കൊറോണകവര്‍ന്ന ഒളിംപിക്‌സ്

ഇന്ന് ലോക ഒളിംപിക്‌സ് ദിനം

തയ്യാറാക്കിയത് : എഡിറ്റോറിയല്‍ ടീം

കൊറോണ എന്ന മഹാമാരി മാനവ രാശിയെ ഭയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുന്ന ഈ വേളയില്‍ വന്നു ചേര്‍ന്ന ഒളിമ്പിക് ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. 'ആരോഗ്യവാന്മാരായി ഇരിക്കൂ, ശക്തരായി ഇരിക്കൂ, സജീവമായി ഇരിക്കൂ' എന്നതാണ്  ഈ വര്‍ഷത്തെ മുദ്രാവാക്യം.

ആധുനിക ഒളിംപിക്സിന്റെ സ്ഥാപക ദിനത്തില്‍ ആണ് ഒളിമ്പിക് ദിനം ആഘോഷിക്കുന്നത്. ഒളിമ്പിക് ദിനത്തോടനുബന്ധിച്ചു വിവിധ രാജ്യങ്ങളിലെ കായിക താരങ്ങള്‍ ആരോഗ്യവാന്മാരായിരിക്കാന്‍ ഉള്ള വ്യായാമ മുറകള്‍ ഇന്‍സ്‌റാഗ്രാമിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന പദ്ധതിയാണ് ഒളിമ്പിക് കമ്മറ്റി ഇ കൊല്ലം രൂപപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധിനിധി ആയി തിരഞ്ഞെടുത്തിരിക്കുന്നത് ബാന്‍ഡ്മിന്റണ്‍ തരാം സിന്ധു പി വി യെ ആണ്.

2020 ലെ ഒളിമ്പിക്‌സ് നടത്തുവാന്‍ തിരഞ്ഞെടുക്കപ്പെട്ട രാജ്യം ജപ്പാന്‍ ആയിരുന്നു. എന്നാല്‍ കൊറോണ ഭീഷണിയെ തുടര്‍ന്ന് മത്സരങ്ങള്‍ ഒരു വര്‍ഷത്തേക്ക് നീട്ടി വെയ്ക്കുകയുണ്ടായി. രണ്ടു ലോക മഹായുദ്ധങ്ങളുടെ കാലയളവില്‍ മാത്രമാണ് ഒളിമ്പിക് മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുള്ളത് എന്നാല്‍ മത്സരങ്ങള്‍ വൈകി നടത്തുന്നത് 124 വര്‍ഷത്തെ ഒളിമ്പിക് ചരിത്രത്തില്‍ ആദ്യം.മത്സരങ്ങള്‍ 2021 ജൂലൈ 23 നു ആരംഭിച്ചു ഓഗസ്റ്റ് 8 ഓട് കൂടി സമാപിക്കത്തക്ക രീതിയില്‍ ആണ് പുനഃക്രമീകരണം നടത്തിയിരിക്കുന്നത്. നടക്കുന്ന വര്ഷം 2021 ആണെങ്കില്‍ പോലും ടോക്കിയോ ഒളിമ്പിക്‌സ് 2020 എന്ന് തന്നെയാവും അറിയപ്പെടുക.
ഭാരതത്തിനു ഒളിംപിക്‌സില്‍ ഒരു ചരിത്രം ഉണ്ട്. 

മെഡല്‍ പട്ടികയില്‍ പുറകിലാണ് എന്ന സ്ഥിരം പരിഹാസം അല്ല. ഹോക്കി ടര്‍ഫുകളില്‍  ഒന്നിന് പുറകെ ഒന്നായി മൂന്ന് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലം. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണ്ണ മെഡല്‍ ഇന്ത്യയിലേക്ക് വരുവാന്‍ വേണ്ടി വന്നത് നീണ്ട 108 വര്‍ഷം. 2008 ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര ആണ് ആയ കാത്തിരിപ്പിനു വിരാമം ഇട്ടത്.

ഈ കായിക മഹാമേളയില്‍ വളരെ വ്യത്യസ്തവും ആനുകാലിക പ്രസക്തി കൊണ്ട് മുന്നില്‍ നില്‍ക്കുന്നതുമായ ഒരു ആശയം ടോക്കിയോ ഒളിംപിക്‌സില്‍ അവതരിപ്പിക്കുവാന്‍ 2018 ലെ ഒളിമ്പിക് കമ്മറ്റി തീരുമാനിക്കുക ഉണ്ടായി. അഭയാര്‍ത്ഥികള്‍ക്കായി ഒരു ടീം എന്ന ആശയം ആയിരുന്നു അത്. മനുഷ്യ നിര്‍മ്മിതവും പ്രകൃതി നിര്‍മിതവുമായ കാരണങ്ങള്‍ കൊണ്ട് ജനിച്ച മണ്ണുപേക്ഷിച്ചു പലായനം ചെയ്ത ലക്ഷകണക്കിന് അഭയാര്‍ത്ഥികള്‍ക്ക് ആയി ഒരു ടീം. കായിക രംഗത്തിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പുതിയ ഭാവി രൂപപ്പെടുത്തുവാനും സ്വപ്ന ചിറകുകള്‍ക്ക് പുതിയ വര്‍ണ്ണങ്ങള്‍ നല്‍കുവാനും മുന്‍നിര്‍ത്തിയുള്ള ആശയമാണ് കൊറോണ കാരണം ഒരു വര്‍ഷത്തേക്ക് നീക്കി വെയ്ക്കപ്പെട്ടതു. 

മനുഷ്യര്‍ എല്ലാവരും തുല്യരാണ് എന്നും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കുവാന്‍ ജാതി മത വര്‍ണ്ണ ഭാഷ വിത്യാസമില്ലാതെ ഒരു വേദി ഒരുക്കുക എന്ന ഒളിമ്പിക്‌സ് ദര്‍ശനം കൊറോണ കാരണം പതറി എന്ന് വിധിയെഴുതുവാന്‍ വരട്ടെ കാരണം ഒളിംപിക്‌സിനെ മുന്നോട്ടു നയിക്കുന്ന ആപതിവാക്യം:
''ജീവിതത്തിലെ പ്രധാന കാര്യം വിജയമല്ല, പോരാട്ടമാണ്. അത്യാവശ്യമായത് ജയിക്കുകയല്ല, നന്നായി പോരാടുക എന്നതാണ്. 'എന്നിരിക്കെ മാനവികതയുടെ ഈ മഹത്തായ കേളികൊട്ടിന് ഒരു കൊല്ലം കൂടി കാത്തിരിക്കാം ഒപ്പം കൊറോണ എന്ന അദൃശ്യ ശത്രുവിന് നേരെ പോരാടാം കൂടുതല്‍ കരുത്തോടെ.

Post a Comment

0 Comments