക്കവാറും ഈ ട്രിപ്പ് ഡിപ്പോയിലെ സമയ വിവര പട്ടികയില്‍ ഒതുങ്ങുകയാണ് പതിവ്. ഡ്രൈവറെ തീരുമാനിക്കുന്നത് കവടി നിരത്തിയോ റൊട്ടോഷന്‍ അനുസരിച്ചോ അല്ല, കാരണവരുടെ അഹിതം  പിടിച്ചു പറ്റുന്നവര്‍ക്കും, പറഞ്ഞാല്‍ കേള്‍ക്കാത്തവര്‍ക്കും വേണ്ടിയാണ് എന്ന് അസൂയാലുക്കള്‍ പറയുന്നു. അത് എന്തോ ആകട്ടെ, ലാഭമുള്ള റൂട്ടാണേല്‍ എന്താ മുതലാളീ ബസ്സിറക്കിയാല്‍...? 6:10ന്റെ വണ്ടിയുടെ സാരഥി വരുമോ ഇല്ലയോ എന്ന് അറിയണേല്‍ 6:09 ആവുമായിരിക്കും. ഇങ്ങനെ ഡിപ്പോ നടത്തി ലാഭം ഉണ്ടാക്കി മിക്കവാറും ഇത് പൂട്ടാനുള്ള സാധ്യത വിദൂരമല്ല, ആ സമയം സോഷ്യല്‍മീഡിയയില്‍ കണ്ണീരുമായി വരരുത്.

റീചാര്‍ജ്, റേഞ്ച് എന്നിവയോട് എന്നന്നേക്കുമായി സലാം പറഞ്ഞേക്കൂ... ഐഡിയ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയവ അന്ത്യശ്വാസം വലിച്ചുകിടപ്പുണ്ട്. ആകെയുള്ളത് ഒരു ജിയോയും. ഇത്രയും വലിയ വമ്പന്മാര്‍ക്ക് എങ്ങനെ ഇങ്ങനെ ഒരു അടികിട്ടി എന്ന് ചോദിക്കുന്നവരോട് ഒരു കാര്യം. ആനുകൂല്യങ്ങള്‍ വാരിവിതറി ജനക്ഷേമം മാത്രം മുന്നില്‍ കണ്ട് ദീരുബായുടെ ചെക്കന്‍ തന്ന സമ്മാനങ്ങള്‍ ദൂരെ നിന്നു കണ്ടവര്‍ക്കറിയാം പിന്നീട് ഈ ആനുകൂല്യങ്ങള്‍ എങ്ങനെ ആയി എന്ന്. അഞ്ഞൂറു രൂപയ്ക്ക് ഫോണും കണക്ഷനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒഴിയാ ബാധയായി. നെറ്റ് ഓഫറും അങ്ങനെ തന്നെ. ഒരു ജനാധിപത്യരാജ്യത്ത് മന്ത്രവടിയുമായി ഒരു കമ്പനി മാത്രം എങ്ങനെ എന്നു ചോദിക്കുന്നവരോട് ടെക്ലോളജി അല്ല ഇപ്പോഴും ഉദ്യോഗസ്ഥചട്ടത്തിനാണ് ഇവിടെ അധികാരം എന്നു പറയുന്നവരും ഉണ്ട്.

കൊല്ലത്ത് നിന്ന് തേനിക്ക് ഒരു ദേശീയപാത ഉണ്ടുപോലും. ഈ പറയുന്നത് പോലെ ദേശീയം ഒന്നും അല്ലെങ്കിലും ഒരു പാതയാണ്. ഇതുവഴി പോകാം എന്ന് കരുതുന്നവരോട് ഒരു വാക്ക്. ഈ പാതയില്‍ കയങ്ങള്‍ കാണപ്പെടാം, കൊക്കകള്‍ കാണപ്പെടാം ഇവയെ താഴ് വരയും അരുവികളും ആക്കി എടുക്കുന്ന ജോലി അതാത് പ്രദേശത്തെ നല്ല മനസ്സുകള്‍ക്കാണ്. വളവോ ജംക്ഷനോ ഉണ്ടെന്നതു കവടിനിരത്തി വേണം അറിയാന്‍. ഗൂഗിള്‍ മാപ്പിനു പോലും പിടികിട്ടാത്ത ഒരു പാതയാണിത്. കൊടി കുന്നില്‍ വെച്ചാലും താഴെ വെച്ചാലും ഈ വഴി നിശ്ചയമില്ലാത്ത അല്പബുദ്ധികളായ മനുഷ്യര്‍ക്ക് അപകടം നിത്യദുരിതമാണിവിടെ. സീറ്റ് തരപ്പെടുത്താന്‍ ഇങ്ങനെ കുരുതി കൊടുക്കണോ എന്നാണ് വോട്ട് ചെയ്യാത്ത പാവം വോട്ടര്‍മാര്‍ ചോദിക്കുന്നത്.

