പായല്‍പ്പൂവ് | ജസ്റ്റിന്‍ പി ജയിംസ്






കവിത


തിരനോട്ടം നീളുന്ന
തിരിഞ്ഞുനോട്ടങ്ങൾ.
മറവി കടാക്ഷിക്കാത്തവ!

പഴയ വാടകവീട്.
അതിർത്തി വരച്ച
കൈത്തോടുകൾ,
മൂവാറ്റുപുഴയാറിന്റെ
വേരുപടലങ്ങൾ.

അച്ഛൻ മരിച്ചപ്പോൾ
വല്ലാതെ വിളർത്തുപോയ
പെൺകുട്ടിയെപ്പോലെ,
കലങ്ങിത്തെളിയാത്ത
ആഴങ്ങളിൽ
കായൽക്കാറ്റ് പടർത്തിയ
പായൽപ്പൂവുകൾ.
വെള്ള പകർന്ന
കരിനീല നിറമുള്ളവ.

അത്രയൊന്നും
ഞാൻ ശ്രദ്ധിച്ചിട്ടില്ലാത്തവ.

കണ്ട നേരങ്ങളൊക്കെയും,
അന്ധൻ
ആണിപ്പഴുത് തൊടും പോലെ-
യിന്നും ഹൃദ്യം.
ചില കാലങ്ങളിൽ
സൂര്യ വെളിച്ചത്തിൽ
വിടർന്ന്
എട്ടുകാലിയുടെ
കരളുറപ്പോടെയങ്ങനെ.
ചിലപ്പോൾ
വാടിത്തളർന്ന്
നഷ്ടബോധത്തിന്റെ
ശോകത്തളർച്ചയിൽ.

ഒന്നുറപ്പാണ്;
പായൽപ്പൂവുകളുടെ
സൂചിമുന സൗന്ദര്യത്തിലുണ്ട്,
അട്ടഹാസമാലേഖനം ചെയ്ത
ഒരു തുള്ളി കണ്ണുനീർ.
തകർച്ചയിലും ഉണർച്ചയിലും
അതിൽ നിന്നു-
മെന്നിലേക്കെത്തിയ
ഉച്ചവെയിൽ ചിരിമുദ്രകൾ.
പാതിര നിലാപ്പുഞ്ചിരികൾ.

ഇനി പറയട്ടെ,

നീ
എത്രയാവർത്തി ശ്രമിച്ചിട്ടും
തുറക്കപ്പെടാത്ത
എന്റെ ഹൃത്തിന്ന-
ജ്ഞാത അറ പോൽ,
അടരാത്ത ചേർച്ചയുടെ
അനർഘനിമിഷത്തിൽ
കൈമാറാനായി
ഒളിപ്പിക്കപ്പെട്ട
മനസ്സിന്നറകളാണവ.
ഓരോ പായൽപ്പോളകളും.

നീ കാത്തിരിക്കുക.
--------------------------------------------------
ഇ-ദളം ഓണ്‍ലൈനില്‍ നിങ്ങളുടെ കഥ, കവിത, ലേഖനം, നോവല്‍, വാര്‍ത്താ ഫീച്ചര്‍, സത്യസന്ധമായ വാര്‍ത്തകള്‍ എന്നിവ എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫോട്ടോയും എഫ്.ബി/ട്വിറ്റര്‍ ഐഡി സഹിതം 8592020403 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്കോ edelamonbline@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കുക.

Post a Comment

2 Comments

  1. വ്യത്യസ്തയുണ്ട് കവിതയ്ക്ക്. അഭിനന്ദനങ്ങള്‍

    ReplyDelete
  2. രാമകൃഷ്ണൻ മാന്നാർThursday, January 09, 2020

    കഥ കേട്ടറിയുന്ന അനുഭവം. ജെസ്റ്റിന് ഇനിയും മികച്ച രചനകൾക്ക് കഴിയട്ടെ. ആശംസകൾ

    ReplyDelete