വിധേയന്‍ >>> ജെ.ഹാഷിം നൂറനാട്

ചെറുകഥ

തിവുപോലെ ഓഫീസിലെ തന്റെ  ടേബിളില്‍ ക്ലാര്‍ക്ക് എത്തി. കസേര നേരെയാക്കി ഇരുന്നു. ടേബിളിനു മുകളില്‍ പലവിധ ഫയലുകള്‍. ഒരു ഫയല്‍ എടുത്തു., ചെറിയ ഗന്ധമുണ്ട്  ചോര വിയര്‍പ്പായതിന്റെ ഗന്ധം  എന്തായാലും ഫയലിലെ ചുവപ്പുനാടക്കില്ല. നാടയില്‍ കൂടുതലായി കൈപതിഞ്ഞ ലക്ഷണം കാണുന്നില്ല,  ഫയലിനകത്തെ അപേക്ഷ പേപ്പറുകള്‍ പുത്തന്‍ പോലെ ഇരിക്കുന്നുവെങ്കിലും ഗന്ധം അതിലേതോ അപേക്ഷയില്‍ നിന്നു തന്നെ. അതിന്റെ തീയതികള്‍ ഒന്നു രണ്ടുമാസം പിന്നോട്ടുള്ളതാണ്. ക്ലാര്‍ക്ക് ഒരു പേപ്പറില്‍ കണ്ണോടിച്ചിരുന്നപ്പോള്‍ 'സാറേ....'ഒരു വിനീതമായ വിളി. ക്ലാര്‍ക്ക് തലയുയര്‍ത്താന്‍ മടിച്ച് ചെവി ഒന്നുകൂടി കൂര്‍പ്പിച്ചു.. എന്തായാലും അശരീരി അല്ല അതിന് അല്പം 'ബൂം' ഒക്കെ ഉണ്ടാകും. ക്ലാര്‍ക്ക് മനസ്സില്‍ വിലയിരുത്തല്‍ നടത്തി. വീണ്ടും ആ ദയനീയ വിളി 'സാറേ......'ക്ലാര്‍ക്ക് മെല്ലെ തല ഉയര്‍ത്തി നോക്കി  ഇടയ്ക്കിടക്ക് കാണുന്ന വിധേയന്റെ  മുഖമാണ്. നെറ്റി ചുളിച്ചുകൊണ്ട് ക്ലാര്‍ക്കിന്റെ ചോദ്യം 'ഉം എന്താ?'

'എന്റെ  സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നതാ സാറേ. ഇന്ന് തരാം എന്ന് പറഞ്ഞതുകൊണ്ട് ബാങ്കിലെ എല്ലാ കാര്യങ്ങളും ഇന്നലെ തന്നെ ശരിയാക്കി. ഇവിടുന്നു തരുന്ന പേപ്പര്‍ കൂടി കൊടുത്താല്‍ കിട്ടാനുള്ള തുക ഇന്നുതന്നെ കിട്ടും.....' വിധേയന്‍ പരിഭവങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ക്ലാര്‍ക്കിന്റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി. ക്ലാര്‍ക്കിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ വിധേയന്‍ തന്റെ  സംസാരത്തിനു സഡന്‍ ബ്രേക്കിട്ടു. ക്ലാര്‍ക്ക് ഫോണെടുത്ത് നിറപുഞ്ചിരിയോടെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, നിങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞോളൂ എന്ന് ഒരു കൈ കൊണ്ട് വിധേയനോട് ആംഗ്യം കാണിച്ചു. വിധേയന്‍ തുടര്‍ന്നു., 'സര്‍ട്ടിഫിക്കറ്റ് ഇന്ന് കൊടുത്തില്ലെങ്കില്‍  ബാങ്കുകാര്‍  അടുത്ത മാസത്തെ ബില്ല് എടുക്കുമ്പോഴേ എനിക്കുള്ള പണം മാറി തരൂ. വീണ്ടും ഒരു മാസം നീണ്ടു പോകും സാറേ....' വിധേയനിലെ വാക്കുകള്‍ക്ക് ചെവി കൊടുക്കാതെ ക്ലാര്‍ക്ക് തകൃതിയായി ഫോണില്‍ സംസാരം തുടര്‍ന്നു. വിധേയന്‍ വീണ്ടും നിശബ്ദനായി. ക്ലാര്‍ക്കിന്റെ  ആംഗ്യഭാഷ പിന്നെയും 'നിങ്ങള്‍ പറഞ്ഞോളൂ' എന്നിട്ട് ഫോണ്‍ സംഭാഷണം തുടര്‍ന്നു. താന്‍ പറയുന്നത് ക്ലാര്‍ക്കിന്റെ കാതില്‍ എത്താതെ അന്തരീക്ഷത്തില്‍ അലിയുകയാണെന്ന് മനസ്സിലാക്കിയ വിധേയന്‍ നിസ്സംഗതനായി നിന്നു. സംസാര ശേഷം ഫോണ്‍ താഴെ വെച്ച് ക്ലാര്‍ക്ക് ഫയലുകള്‍ പരതി. കഴിഞ്ഞ കുറേ പ്രാവശ്യമായി പിന്നെ ആകാമെന്നു കരുതി മാറ്റിവെച്ച വിധേയന്റെ  ഫയല്‍ ഏതോ അദൃശ്യ കരങ്ങള്‍ കൊണ്ടു വച്ചതുപോലെ പിന്നെയും ടേബിളിനു പുറത്തെ പേപ്പര്‍ കെട്ടുകളുടെ ഏറ്റവും മുകളില്‍ വന്നിരിക്കുന്നു. കൂട്ടിക്കുറച്ചു ഗുണിക്കുവാനുള്ള മടി കൊണ്ടാണ് ഫയല്‍ പലപ്പോഴും ക്ലാര്‍ക്ക് മാറ്റിവെക്കുന്നത്. 'നിങ്ങളുടെ അപേക്ഷ നാളെ നോക്കിയശേഷമേ സര്‍ട്ടിഫിക്കറ്റ് ശരിയാക്കാന്‍ പറ്റൂ' ക്ലാര്‍ക്ക് പറഞ്ഞു.

