കൊതിച്ചിരുന്നു | സുഗുണാ രാജന്‍ പയ്യന്നൂര്‍

ടയ്ക്കിടെ 
അതിഥിയായെത്താറുണ്ടവള്‍..... 

നാട്ടിലേക്ക്.... 
വീട്ടുമുറ്റത്തേക്ക്, അനുസരയില്ലാതെ 
ചിതറിക്കിടക്കുന്ന ഓര്‍മ്മചില്ലുകളില്‍.... 
ചിലപ്പോഴൊക്കെ  അടുക്കളപ്പടിയിലും... 

കാട്ടിലും മേട്ടിലും 
പുഴയുടെ മാറിലും 
ഓളങ്ങള്‍ ചേര്‍ത്ത് 
കിലുകിലെ ചിരിക്കാറുണ്ടവള്‍.... 

മണമില്ലാത്ത വേനല്‍പ്പൂക്കള്‍
കളം വരച്ച ജാലകച്ചില്ലില്‍ കാല്‍ചിലമ്പിട്ടടിച്ച് 
ലാസ്യനര്‍ത്തനമാടാറുണ്ടവള്‍...

നക്ഷത്രപ്പൂക്കള്‍ ചൂടി,  
നിശാഗന്ധിപ്പൂവിന്‍ 
മദഭരഗന്ധവുമായെത്തുന്ന രാപ്പെണ്ണിനെ 
കുളിരാടയുടുപ്പിച്ച് 
ഉന്മാദിയാക്കാറുണ്ടവള്‍.....

ചിലരുടെ
മനസ്സിലേക്ക്... 
കുടുകുടെ ചിരിപ്പിച്ചും 
അണച്ചു ചേര്‍ത്തും.... 
ഒഴിഞ്ഞഹൃദയത്തില്‍ 
മോഹങ്ങളുടെ മുല്ലപ്പൂക്കള്‍  
കുടഞ്ഞിടാറുണ്ടവള്‍..... 

ആദിയിലാശ്വാസവും,  
ആകാശം പോലെ സ്‌നേഹവും 
പിന്നെ കടലാഴം പോലെ കൗതുകവും 
സന്തോഷവുമായവള്‍.... 

ഇടയിലെപ്പോഴോ 
കണ്ണിലെ നീറ്റലായി 
പലരെയും 
കരയിപ്പിച്ചും 
വേദനിപ്പിച്ചും,  ഒടുവില്‍ വെറുപ്പിച്ചും... 

ഇതേവരെ 
നീ തിരികെ പോകാത്തതെന്തേയെന്നു 
ചോദിപ്പിച്ചുമവള്‍,  
എന്റെ പ്രിയ സഖി, 
മേഘം വിരിച്ചിട്ട കരിവേണിയായവള്‍ .....

Post a Comment

0 Comments