ഓണത്തിന്റെ ഓര്‍മ്മകള്‍ | കവിത

Image Courtesy  Google
കലെകുന്നിന്‍ മീതെ നിറഞ്ഞു വെണ്‍മേഘങ്ങള്‍ 
അകന്നു കരിമുകില്‍ തെളിഞ്ഞു നീലാകാശം 
അണഞ്ഞു പൊന്നിന്‍ചിങ്ങം വിരിഞ്ഞു തുമ്പപ്പൂക്കള്‍
 അണിഞ്ഞു മരതക ചേലകള്‍ 
വയലേലകള്‍ നിറയും ആനന്ദത്താല്‍ ഒഴുകി പൂഞ്ചോലകള്‍ 
നിനവിന്‍ സംഗീതമായി തഴുകി മന്ദാനിലന്‍  
നിരന്നു നന്ത്യാര്‍വട്ടം വെള്ളിത്താലവുംഏന്തി...  

നിറഞ്ഞു മനസ്സില്‍ എന്‍ ആനന്ദതുടിപ്പുകള്‍ 
വിജനമാകും  മുറ്റത്ത് ഒരിക്കല്‍കൂടി വീണ്ടും വിടര്‍ത്താന്‍ 
അത്തപ്പൂക്കള്‍ പുളകം വിതയ്ക്കുവാന്‍ 
വീണ്ടുമാ തെക്കേ മാവിന്‍   
കൊമ്പത്ത് ഒരു ഊഞ്ഞാല്‍ കെട്ടി      
വീഴാതെ പിടിച്ചിട്ട് ചില്ലാട്ടം പറക്കുവാന്‍ 
ചിരിച്ചു മൂളിപ്പാട്ടും പാടി വന്നെത്തിടും 
ചിത്രശലഭങ്ങളെ പോലെയായി തീര്‍ന്നീടു വാന്‍ 
 ചിരിച്ചു കലപില പാടുന്ന കിളികളെ 
ചിരിച്ചു കളിയാക്കി കൂകുവാന്‍ വീണ്ടും മോഹം  നിറയും 
നക്ഷത്രത്തിന്‍ പൂക്കളാല്‍ വാനം വീണ്ടും ഒരുക്കും 
ഒരു സന്ധ്യ മാവേലി മന്നനായി. 

ഒരുങ്ങും ആ സന്ധ്യയില്‍  ഉത്രാട സന്ധ്യാദീപം 
ഒളി തൂകും നേരം ചെന്നണയാന്‍  വീണ്ടും മോഹം. 
ഒരിക്കല്‍ക്കൂടി നിലാവുറയും നിശയിലാ 
ഓണത്തിന്‍ തുടി പാട്ടു 
കേള്‍ക്കുവാന്‍ ആശിപ്പു  ഞാന്‍.  
ഒരുങ്ങാന്‍ ഓണക്കോടി ഉടുക്കാന്‍
 വെമ്പല്‍ കൊള്‍വു 
ഒരുമിച്ചൊരു ദിനം ആഘോഷിച്ചിടാന്‍  വീണ്ടും.
   
ഒഴുകും കണ്ണീരൊപ്പി തെളിയും മനസ്സോടെ 
ഒടുവില്‍ നമ്മെ കാത്തു തളരും മിഴിയോടെ.     
ഒരുവാക്കോതാന്‍ വെമ്പി വിടരും മുഖത്തോടെ       
ഒരു സംഗമത്തിനായി അമ്മ കാത്തിരിപ്പുണ്ടാം.  
വരവായ് ഓണക്കാലം വരുമോ പ്രിയ മക്കള്‍ വഴിയില്‍ 
കണ്ണുംനട്ട് കാത്തിരിപ്പുണ്ടാവും അച്ഛന്‍... 
വലിഞ്ഞുമുറുകീടും 
മനസ്സില്‍ തന്ത്രികള്‍ വീണ്ടുമൊന്ന് 
അയയ്ക്കുവാന്‍ സന്തോഷം വിതയ്ക്കുവാന്‍. 

ഒടുവില്‍ ചെന്നെത്തിയ കരപല്ലവങ്ങളില്‍  
ഓണക്കോടി കള്‍ വെച്ചു സന്തോഷിപ്പിക്കാന്‍ മോഹം. 
ഒഴുകും കണ്ണീര്‍ വീണ്ടും നിറയും 
സന്തോഷത്താല്‍ ഒരുമിച്ചിടും... 
പിന്നേ യാത്രയും പറഞ്ഞിടും...

Post a Comment

1 Comments