ഞാന്‍ നാറാണത്ത് ഭ്രാന്തന്റെ സോദരിയോ | അഞ്ജു.പി.ബാബു

ചെറുകഥ
അഞ്ജു.പി.ബാബു

കോരിത്തരിപ്പിക്കുന്ന തണുപ്പിനെ ചെറുക്കുവാനായി കറുത്ത പുതപ്പുമിട്ട് മൂടിപ്പുതച്ചു കിടക്കുന്ന സുന്ദരമായ വാനിടം...നിശയുടെ നിശബ്ദതയില്‍ രാപാടികള്‍ പോലും മൗനമായി കഴിഞ്ഞു...പക്ഷേ... എനിക്ക് ഉറങ്ങാനായില്ല...
 ഓര്‍മയുടെ ചിറകിലേറി ഭൂതകാലത്തിലേക്ക് പറന്നു നീങ്ങി... സന്തോഷം നിറഞ്ഞുനിന്ന നിമിഷങ്ങള്‍... എല്ലാവര്‍ക്കും എല്ലാവരോടും സ്‌നേഹം മാത്രം...
 ആനി മോള്‍ പഠനത്തില്‍ മിടുക്കി ആയിരുന്നു.... മുഖത്ത് സന്തോഷം വിടരുന്നു... പഠിച്ച് വലുതായി ഡോക്ടര്‍ ആകണമെന്നായിരുന്നു അവളുടെ ആഗ്രഹം. പക്ഷേ..... വാക്കുകള്‍ ഇടറി, മിഴികള്‍ നിറയുന്നു...
 വര്‍ക്കിച്ചായന് പാറമടയിലെ പണിയാണ്. പണി കഴിഞ്ഞു വന്നാല്‍ പിന്നെ മക്കളും ഒന്നിച്ച് ചിരിയും വര്‍ത്തമാനങ്ങളും ആയിരുന്നു. പണി ഇല്ലാത്ത ദിവസങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് പുറത്തുപോയി സാധനങ്ങളൊക്കെ വാങ്ങും. കണ്‍മഷിയും വളയും ഒക്കെ വാങ്ങാന്‍ കുട്ടികള്‍ കാണാതെ ആംഗ്യഭാഷയില്‍ എന്നോട് പറയുമായിരുന്നു. മുഖത്ത് നാണത്തോട് കൂടിയ ചിരി വിടരുന്നു.
 അലന്‍ മോന്‍ ഭയങ്കര കുസൃതിയാ.. അവന് എന്നോട് ആയിരുന്നു കൂടുതല്‍ അടുപ്പം... കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു... അവന് മഴ ഭയങ്കര ഇഷ്ടമായിരുന്നു... ഒടുവില്‍ ആ മഴ തന്നെ... വാക്കുകള്‍ മുറിയുന്നു... പുത്തനുടുപ്പും പുതിയ സഞ്ചിയും ഒക്കെ ഇട്ട് പുള്ളികുടയും ചൂടി അച്ഛന്റെ കയ്യും പിടിച്ച് സ്‌കൂളിലേക്കുള്ള പോക്ക്... ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
 അന്നും പതിവുപോലെ അവര്‍ സ്‌കൂളില്‍ പോയി. വര്‍ക്കിച്ചായന്‍ പാറമടയിലെ പണിക്കും. ഉച്ചതിരിഞ്ഞ സമയം... വിണ്ണാം അമ്മയുടെ ജഠരത്തില്‍ നിന്നും ധരയുടെ മാറിലേക്ക് നൂലിഴ പോലെ ഒഴുകിയിറങ്ങുന്ന മഴയുടെ സൗന്ദര്യം ആസ്വദിച്ച് ഞാന്‍ വരാന്തയില്‍ ഇരിക്കുകയായിരുന്നു...
