ഇച്ഛാശക്തിയെ ഉണര്‍ത്തി കഠിന പ്രയത്‌നത്തിലൂടെ തന്റേതായ കര്‍മ്മ മണ്ഡലത്തില്‍ വിഹരിക്കുന്ന അപൂര്‍വം ചില അനുഗ്രഹീത വിസ്മയങ്ങളില്‍ ഒരാളായ കേരളത്തിന്റെ കാഞ്ഞങ്ങാട്ടു പുത്രന്‍ ആദി ആണിന്നത്തെ അതിഥി. ഇന്ദ്രജാലം കൊണ്ട് സഹൃദയരെ കോരിത്തരിപ്പിക്കുന്ന വിശ്വവിഖ്യാതനായ മെന്റ്റലിസ്റ്റ്, പ്രിയ ആദിയുടെ ലോകത്തേക്ക് ഏവര്‍ക്കും സ്വാഗതം.
മെന്റ്റലിസ്റ്റ്, ഇല്യൂഷനിസ്റ്റ്, തോട്ട് സ്റ്റീലര്‍, ഡിസെപ്ഷന്‍ അനലിസ്റ്റ്, നോണ്‍-വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പെര്‍ട്ട് അങ്ങനെ ആദിക്കു വിശേഷണങ്ങള്‍ ഏറെയാണ്.
'മെന്റ്റലിസ്റ്റ്' (Mentalist) എന്നതിന്റെ മലയാള പരിഭാഷ തേടി അലയുകയായിരുന്ന മലയാളിക്ക് ഇന്ന് മെന്റ്റലിസ്റ്റ് എന്നാല്‍ ആദി ആണ്. കേരളത്തിന് മെന്റ്റലിസം അത്ര പരിചിതമാവാതിരുന്നത് ഒരു പരിധിവരെ അതിന്റെ ആഴവും, പരപ്പും, വൈവിധ്യവും നിഗൂഢതയും കൊണ്ടു തന്നെയായിരിക്കാം. മാജിക്കിന്റെ മോസ്റ്റ് സൊഫിസ്റ്റിക്കേറ്റെഡ് ഫോം ആണ് മെന്റ്റലിസം, അതായത് മെന്റ്റലിസം ഒരു മോസ്റ്റ് മോഡേണ്‍ മാജിക് ആകുന്നു. ഈ അപൂര്‍വ്വ കല സൈക്കോളജി, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം (എന്‍.എല്‍.പി), ബോഡി ലാംഗ്വേജ്, മൈക്രോ എക്‌സ്‌പ്രെഷന്‍സ്, ഹിപ്‌നോസിസ്, കോള്‍ഡ് റീഡിങ്, മാജിക് തന്ത്രങ്ങള്‍ തുടങ്ങിയ അനേകം ശാഖകളുടെ ഒക്കെ അംശങ്ങള്‍ ചേര്‍ക്കപ്പെടുകയും ഇവയൊക്കെ ക്രോഡീകരിച്ചു തന്ത്രപരമായി മെനെഞ്ഞെടുത്ത അറിവുകള്‍ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ പുതിയ ഭാവത്തിലെത്തിച്ച് മെയ്യ് വഴക്കത്തോടെ പ്രേക്ഷകനു മുന്നില്‍ അവതരിപ്പിച്ച് അസാധ്യമെന്നതിനെ അനുഭവവേദ്യമാക്കുക എന്ന ഏറെ ശ്രമകരമായ ജോലി തന്‍മയത്ത്വത്തോടെ ചെയ്തു തീര്‍ക്കുന്നൊരു പ്രതിഭയാണ് മെന്റ്റലിസ്റ്റ്. അഞ്ചു ഇന്ദ്രിയങ്ങളും ഏറ്റവും സൂക്ഷമതയോടെ ഉപയോഗിച്ച് ആറാമത്തെ ഇന്ദ്രിയത്തിന്റെ മിഥ്യാബോധം ഉണ്ടാക്കിയെടുത്ത് മനോഹര കലയാക്കി മാറ്റുകയാണ് ആദി ചെയ്യുന്നത്. അനേകം വ്യാപ്തികളുള്ള മെന്റ്റലിസം മാജിക്കിന്റെ ഏറ്റവും സങ്കീര്‍ണമായ രൂപമാണ്. അനുവാചക ലോകത്തെ ഞെട്ടിപ്പിക്കുന്ന ഈ മെന്റ്റലിസത്തിന്റെ ഇന്ദ്രജാലം ഇത്രയും ജനപ്രിയമാക്കിയതിന്റെ പങ്ക് ആദിക്ക് മാത്രം അവകാശപ്പെട്ടതാണ്. മാത്രമല്ല ജനപ്രിയമായതു കൊണ്ട് തന്നെ ധാരാളം യുവാക്കള്‍ മെന്റ്റലിസത്തിലേക്കു കടന്നു വരുന്നു എന്നുള്ളത് ഇതൊരു ജനകീയ കലയാകുന്നു എന്നതിന് തെളിവാണ്.
