തോട്ടപ്പള്ളിയിലെ കാറ്റാടി മരങ്ങളും വില്ലേജ് ഓഫീസിലെ ഇരുകാല്‍ രൂപവും | ശനിയന്‍

 കേരള രാജ്യം പണ്ടു രാജഭരണത്തില്‍ ആയിരുന്ന കാലത്ത് നാട്ടുകാര്‍ക്ക് ഉണ്ടാവേണ്ട നല്ല ഗുണങ്ങളില്‍ ഒന്നായിരുന്നത്രെ രാജഭക്തി. രാജകല ഒരു അന്തസ്സായിരുന്നു. നാട്ടുകാര്‍ സന്തോഷവാന്മാരായിരുന്നു... അങ്ങനെ പോകുന്നു സന്തുഷ്ട രാജഭരണ സ്വപ്നങ്ങള്‍. അതെന്തും ആവട്ടെ, ആ രാജഭരണം പോയി. ജനാധിപത്യം അഥവാ മന്ത്രി ഭരണം വന്നു. എന്നിട്ടോ ?... രാജഭക്തി പോയി മന്ത്രി ഭക്തി (അധികാരത്തോടുള്ള ഭക്തി)ആയി. എന്നുംകുന്നും മന്ത്രിയാവാന്‍ കേരള കോണ്‍ഗ്രസ് അല്ലല്ലോ കേരളം ഭരിക്കുന്നത് അതുകൊണ്ട് മുന്‍ മന്ത്രി, ഭാവി മന്ത്രി, മന്ത്രിക്കു വേണ്ട തന്ത്രി, തന്ത്രിയുടെ പരികര്‍മ്മി, അങ്ങനെ ജനങ്ങളെ നയിക്കാന്‍ നേതാക്കന്മാരായി, തീര്‍ന്നോ ? ഇല്ല... പഴയ രാജഭക്തി നേതാവിനോടായി, രാജമുദ്രയോടുള്ളത് സര്‍ക്കാര്‍ മുദ്ര കയ്യില്‍ ഉള്ള ഉദ്യോഗസ്ഥന്മാരോടായി. എന്തിനേറെ പറയുന്നു പണ്ടൊരു രാമയ്യനെ ഉണ്ടായിരുന്നു എങ്കില്‍ ഇന്നു ആ ദളവ മാറി ആയിരകണക്കിന് ദളവമാരായി.  ഓണാട്ടുകരയില്‍ ഒരു പാട് വില്ലജ് ഓഫീസുകള്‍ ഉണ്ട് ചിലതില്‍ ഓഫീസര്‍ ആയി മനുഷ്യര്‍ ജോലി നോക്കുന്നു, ചിലതില്‍ രണ്ടുകാലില്‍ നടക്കുകയും മലയാളം സംസാരിക്കുകയും ചെയ്യുന്ന രൂപങ്ങളും. സംഭവത്തിന്റെ കിടപ്പു വശം മനസിലായോ ?? ഇല്ലല്ലേ... പറയാം.