 പെട്ടെന്ന് എല്ലാം തകര്‍ന്നു വീഴുന്നത് പോലെ ഒരു വലിയ ശബ്ദം... തുടര്‍ന്ന് കരച്ചിലും മുറവിളിയും ഉയര്‍ന്നു വന്നു. ഉള്ളൊന്നു പിടഞ്ഞു... എന്തോ അപകടം സംഭവിച്ചു എന്നു മനസ്സിലായി... പക്ഷേ എവിടെ,?? എങ്ങനെ??എന്ന ചോദ്യം ആദ്യം മനസ്സില്‍ നിറഞ്ഞു. പുറത്തുകൂടി ഓടുന്നവരില്‍ ആരോ പറയുന്നത് കേട്ടു, ഉരുള്‍പൊട്ടല്‍ ആണെന്നും എല്ലാം തകര്‍ന്നടിഞ്ഞു എന്നും. ഉള്ളിലെ തേങ്ങല്‍ ധാര ധാരയായി മിഴികളിലൂടെ ഉതിര്‍ന്നിറങ്ങി. എല്ലാവരും ഓരോ ഇടങ്ങളിലാണ്. വര്‍ക്കിച്ചന്‍ പാറമടയില്‍, മക്കള്‍ സ്‌കൂളില്‍. അവര്‍ക്കൊന്നും പറ്റരുതേയെന്ന് എല്ലാ ദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു.
 നിമിഷങ്ങള്‍ക്കകം ആ വാര്‍ത്തയും എന്റെ കാതിലെത്തി. എന്നെ തനിച്ചാക്കി എല്ലാവരും പോയി. വര്‍ഷം എട്ടു കഴിഞ്ഞെങ്കിലും എല്ലാം മായാതെ കണ്ണുകളില്‍ തെളിഞ്ഞു കാണാം.
 ങ്ഹാ ഉറങ്ങണം.... നേരം ഏറെ വൈകി, അതി രാവിലെ എഴുന്നേല്‍ക്കണം. മറ്റുള്ളവരുടെ കണ്ണില്‍ ഞാനിന്നൊരു ഭ്രാന്തിയാണ്, 'നാറാണത്തു ഭ്രാന്തന്റെ സോദരിയാണ്'...അവനെ തെറ്റുപറയാന്‍ പറ്റില്ല. പ്രഭാതം മുതല്‍ സന്ധ്യ വരെ, അടിവാരത്ത് നിന്നും പാറക്കഷണങ്ങള്‍ ചുമന്ന് മലമുകളില്‍ എത്തിക്കുന്ന എന്നെ പിന്നെ എന്തു വിളിക്കണം... ചിരിക്കുന്നു.
 എനിക്കറിയാം, പാറപൊട്ടിക്കലും മരം മുറിക്കലും ഒക്കെയാണ് എന്റെ പ്രിയപ്പെട്ടവരുടെ ജീവനെടുക്കാന്‍ കാരണമായതെന്ന്. അതിനാല്‍ ഈ പാറക്കഷണങ്ങള്‍ ഞാന്‍ മുകളിലേക്ക് ചുമന്ന് കയറ്റും. ഇതിലൂടെ പ്രകൃതിയില്‍ വലിയ മാറ്റമൊന്നും വരില്ലയെന്നും എനിക്കറിയാം. പക്ഷേ, ഇത് ചരിത്രമാകും... വരാനിരിക്കുന്ന തലമുറയ്ക്ക് ഒരു മുന്നറിയിപ്പാകും. പ്രകൃതിയെ സ്‌നേഹിച്ചു പരിപാലിക്കുന്നവരായി അവരെങ്കിലും മാറണം....

'നമുക്കും കൈകോര്‍ക്കാം... പ്രകൃതിയുടെ നന്മയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്യാം..... ഒരമ്മയുടെ കണ്ണുനീരും ഇനി ഈ മണ്ണില്‍ വീഴാതിരിക്കട്ടെ'....
________________



Post a Comment

4 Comments


  1. Chechi , valare nalla oru cherukatha.eniyum kooduthal kathakal pretheeshikunu. Ennepole ulla ezhuthukaru eth oru inspiration anu. Thank you for uploading this story.

    ReplyDelete
  2. ഈ കഥ ക്ക് ഒരു വ്യത്യസ്തത ഉണ്ട്. വീണ്ടും എഴുതുക. അഭിനന്ദനങ്ങൾ

    ReplyDelete
  3. സിദ്ദിഖ് കൊച്ചുണ്ണിTuesday, January 14, 2020

    നാറാണത്തുഭ്രാന്തന് സോദരി?
    ചെറുതെങ്കിലും ഇഷ്ടായി.

    ReplyDelete