ആദി എന്ന മെന്റ്റലിസ്റ്റിന്റെ സ്വാധീനമാണ് 'പ്രേതം' സിനിമയിലെ 'ജോണ്‍ ബോസ്‌കോ' എന്ന കഥാപത്രത്തിനാധാരം. അതിലെ പ്രേതവും ആത്മാവും സംവിധായകന്റെ സങ്കല്‍പം മാത്രമാണ്. കൂടാതെ ആദി പലപ്പോഴും സിനിമാരംഗത്തും തന്റെ സേവനം ലഭ്യമാക്കുന്നുണ്ട്.
മാന്ത്രികനില്‍ നിന്നും വ്യത്യസ്തമായി മെന്റ്റലിസ്റ്റിന്റെ സബ് ജക്റ്റ് മനുഷ്യ മനസ്സാണ് എന്നതാണ് മെന്റ്റലിസത്തിന്റെ വെല്ലുവിളി. അതായത് നാമറിയാതെ നമ്മിലേക്ക് ഒരു ചിന്ത പകരുകയും ആ ചിന്തയിലൂടെ നമ്മെ വിഹരിപ്പിക്കുകയും ചെയ്യുന്നു. ശേഷം സദസ്സിനു മുന്നില്‍ മെന്റ്റലിസ്റ്റ് അത് പ്രവചിക്കുമ്പോള്‍, 'നമ്മുടെ മനസ്സ് വായനയുടെ' കൃത്യതയില്‍ അനുവാചകന്‍ അത്ഭുത പരതന്ത്രനാവുന്നു. അവിടെയാണ് മെന്റ്റലിസ്റ്റിന്റെ വിജയം. തികച്ചും പുതുമ നിറഞ്ഞ വിഷയങ്ങളിലൂടെ, താന്‍ സ്വയം തീര്‍ക്കുന്ന വലയത്തിലേക്ക് പ്രേക്ഷകനെ അനുയോജ്യമായ തന്ത്രത്തിലൂടെ തത്സമയം എത്തിക്കുന്നിടത്താണ് ആദി എന്ന മെന്റ്റലിസ്റ്റ് ലോക പ്രശസ്ത മെന്റ്റലിസ്റ്റുകള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തനാവുന്നതും ഏറെ സ്വീകാര്യനാകുന്നതും.