ഓണാട്ടുകരയിലെ ഒരു കുടുംബത്തില്‍, സര്‍ക്കാര്‍ ഭാഷയില്‍, നിര്‍ധനകുടുംബത്തിന്റെ, വരുമാന മാര്‍ഗം ആയ പശൂ ചത്തു പോയി. സര്‍ട്ടിഫിക്കറ്റിനായി കുടുംബനാഥ (പ്രായം ചെന്ന സ്ത്രീയാണ്) വില്ലജ് ആപ്പീസില്‍ പോയി. വെറും കയ്യുമായി തിരിച്ചു വന്നു. മൃഗാശുപത്രിയിലെ സീനിയര്‍ സര്‍ജന്‍ വില്ലജ് ആപ്പീസിലേക്കു വിളിച്ചു. പശു മരിച്ചു  (ചത്തു എന്നല്ല മരിച്ചു എന്നാണു പറഞ്ഞത്, ആളൊരു കറകളഞ്ഞ മൃഗസ്നേഹിയാണ്). ഈ കുടുംബത്തിന് മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം എന്തെങ്കിലും സഹായം കിട്ടുവാന്‍ വഴി ഉണ്ടോ കാരണം ഇവര്‍ സാമ്പത്തികമായി ബുദ്ധിമുട്ടു അനുഭവിക്കുന്നവരാണ് എന്നു പറഞ്ഞു . അങ്ങേ തലയ്ക്കല്‍ നിന്നും മറുപടി കേട്ടില്ല അതുകൊണ്ടു കേട്ടതു പറയാം. നിങ്ങള്‍ പറയുന്നത് മുഴുവന്‍ കേള്‍ക്കണം സര്‍ /മാഡം വഴി ഉണ്ടോന്നാണ് ചോദിച്ചത്, അല്ലാതെ കേള്‍ക്കുന്നതിന് മുന്‍പേ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നു പറയാതെ. എന്തൊക്കെയോ പറഞ്ഞിട്ടുണ്ടാവണം അവസാനം ഡോക്ടര്‍ പറഞ്ഞു 'ഇവരുടെ അപേക്ഷ കേട്ടിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് എങ്കിലും കൊടുക്കു, അവര്‍ക്കു ധനസഹായം കിട്ടുവാന്‍ എല്ലാ അര്‍ഹതയും ഉള്ളതാണ്, പശുവിനെ നോക്കിയത് ഞാന്‍ ആണ് ' ഫോണ്‍ സംഭാഷണം തീര്‍ന്നു. കര്‍ട്ടന്‍. സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ വരുന്നവരെ കളിയാക്കുക ഈ മേല്പറഞ്ഞ ഓഫീസറുടെ വിനോദങ്ങളില്‍ ഒന്നാണ്. റിപ്പോര്‍ട്ട് കിട്ടാത്തത് കൊണ്ടാണോ എന്തോ പത്രങ്ങളില്‍ ഇത്തരക്കാരെ കാണുന്നത് വളരെ വിരളമാണ്. കാശൊക്കെ പണ്ടു, ഇപ്പോഴത്തെ രീതി ഓഫീസിലേക്ക് ആവശ്യമുള്ള കടലാസ്സ് ,പേന ,പേന്‍ കൊല്ലുന്ന ചീപ്പൊക്കെ ആണ്. കട പറഞ്ഞു തരും. സാധനം മേടിച്ചു കൊടുക്കുക. കടക്കാരന്‍ വീതം വെക്കുമോ അതോ ബില്ലെഴുതി മാറുമോ എന്നത് കവടി നിരത്തി കണ്ടുപിടിക്കണം. സര്‍ക്കാര്‍ ഏതു പക്ഷം ആയാലെന്താ ഇതുപോലുള്ള മനുഷ്യപറ്റില്ലാത്ത ഇരുകാലികള്‍ സ്ഥാനങ്ങളില്‍ ഉള്ള കാലത്തോളം ഗവണ്‍മെന്റിന് നല്ല പേരാ.