'സാറേ ഇന്ന് കിട്ടിയില്ലെങ്കില്‍ വീണ്ടും ഒരു മാസം.... 

ബാക്കി വിധേയനില്‍നിന്നും വാക്കുകളായി വന്നില്ലെങ്കിലും അയാളുടെ കണ്ണുകളില്‍ പ്രതിഫലിച്ചു. ഇനി നിന്നിട്ടും കാര്യമില്ല എന്ന് ക്ലാര്‍ക്ക് പറഞ്ഞപ്പോള്‍ വിധേയന്‍ തിരികെ നടന്നു. ഒരു ക്ലാര്‍ക്കിന്റെ അലസതയില്‍ പ്രതീക്ഷകളും കണക്കുകൂട്ടലുകളും നഷ്ടപ്പെട്ട ഒരു പൗരന്‍ കൂടി നമ്മുടെ സമൂഹത്തില്‍...

ക്ലാര്‍ക്ക് ക്ലോക്കിലേക്ക് നോക്കി , സമയം ഒരുമണി. ഭക്ഷണപ്പൊതിയുമായി ഊണു മേശയുടെ അടുക്കലേക്ക്.... ഊണുകഴിഞ്ഞ് തിരികെ വന്നു. പിടിപ്പതു പണികള്‍ ഉണ്ട്....... ഇടയ്ക്കിടയ്ക്ക് ക്ലോക്കിലേക്ക് നോക്കി  നോക്കിയിരുന്ന് സെക്കന്‍ഡ് സൂചി നീങ്ങുന്നതിലും വേഗതയില്‍ പായ്ക്കിങ് തുടങ്ങി. ക്ലോക്കിലെ മണിമുഴങ്ങും മുമ്പ്  വിധേയരുടെ വിധി നിര്‍ണ്ണയിക്കുവാന്‍ കഴിയുന്ന ക്ലാര്‍ക്ക് സ്വന്തം വീടിനെ ലക്ഷ്യംവെച്ച് വേഗതയില്‍ പാഞ്ഞു.

വിധേയനിലേക്കു വരാം.,

വികാരഭരിതനായി വിധേയന്‍ വീട്ടിലേക്ക് നടന്നു കയറുമ്പോള്‍ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ട് ഒരു കുടുംബം ഒന്നടങ്കം പ്രതീക്ഷയോടെ കണ്‍പാര്‍ത്തിരിക്കുന്നത് കാണാമായിരുന്നു. കയ്യില്‍ പതിവുപോലെ അപേക്ഷകളുടെ കെട്ടുകള്‍ അടങ്ങിയ കരസ്പര്‍ശം സ്ഥിരമായി ഏറ്റ് മുഷിഞ്ഞ അക്ഷരങ്ങള്‍ മാഞ്ഞുപോയ 'പ്രതീക്ഷ' ജൗളിക്കടയുടെ  പ്ലാസ്റ്റിക് കവര്‍ മാത്രമേ ഉള്ളൂ എന്ന് കണ്ടപ്പോള്‍ ഭാര്യ, പിന്നില്‍ കണ്ണും നട്ടിരുന്ന മക്കളുടെ നേരെ മെല്ലെ മുഖം തിരിച്ച് ചുണ്ടുകള്‍ അമര്‍ത്തി കണ്ണുകള്‍ അടച്ചു തുറന്നു. ലോകത്തോടുള്ള പരിഭവം ഹൃദയ തുള്ളികളായി താഴേക്ക് പതിച്ചു. കണ്ണില്‍ നിന്ന് ഉതിര്‍ന്നുവീണ ആ ഹൃദയ തുള്ളികള്‍ക്ക് അഗ്‌നിയേക്കാള്‍ സംഹാര ശേഷിയുള്ളതായി തോന്നിപ്പോയി....

©J HASHIM NOORANAD

Post a Comment

1 Comments