ശാസ്ത്രവും കലയും ഒരുപോലെ ഇഴുകി ചേര്‍ന്ന ഒന്നാണ് മെന്റ്റലിസം. ഒരു മെന്റ്റലിസ്റ്റ് അടിസ്ഥാനപരമായി മുഖഭാവം, ദൃഷ്ടിയുടെ ചലനം, ശരീര ഭാഷ ഇവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് അതൊക്കെയും ബുദ്ധിപരമായി കോര്‍ത്തിണക്കി ഒരു വ്യക്തിയുടെ ചിന്തകളെ വായിച്ചെടുക്കുന്നു. ചിന്തകളേയും പെരുമാറ്റങ്ങളേയും കൗശലപൂര്‍വം കൈകാര്യം (manipulate) ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റ്റലിസ്റ്റ് (mentalist).സാധാരണമായ ആശയവിനിമയങ്ങളില്ലാതെ മറ്റൊരാളുടെ ചിന്തയെ മനസ്സിലാക്കാന്‍ (non-verbal communicate expert) കഴിയുന്ന ഒരു മെന്റ്റലിസ്റ്റ് തീവ്ര പരിശീലനത്തിലൂടെ ആണിത് നേടി എടുക്കുന്നത്. ചിന്തയുടെ വ്യതിയാനം അതിന്റെ ചെയ്തികള്‍ പൂര്‍ണമായും മനസ്സിലാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എല്ലാം ഒരു കുടക്കീഴില്‍ നിലനിര്‍ത്തി വായന നടത്താന്‍ ശ്രമിക്കുന്നു. അതായത് മാനസികഭാവം (mental action), ബോധം (consciouness), ഘടന (structure) അതിന്റെ പ്രതികരണങ്ങള്‍ അങ്ങിനെ എല്ലാം മെന്റ്റലിസ്റ്റിനു കൃത്യമായി അറിയാന്‍ സാധിക്കുന്നു. കല (art) ശാസ്ത്രം (science) മനഃശാസ്ത്രം (psychology) മാന്ത്രികം (magic) ബുദ്ധിപൂര്‍വ്വം മനസ്സിന്റെ യാത്രയെ വഴിതിരിച്ചു വിടല്‍ (misdirection), അപാരമായ പ്രദര്‍ശന വൈദഗ്ധ്യം (showmanship), ചിന്തകളെ അപഹരിക്കല്‍ (thought stealer), കളവുകള്‍ കണ്ടുപിടിക്കല്‍ (deception analist), ബുദ്ധിപൂര്‍വ്വം കാണികളെ കൈയ്യിലെടുക്കല്‍, സദസ്സിലെ ആളുകളെ മനസ്സിലാക്കി അവസരത്തിനനുസരിച്ചുള്ള നീക്കങ്ങള്‍ ആവിഷ്‌ക്കരിക്കല്‍ ഇങ്ങനെ ഒട്ടനവധി അറിവുകളുടേയും മാനസിക വ്യാപാരങ്ങളുടെ നിയന്ത്രണ തന്ത്രങ്ങളുടേയും സംഗമം ആണ് ആദി. തന്മയത്വത്തോടെയും, സ്വതസിദ്ധമായ എളിമയോടെയും സദസ്സിനെ നേരിടുന്ന അപൂര്‍വം ചില പ്രതിഭകളില്‍ ഒരാള്‍. മെന്റ്റലിസം എന്ന പ്രതിഭാസം ജനങ്ങളിലേക്ക് ആവേശകരമായി എത്തിച്ചതിലുള്ള ആദിയുടെ പങ്ക് വളരെ പ്രസക്തമാണ്.