തൊട്ടപ്പള്ളിയില്‍ കാറ്റാടി മരങ്ങള്‍ വെട്ടി തള്ളി കരിമണല്‍ ഖനനത്തിന് വഴിവെക്കുന്നു എന്നു ഒരു പ്രമുഖ സംഘടന. കൂടണയും വരെ കൂട്ടുമായി വേറൊരു സംഘടനയും. പ്രളയം ഉണ്ടായപ്പോള്‍ വെള്ളം പോകാന്‍ വഴിയല്ലാതെ മണ്ണുമാന്തിയും പിന്നെ അതിനെ മാന്താന്‍ തൊരപ്പനെയും കൊണ്ടു വന്നത് മറന്നു പോയോ കൂട്ടരേ ?? ഇത്തവണ കാലവര്‍ഷം കഴിഞ്ഞ കൊല്ലങ്ങളെ പോലെ കനക്കും എന്നാണു അറിഞ്ഞത് വെള്ളം പൊങ്ങി കുറച്ചു കഷ്ടപ്പാടൊക്കെ ഉണ്ടായിട്ട് മരം മുറിച്ചു മാറ്റി പൊഴിയുടെ ആഴം കൂട്ടിയാല്‍ മതിയായൊരുന്നു അല്ലെ?വനവത്കരണം എന്നു പറഞ്ഞു വെച്ചു പിടിപ്പിച്ച പിന്നീട് സാമൂഹ്യവിരുദ്ധരുടെ താവളം ആണെന്ന് പറഞ്ഞു പത്രങ്ങളില്‍ പ്രതിഷേധം അറിയിച്ചവരും ഈ സംഘടനയില്‍ ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചം അല്ല എന്നു പറഞ്ഞാല്‍ കള്ളമായിപോകും. മോശമാണ് നല്ല ഒന്നാന്തരം രീതിയില്‍ മോശമാണ്. വളര്‍ച്ചാ നിരക്ക് വിളറി വെളുത്തു മുഞ്ഞ പിടിച്ച കറിവേപ്പില പോലെ ആണ്. ധനമന്ത്രി പറഞ്ഞ പാക്കറ്റ് കണ്ടു... ബോധിച്ചു. പക്ഷെ മാഡം ഡിമാന്‍ഡ് വേണ്ടേ ? രണ്ടു മാസമായി ജോലി നഷ്ടപെട്ട കോടിക്കണക്കിനു ആളുകള്‍ ഉണ്ട് അവര്‍ക്ക് ലോണ്‍ എടുത്തു അരി മേടിക്കാന്‍ പറ്റില്ലല്ലോ? സാമ്പത്തിക മരത്തിന്റെ വേര് ഉണങ്ങുന്നതിനു ഇലയില്‍ കൊണ്ടു മരുന്നടിച്ചിട്ടു എന്തു കാര്യം. നോട്ട് പ്രിന്റ് ചെയ്യണം. ചിരിക്കാന്‍ വരട്ടെ അമേരിക്കയും ജപ്പാനും യൂറോപ്പിലെ ചില രാജ്യങ്ങളും ചെയ്യുന്ന കോവിഡ് പ്രതിരോധമാണ് ഇത്. കമ്മട്ടം എടുത്തു തലങ്ങും വിലങ്ങും അടിച്ചു രണ്ടായിരത്തിന്റെ നോട്ട് നാട്ടുകാരുടെ കയ്യില്‍ കൊണ്ടു കൊടുക്കല്‍ അല്ല അതു. ഒന്നുമില്ലേലും ഇന്ത്യന്‍ കറന്‍സി അല്ലെ? അല്ലാതെ ഗാന്ധിയുടെ ചിത്രം മാറ്റി കണ്ട ബുദ്ധിസ്ഥിരത ഇല്ലാത്തവന്റെ ചിത്രം വെച്ച ടിഷ്യു പേപ്പര്‍ അല്ലല്ലോ ഇത്. ഗവണ്‍മെന്റ് ബോണ്ടുകള്‍ ആര്‍ ബി ഐ വാങ്ങികൂട്ടി സര്‍ക്കാരിന്റെ കയ്യില്‍ പണം എത്തിച്ചാല്‍ മതിയാവില്ലേ? ശനിയന് കല്ലിളകിയതാ എന്നു പറയാന്‍ വരട്ടെ. ഇപ്പോള്‍ ഭാരതത്തിനു വേണ്ടത്  എ ഇ ഡി ( ഈ ഹാര്‍ട്ട് അറ്റാക്ക് വരുമ്പോള്‍ കറന്റ് വെച്ചു ഹൃദയം പ്രവര്‍ത്തിപ്പിക്കുന്ന പരുപാടി, തിരുവല്ല കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍ ഉണ്ട് ഒരെണ്ണം ) തന്നെയാണ്  വേണ്ടത്. പ്രതിപക്ഷത്തിന് നേരെയും കോറോണയ്ക്കു നേരേയും ഒക്കെ കൈ ചൂണ്ടാന്‍ അവസരം വരും പക്ഷെ 'നല്ല ഒരു ഇന്ത്യ' എന്നു സ്വപ്നം കണ്ടവന്റെ ജീവനും ജീവിതവും, അതു ചൂണ്ടി കാണിക്കല്‍ പരുപാടിയില്‍ പെട്ടു പോക്കരുത്. അപേക്ഷ അല്ല അവകാശമാണ് അതു. ഓരോ പൗരന്റെ ജീവനും സ്വത്തും കാത്തുസൂക്ഷിച്ചുകൊള്ളാം എന്നതു ഭരണകൂടത്തിന്റെ കടമയും.

ചൊറിതണം: ഫേസ്ബുക്കില്‍ മാന്യമായി എതിര്‍ക്കുന്നവരോട് ഇത്രയും തരം താഴാന്‍ പറ്റുമോ എന്നു ചോദിക്കുന്നതിന്റെ അര്‍ഥം എന്താണെന്നു ചോദിച്ചു കണ്ടു. അതിന്റെ അര്‍ത്ഥം അറിയില്ലേ ? സേട്ടാ ഞങ്ങള്‍ക്ക് ചില രീതികള്‍ ഉണ്ട് ആരാണ്ടു പടച്ചു വിടുന്ന മെസ്സേജുകള്‍ ആവിശ്യമില്ലത്ത സ്ഥലങ്ങളില്‍ കൊണ്ടു ഒട്ടിക്കുക പിന്നെ ആകെ കൂടി കുറച്ചു അറിയാവുന്ന കാര്യങ്ങള്‍ ഉച്ചത്തില്‍ ഉള്ളിലുള്ള വെറുപ്പും കൂട്ടി പറയുക അതിനിടെയ്ക്കു മര്യാദയുടെ ഭാഷയില്‍ പറയാന്‍ വന്നാല്‍  ഞങ്ങള്‍ക്ക് മര്യാദ എന്താണെന്നു അറിയില്ലല്ലോ സേട്ടാ . ആളെ കളിയാക്കാന്‍ അല്ലെ അറിയൂ ആശയത്തിനെ എതിര്‍ക്കാന്‍ അറിയില്ലല്ലോ . പോത്തിനെന്തു ഏത്ത വാഴ?

Post a Comment

0 Comments