വെണ്‍മണിയിലെ കൊലപാകം സായുധസജ്ജരായ പൊലീസ് പിടിച്ചുവത്രേ. നല്ലകാര്യം. അന്യസംസ്ഥാന തൊഴിലാളികളെ വെണ്‍മണിയില്‍ നിന്നും ആട്ടി ഓടിക്കണം എന്നാണ് നാട്ടുകാര്‍ പറയുന്നത്. അല്ലാ... ഒന്നു ചോദിക്കട്ടെ നൂറും ഇരുനൂറും ലാഭം നോക്കി നിങ്ങള്‍ തന്നെയല്ലേ ഇവരെ ഇവിടെ കൊണ്ടുവന്നത്? പെരുമ്പാവൂര്‍ ഉള്‍പ്പെടെ  ഉണ്ടായപ്പോഴും അവരുടെ കരബലത്താല്‍ ആള്‍ താമസം ഇല്ലാത്ത വീടകള്‍ കെട്ടിപ്പൊക്കിയപ്പോള്‍ ഓര്‍ത്തില്ലേ ഇത്? വിദേശത്തുള്ള മക്കള്‍ പണം അയച്ചപ്പോള്‍ മാളിക കെട്ടി ഉയര്‍ത്തിയപ്പോള്‍ ആവശ്യമാണോ ഇത് എന്ന് ഓര്‍ത്തി ശരി, മലയാളികളെ വിളിച്ചാല്‍ കൂലി കൂടുതല്‍ എന്ന സിദ്ധാന്തം പറഞ്ഞ് പാവപ്പെട്ട അന്യസംസ്ഥാനക്കാരെ ലോഡ് കണക്കിനു ഇറക്കിയപ്പോള്‍ സേട്ടാ ഇങ്ങനെ ഉള്ളരും വരും എന്ന് ഓര്‍ത്തില്ലേ...? ഓര്‍ത്തില്ലങ്കില്‍ അതിന്റെ തെറ്റ് പൊലീസിനാണോ?

വാല്‍ക്കഷ്ണം: കവികളെ കൊണ്ടുള്ള ശല്യം വളരെയായിക്കഴിഞ്ഞു. നീണ്ട വരികള്‍ അറ്റം വെട്ടി ഒരു സംഘം ബുദ്ധിജീവികളുടെ ഇടയില്‍ വിളമ്പി കവി എന്ന് പറയുന്നതാണോ ശരിക്കും ഈ കവി എന്ന ജീവി? മറ്റുള്ളവരെ വളരാന്‍ വിടാരാതെ ദീക്ഷയില്‍ നരകയറിയാല്‍ ബുദ്ധിജീവിയാകുമോ...? അറിയില്ല, എന്റെ കൈലാസനാഥാ നീ തന്നെ തുണ!!!



ഇ-ദളത്തില്‍ നിങ്ങളുടെ കഥ, കവിത, നോവല്‍, ലേഖനം, പുസ്തക നിരൂപണം, ചിത്രങ്ങള്‍, വാര്‍ത്ത, ഫീച്ചര്‍ എന്നിവ പ്രസിദ്ധീകരിക്കുവാന്‍, നിങ്ങളുടെ സ്വന്തം രചനകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫെയ്‌സ്ബുക്ക്/ട്വിറ്റര്‍ ഐഡി ഉള്‍പ്പെടെ താഴെ കാണുന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയക്കുക. ഇ-മെയില്‍ അയക്കുവാനും സൗകര്യമുണ്ട്. ഇ-മെയില്‍ ഐഡി e-delamonline@gmail.com
വാട്ട്‌സ് ആപ്പ് നമ്പര്‍
8592020403




Post a Comment

1 Comments

  1. Antony P.J AlappuzhaSaturday, November 16, 2019

    രസകരം... പ്രസക്തം... ചിന്തോദ്ദീപകം... 👍👍

    ReplyDelete