മാനസികേന്ദ്രീയജാലം, സ്വയമുണര്‍വ് നേടാനുള്ള പാടവം കൂടാതെ കൃത്രിമമായി ഉറക്കാനും ദൃഷ്ടിഗോചരമല്ലാത്തവയെ മന:ക്കണ്ണിലൂടെ കാണാനും, മനസ്സിന്റെ പരാക്രമം അറിയാനും അഭ്യൂഹങ്ങള്‍ സൃഷ്ടിച്ച് അമ്പരപ്പിക്കാനും, സുഗന്ധങ്ങളെ അനുഭവിപ്പിക്കാനും, ദ്രുതഗതിയില്‍ ഗണിതങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താനും എന്നു വേണ്ട അമ്പരപ്പിക്കുന്ന ഒട്ടെറെ വിദ്യകളിലൂടെ സദസ്സ്‌സിനെ ഉന്മാദത്തിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. കുറച്ചുസെക്കന്ഡുകള് കണ്ണുകളിലേക്കു നോക്കിയിരുന്ന് നമ്മുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന ആദി ഒരു പ്രതിഭ അല്ല
പ്രതിഭാസമാണ്. മനസ്സിന്റെ ചിന്തകളേയും സ്വഭാവത്തേയും മാറ്റി തന്റെ വറുതിയിലാക്കാന്‍ ആദിക്കു നിഷ്പ്രയാസം സാധിക്കുന്നു എന്നതാണ് ഓരോ സ്റ്റേജ് ഷോ കഴിയുമ്പോഴും അനുവാചകര്‍ തിരിച്ചറിയുന്നത്. മായിക കാഴ്ചകളെ പല ഉപായങ്ങളിലൂടെയും സമയ പരിധിക്കിടയില്‍ മാറ്റി മറിച്ച് ആസ്വാദകനെ അതിശയിപ്പിക്കുന്ന അപാര കൈ-മെയ്യ് വഴക്കമാണ് ആദിക്കുള്ളത്. പഠനവും പരിശീലനവും ഒരിക്കലും അവസാനിക്കുന്നില്ലെന്നു അംഗീകരിക്കുന്ന ആദി ഇന്നും താനൊരു വിദ്യാര്‍ത്ഥി മാത്രമാണെന്ന് എളിമയോടെ പറയുന്നു. കൃത്യമായ ആവശ്യത്തിലേക്ക് ഒരാളെ അയാളറിയാതെ തന്നെ എത്തിക്കുന്ന ചിന്താസരണികളുടെ കെട്ടഴിച്ചാണു മെന്റ്റലിസം ശക്തമാവുന്നത്.
ഒരു ശരാശരി മനുഷ്യന്‍ അവന്റെ തലച്ചോറിന്റെ അഞ്ച് ശതമാനം പോലും ഉപയോഗിക്കുന്നില്ല എന്നതിനെ അനുകൂലിക്കുന്ന ആദി നമ്മുടെ വിദ്യാഭ്യാസ രീതിയെ പോസിറ്റീവായി മാറ്റാന്‍ ശ്രമിക്കുന്നു. പുതിയ ആശയങ്ങളും മൂല്യങ്ങളും ജീവിതഗന്ധിയായ സന്ദേശങ്ങളും, അനുഭവങ്ങളും കോര്‍ത്തിണക്കി നൂതനമായ വിദ്യാഭ്യാസ രീതിക്കു തുടക്കം കുറിക്കാനുള്ള പദ്ധതിയും ആദിയുടെ ചിന്തയിലുണ്ട്. അവനവന് ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ കൂടി പ്രാവീണ്യം നേടാനുമുള്ള വേദി ആവണം വിദ്യാലയം. അന്ധവിശ്വാസങ്ങള്‍ക്കെതിരേയും സമൂഹത്തെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരേയും പോരാടാന്‍ തന്റെ ഷോകള്‍ ഉപയോഗിക്കുന്നു ആദി. തെറ്റായ സമീപനം മൂലം ഇന്നത്തെ മനുഷ്യര്‍ക്ക് അവരവരുടെ മാനുഷിക കഴിവുകളെ പോലും പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നു, താന്‍ നേടിയതിലൊന്നും അമാനുഷികതയില്ല എന്ന് ആദി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. ആത്മസമര്‍പ്പണവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍, തീവ്രപരിശ്രമം മതി, ആര്‍ക്കും ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കാം. അത്ഭുതമെന്നും അതീന്ത്രിയമെന്നും തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന മാനസിക വ്യാപാരങ്ങളെ പൊളിച്ചടുക്കി, ശാസ്ത്രത്തിനൊപ്പം നിന്ന്, വ്യാജന്മാരാല്‍ തകര്‍ക്കപ്പെടുന്ന സാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിച്ച്, സാമൂഹ്യ അനീതിക്കെതിരെ കൈകോര്‍ത്ത്, പുതു തലമുറയുടെ നന്മക്കായി പ്രവര്‍ത്തിക്കുക എന്ന സാമൂഹിക പ്രതിബദ്ധത കൂടി തന്റെ മെന്റ്റലിസമെന്ന കര്‍മ്മപഥത്തിലൂടെ ആദി നിര്‍വ്വഹിക്കുന്നു.
കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്-ചെമ്മട്ടംവയല്‍ സ്വദേശിയായ ആദി 1986-ല്‍ നെല്ലിക്കാട്ട് ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛന്‍ ഗംഗാധര പൊതുവാള്‍ ഗാന്ധിയനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. അമ്മ ലീല, വീട്ടമ്മയെങ്കിലും നല്ലൊരു കലാഹൃദയത്തിനുടമ കൂടിയാണ്. മൂന്നു മക്കളില്‍ ഇളയ മകനായ ആദി സ്‌കൂള്‍ പഠനത്തിനിടയിലും ജാല വിദ്യകള്‍ കാട്ടുന്ന അസാധാരണ പ്രതിഭയുള്ള കുട്ടിയായിരുന്നു. ചെറുപ്പത്തിലേ നിഗൂഢതകളോട് ഏറെ പ്രിയമുണ്ടായിരുന്നതിനാല്‍ കോളേജ് പഠന ശേഷം എറണാകുളത്ത് മള്‍ട്ടീമീഡിയ ആനിമേഷന്‍ കോഴ്‌സ് പഠിക്കുന്നതോടൊപ്പം തന്റെ ചിന്തകളെ പരിപോഷിപ്പിക്കാന്‍ മനസ്സിന്റെ വ്യാപാരവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അന്വേഷണവുമായി ലൈബ്രറികളില്‍ ഏറെ സമയം ചിലവഴിച്ചിരുന്നു. തുടര്‍ന്ന് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറുടെ കീഴില്‍ നാലു വര്‍ഷത്തോളം മനഃശാസ്ത്രത്തില്‍ ഉപരിപഠനം നേടി. വിദേശ രാജ്യങ്ങളിലെ കഠിനമായ ഗവേഷണ പഠനങ്ങള്‍ ക്രമേണ ആദിയെ തന്റെ ലക്ഷ്യത്തിലേക്കെത്തിച്ചു.
മനസ്സിന്റെ വ്യാപാരം തേടിയുള്ള ആദിയുടെ ത്യാഗം നിറഞ്ഞ യാത്ര അതിന്റെ പൂട്ട് തുറക്കുന്ന താക്കോലിലാണ് ചെന്നവസാനിച്ചത്. ഇരുപത്തിനാലോളം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട് ഇദ്ദേഹം. അമ്മൂമ്മയെ റോള്‍മോഡലായി കാണുന്ന ആദിയുടെ ആദ്യകാലം സംഭവബഹുലവും പ്രയാസമുള്ളതുമായിരുന്നു. എന്നാലിന്ന് അത്യുന്നതങ്ങളില്‍ വിഹരിക്കുകയാണ് ആദി. വിദ്യാര്‍ത്ഥിയായിരിക്കെ വിവേകാനന്ദസൂക്തം പോക്കറ്റില്‍ എന്നും സൂക്ഷിക്കാറുണ്ടായിരുന്ന ആദി, അന്നേ വേറിട്ട് നിന്നിരുന്നു. ഇന്ന് ഷോകളിലായാലും, മറ്റും പ്രേക്ഷകര്‍ക്ക് സന്ദേശങ്ങള്‍ പകരുന്നത് പല മഹാന്മാരുടേയും ഉദ്ധരണികളിലൂടെ ആണ് എന്നതും ശ്രദ്ധേയമാണ്. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ള പുരാണകഥകളും അച്ഛന്റേയും ചില അധ്യാപികമാരുടേയും സ്വാധീനവും തന്റെ ലക്ഷ്യപ്രാപ്തിക്കു വളമേകി എന്ന് ആദി നന്ദിപൂര്‍വ്വം സ്മരിക്കുന്നു. വിഷമഘട്ടങ്ങള്‍ താണ്ടി ലക്ഷ്യത്തിലെത്തിയ ആദി തന്റെ ഗ്രാമത്തില്‍ വിജയകരമായി പ്രദര്‍ശനം നടത്തി ആത്മസംതൃപ്തി നേടിയിട്ടുണ്ട്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും അകമഴിഞ്ഞ പിന്തുണയും സഹായവുമാണ് ഇന്ന് ആദിയുടെ ബലം.
