തൃശ്ശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു.
തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്കിയക്കു ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. തുടര്‍ന്നാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം.
2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്ത സച്ചി 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെ ഒറ്റക്ക് തിരക്കഥ എഴുതാൻ ആരംഭിച്ചു.
അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തു. ദിലീപിനെ നായകനായി പുറത്തിറങ്ങിയ രാമലീല, പൃഥിരാജും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥകള്‍ സച്ചിയുടേതായിരുന്നു.
സഹരചയിതാവ് സേതുവിനൊപ്പം അഞ്ച് തിരക്കഥകള്‍ ഒരുക്കിയിട്ടുണ്ട് സച്ചി. സംവിധാനം ചെയ്ത സിനിമകളുടേതുള്‍പ്പെടെ സ്വന്തമായി രചിച്ചത് ഏഴ് തിരക്കഥകളാണ്.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്സില് ബിരുദവും, എറണാകുളം ലോ കോളേജില് നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില് എട്ട് വര്ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നു.


0 Comments