സചിത്ര ഫീച്ചര്‍
റാണിയും അമ്മിണിയും ചാലക്കുടി മൊബൈല്‍ ഫോറസ്റ്റ് സ്‌ക്വാഡ് ജീവനക്കാര്‍ക്ക് വെറും പേരുകളല്ല. കുറച്ചു ദിനങ്ങള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ ഇടപെട്ട പ്രിയപ്പെട്ട പേരുകളാണ്. എങ്കിലും അമ്മിണി ഇങ്ങനെ ചെയ്യുമെന്ന് അവര്‍ കരുതിയില്ല. അവള്‍ ചെയ്തത് കുറ്റകരമാണോ എന്നതു വേറെ കാര്യം... എങ്കിലും ദിവസങ്ങളോളം വിശപ്പ് സഹിച്ച അവള്‍ക്ക് ഒടുവില്‍ അതല്ലേ ചെയ്യാന്‍ കഴിയു എന്ന് സമാധാനിക്കുകയാണ് അവര്‍. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും റാണി, അമ്മിണി എന്നിവര്‍ ആരാണെന്ന്. അമ്മിണി ഒരു പെരുമ്പാമ്പാണ്. റാണിയാകട്ടെ അവള്‍ക്ക് വിശപ്പ് ശമിക്കാന്‍ നല്‍കിയ കോഴിയും. 
കഴിഞ്ഞ മാര്‍ച്ച് 17 നാണ് തൃശൂര്‍ കരുവന്നൂരില്‍ പുഴയുടെ തീരത്തു നിന്നും ഫോറസ്റ്റ് സ്‌ക്വാഡ് ഒരു വലിയ പെരുമ്പാമ്പിനെ പിടികൂടുന്നത്.തുടര്‍ന്ന് ഓഫീസിലെ കൂട്ടിലിട്ടു.കൂട്ടിലേക്ക് തുറന്നു വിടാന്‍ ഒരുങ്ങുമ്പോഴാണ് പാമ്പ് മുട്ടയിടുന്നതു കണ്ടത്.പിന്നീട് അധികാരികളുടെ പിന്തുണയോടെ പരിപാലിക്കാന്‍ തീരുമാനിച്ചു.ഇതിനിടയില്‍ താറാവ് മുട്ടകളേക്കാള്‍ വലിപ്പമുള്ള മുപ്പതോളും മുട്ടയിട്ടു അടയിരിക്കാനും തുടങ്ങി.ഒരു ദിവസം രാവിലെ 10 മുതല്‍ മൂന്നു് വരെയുള്ള സമയത്തിനുള്ളിലാണ് മുട്ടകള്‍ ഇട്ടത്.;അടയിരിക്കുന്ന അമ്മിണിക്ക് വിശക്കുന്നതും വനപാലകര്‍ക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ ഒരു ചെറിയ കോഴിയെ വാങ്ങി കൂട്ടിലേക്ക് ഇട്ടു. എന്നാല്‍ അടയിരിക്കുന്ന പെരുമ്പാമ്പ് കോഴിയെ തൊട്ടില്ലെന്ന് മാത്രമല്ല ഇരുവരും ചങ്ങാതിമാരെ പോലെ കഴിയാനും തുടങ്ങി. അടയിരിക്കുന്ന പാമ്പിന് കൂട്ടായി കോഴി മാറിയപ്പോള്‍ ഇരുവര്‍ക്കും സുന്ദരമായ പേരുകളും നല്‍കി. അങ്ങനെ പെരുമ്പാമ്പ് അമ്മിണിയും കോഴി റാണിയും ആയി. ദിവസങ്ങള്‍ കഴിഞ്ഞ് മുട്ടകള്‍ വിരിയാന്‍ തുടങ്ങിയതോടെ അമ്മിണിയുടെ സ്വഭാവം മാറി. കുഞ്ഞുങ്ങള്‍ ലോകം കാണാന്‍ തുടങ്ങുന്നതിനു മുമ്പേ അവള്‍ ഉറ്റ ചങ്ങാതിയെ അകത്താക്കി.പിറ്റേ ദിവസം രാവിലെ വനപാലകര്‍ എത്തിയപ്പോള്‍ കൂട്ടില്‍ റാണിയുടെ പൊഴിഞ്ഞു തിര്‍ന്ന കുറെ പൂടകള്‍ മാത്രം. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ ഓരോന്നും തല നീട്ടി പുറത്തേക്കെത്തിയിരുന്നു. ഒന്നും രണ്ടുമല്ല.. മുപ്പതു കുഞ്ഞുങ്ങള്‍. അവര്‍
കൂട്ടിനുള്ളില്‍ ശണ്ഠ കൂട്ടിയതോടെ റാണിയുടെ വേര്‍പാട് വേദനയായ വനപാലകര്‍ക്ക് പണി പാരയായി.തുടര്‍ന്ന് വനപാലകര്‍ കുഞ്ഞുങ്ങളെ ബക്കറ്റിനുള്ളിലാക്കിയാണ് പ്രശ്‌നം പരിഹരിച്ചത്. ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതോടെ പാമ്പിനെയും കുഞ്ഞുങ്ങളെയും അതിരപ്പിള്ളി വനത്തില്‍ കൊണ്ടുവിടുകയായിരുന്നു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ റ്റി..പി.രവീന്ദ്രന്‍, റിസ്‌കൂ വാച്ചര്‍ ഫിലിപ്പ് കൊറ്റനല്ലൂര്‍, ബീറ്റ് ഓഫീസര്‍മാരായ വി.പി.പ്രജീ
,കെ .സി .ലിജേഷ്, കെ.പ്രദീപ് കുമാര്‍ .പി.വി.ജിനി, അജിത്, പ്രശാന്ത് എന്നിവരായിരുന്നു റാണിയേയൂം അമ്മിണിയേയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നവര്‍.





0 Comments