ആദി ഒരു വൃക്ഷമായി പടര്‍ന്നു പന്തലിക്കുമ്പോള്‍ വെള്ളവും വളവും നല്‍കി കുടുംബമായി ഒരു കൂട്ടം 'ആദിസക്കാര്‍', നിരന്തരം സേവ ചെയ്യാന്‍ മനസ്സുള്ള ഒട്ടധികം പേര്‍ അണിചേര്‍ന്നിരിക്കയാണ്- 'ആദിസം' എന്ന പേരില്‍. അവരുടെ ആദ്യ സമാഗമം എറണാകുളത്തു വെച്ച് ആകസ്മിക ട്വിസ്റ്റുകള്‍ നല്‍കി ആദി ഗംഭീരമാക്കി. ഇന്ന് 'ആദിസം' സംഘടന ഔദ്യാഗികമായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കയാണ്.
അകാലത്തില്‍ പൊലിഞ്ഞ ജനപ്രിയ വയലിനിസ്റ്റ് ബാലഭാസ്‌കറും ഇല്ല്യൂഷനിസ്റ്റ് രാജമൂര്‍ത്തിയും ചേര്‍ന്ന് ഒരുക്കിയിരുന്ന 'മൈന്‍ഡ് ആന്‍ഡ് മ്യൂസിക്' (M) ഷോ ജനഹൃദയത്തെ ആവേശം കൊള്ളിച്ചിരുന്നു. മെന്റ്റലിസ്റ്റ് നിഗൂഢമായ (mysterious) കഥാപാത്രമായി, ബാലഭാസ്‌കറിന്റെ ഇമോഷണല്‍ ഫ്യൂഷനും ജാലവിദ്യക്കാരനായ രാജമൂര്‍ത്തിയുടെ ഇഇന്റ്റലക്ചറുല്‍ തമാശകളും മനോഹരമായി കോര്‍ത്തിണക്കി പ്രവചനാതീതമായ ക്ലൈമാക്‌സിലേക്ക് എത്തിക്കാറുള്ള എം (M) എന്ന ഷോ പല സ്റ്റേജുകളും ഇളക്കി മറിച്ചിരുന്നു. പ്രേക്ഷകന്റെ മനസ്സിലെ പാട്ടുകള്‍ കൃത്യമായി ബാലുവിന്റെ വയലിനില്‍ നൃത്തം വെച്ചപ്പോള്‍ കോരിത്തരിച്ചു പോകാറുണ്ടായിരുന്നു ആസ്വാദകര്‍. ആദിയിലൂടെ പ്രേക്ഷകന്റെ മനസ്സു വായിക്കാറുള്ള ബാലഭാസ്‌കര്‍ സ്വയം അത്ഭുതപ്പെടുമായിരുന്നു. അതുപോലെ മറ്റുള്ളവരുടെ ചിന്തകളും ചേഷ്ടകളും നിശബ്ദം ആസ്വദിക്കുകയോ മനസ്സിലാക്കുകയോ ചെയ്യുമ്പോഴും മുഖത്തെ പുഞ്ചിരി മായാതെ സൂക്ഷിക്കാന്‍ ആദിയും പ്രത്യേകം ശ്രദ്ധിക്കുന്നു.
