നിശാഗന്ധികള്‍ പൂക്കുന്നിടം | ഉഷാചന്ദ്രന്‍


കവിത
ഉറക്കമില്ലാത്ത രാവുകളില്‍
നീയണിഞ്ഞ വിശുദ്ധന്റെ
പിഞ്ചിയ മുഖപടം 
കീറിയെറിഞ്ഞ്,
സത്യസന്ധതയുടെ സുതാര്യമായ
നിലാവെളിച്ചത്തിലേയ്ക്ക് ഇറങ്ങി വരിക.

അപ്പോള്‍,  ഹൃദയ നൈര്‍മ്മല്യം
പൊന്‍കിരണങ്ങളായ്
നിന്നില്‍ പ്രകാശിക്കും.

സര്‍ഗ്ഗചേതനയില്‍ സമാധിയിരുന്ന 
ഭാവനാ ശലഭങ്ങള്‍
പുറം തോടിളക്കിക്കളഞ്ഞ്
ചക്രവാളസീമകള്‍ തേടി
അനന്തതയിലേക്ക്
ചിറകു വിരിക്കും

പാല്‍പഥത്തില്‍ പൂര്‍ണ്ണചന്ദ്രന്‍
സാക്ഷിനില്‍ക്കെ,
കോടാനുകോടി നക്ഷത്രങ്ങള്‍
നിന്നോട് പുഞ്ചിരിക്കും.

ഭൂമിയില്‍ നിശാഗന്ധികള്‍ പൂത്തിറങ്ങും.

പൂവിന്റെ ഹൃദ്യസുഗന്ധവും പേറി
ആഴിപ്പരപ്പിലൂടെ,
നീയെഴുതിയ കവനത്തിന്റെ
അര്‍ത്ഥവും ആഴവും തേടി
പശ്ചിമദിക്കില്‍ നിന്നും
ഒരിളംകാറ്റൊഴുകിയെത്തും.

അതിമനോജ്ഞമായ
നിന്റെ പ്രണയകാവ്യത്തിനുള്ള
പാരിതോഷികമായി
കാറ്റിന്റെ  നനുത്ത കൈകളില്‍
നിലാപ്പക്ഷികള്‍ കൊടുത്തയച്ച
സുവര്‍ണ്ണമൊട്ടുകള്‍
അവര്‍ നിനക്കായ് സമ്മാനിക്കും.

അന്ന് നിന്റെ സ്വപ്നങ്ങള്‍ക്കു ചിറകുമുളച്ച്, 
അവ ആകാശത്തോളം പറന്നുയരും.
*********

Post a Comment

1 Comments