ആദിയുടെ ഓരോ ഷോയും ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമാണ്. സന്ദര്‍ഭത്തിനനുസരിച്ച് അതി മനോഹരമായി, പ്രേക്ഷകനെ ഏതു ഭാവത്തില്‍, ചിന്തയില്‍ നിലനിര്‍ത്തണമെന്ന കൃത്യമായറിയുന്ന കൗശലക്കാരന്‍ ആണ് ആദി. സദസ്സിന്റെ സ്പന്ദനം അറിഞ്ഞു കൊണ്ട്, നൈമിഷികമായെടുക്കുന്ന തീരുമാനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. മിക്ക സ്റ്റേജ് ഷോകളിലും ജനം ഒന്നടങ്കം എഴുന്നേറ്റു നിന്ന് ആദരിക്കുന്നത് പതിവ് കാഴ്ചയാണ്. ആള്‍ക്കൂട്ടത്തിലിറങ്ങി തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എളിമയോടെ ഓരോരുത്തരേയും സംതൃപ്തരാക്കുമ്പോള്‍ ആദി എന്ന വ്യക്തിയില്‍ നിന്നും സമൂഹത്തിന് ഉള്‍കൊള്ളാന്‍ ഒരുപാട് പാഠങ്ങളുണ്ട്. ആര്‍ത്തിരമ്പുന്ന ആള്‍ക്കൂട്ടത്തെ കണ്ടു സംഘാടകര്‍ പോലും സ്തബ്ധരാകാറുണ്ട് അത്യാവശ്യം ഗാനവും ചിത്രരചനയും വഴങ്ങുന്ന ഒരു കലാകാരന്‍ കൂടിയാണ് ആദി.
സര്‍ക്കാരിന്റെ സഹായത്തോടെ കുട്ടികള്‍ക്കായി പ്രത്യേകം വിഭാവനം ചെയ്ത 'കണക്റ്റ്' എന്ന വലിയൊരു സംരഭം, കൂടാതെ പദ്മശ്രീ മോഹന്‍ലാലിനൊപ്പം അത്യുഗ്രന്‍ ഷോയുടെ പണിപ്പുരയിലാണ് ആദി ഇപ്പോള്‍. താരരാജാവിന്റെ അഭിനയപാടവവും ആദിയുടെ കൗശലവും ചേര്‍ന്നുള്ള അതിശയിപ്പിക്കുന്ന, 'നാടകം-ചലച്ചിത്രം-ശബ്ദം-വെളിച്ചം-ചലനം' തുടങ്ങിയവയുടെ ആവിഷ്‌കാരചാതുരി അരങ്ങിലെത്താന്‍ അധികം വൈകില്ല. ഈ ദൃശ്യാവിഷ്‌കാരം ഒരു ചരിത്രമാകുമെന്നു തന്നെ ആസ്വാദകര്‍ കരുതുന്നു.
2020, ഫെബ്രുവരി 28 ദുബായില്‍ ആദിസത്തിന്റെ ബാനറില്‍ ആദ്യമായി സമാരംഭിക്കുവാന്‍ പോകുന്ന Insomnia 2.O, മറ്റു എട്ടോളം രാജ്യങ്ങളിലും തുടങ്ങാനിരിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത്. 2020 ആരംഭത്തോടെ നിറഞ്ഞൊഴുകുന്ന ആസ്വാദകരുമായി സംവദിക്കാന്‍ ആദി, ചെറിയൊരു ഇടവേളയ്ക്കു ശേഷം ഇറങ്ങിത്തിരിക്കുകയാണ്. ഈ യുവമെന്റ്റലിസ്റ്റിന്റെ അതിശയിപ്പിക്കുന്ന പ്രകടനകള്‍ക്കു ലോകം അക്ഷമയോടെ കാതോര്‍ക്കുന്നു. അതനുഭവിക്കാന്‍ ഓരോരുത്തര്‍ക്കും ഭാഗ്യമുണ്ടാവട്ടെ. ഈ മാസ്മരികത ഇനിയും വിശ്വത്തില്‍ പടരട്ടെ.
നേരാം നമുക്ക് എല്ലാവിധ ആശംസകളും.
സുമ സതീഷ്, നീലേശ്വരം
BAHRAIN







0 Comments