അവള്‍ >>> സന്ദീപ്.എസ്സ്. രാമപുരം


രിമ്പനടിച്ച പെറ്റിക്കോട്ടിനുള്ളില്‍
വളര്‍ന്ന യൗവനം
തുറിച്ചുനോക്കിയവരെ പരിഹസിച്ചാണു അവള്‍ 
ആണ്‍ബോധത്തിന്റെ കാഴ്ച്ചശീലങ്ങളെ
ആദ്യമായി വെല്ലുവിളിച്ചത്

പ്രാചീന വികാരങ്ങള്‍ക്കടിമപ്പെട്ട്
ഉടലാര്‍ത്തിയില്‍കൊരുത്ത ലൈംഗിക ഭ്രമങ്ങള്‍
വടിവൊത്ത പെണ്ണക്ഷരങ്ങളില്‍ കുറിച്ചിട്ടാണു
ഐതീഹ്യാശ്ലീലതകളുടെ വേരും പടര്‍പ്പും കൊത്തിയരിഞ്ഞിട്ടത്

ഇരുട്ടില്‍ പെണ്ണുടലിന്‍മാംസഗന്ധം തിരഞ്ഞ 
വാര്‍ദ്ധക്യ വിറയാര്‍ന്ന വിരലുകള്‍
പ്രതിഷേധത്തിന്റെ തീപന്തമെറിഞ്ഞു 
ലോകകാഴ്ച്ചയ്ക്കു വിട്ടുകൊടുത്തവള്‍
ഇരട്ടവരയില്‍ ഒതുങ്ങാത്ത അക്ഷരമായി മാറിയത്

ഗുല്‍മോഹര്‍ തണല്‍വിരിച്ച കലാലയത്തില്‍,
അവര്‍ക്കൊപ്പം നടന്നവളിലെ അവനെ തിരിച്ചറിഞ്ഞു ഒപ്പംക്കൂട്ടി, 
സംസ്‌കാരത്തിന്റെ അതിരിടം മാന്തി,
പ്രകൃതിവിരുദ്ധ അശാന്തികളുടെ കാര്‍മേഘപടലങ്ങള്‍ 
ഒന്നായി അവളിലേക്ക് വീഴ്ത്തി
അവള്‍ വഴിവിട്ടവളായി

മുഖപുസ്തകത്താളിലെ തുറന്നെഴുത്തുകളില്‍
തീയാളിയ അക്ഷരങ്ങള്‍ പെറുക്കിവെച്ച് 
വരച്ചവരയില്‍ നില്ക്കാത്ത
ദുര്‍നടപ്പുകാരിയായി

ആണ്‍ കാമനകളുടെ,
പീലിവിരിച്ചിലാട്ടങ്ങള്‍ക്കും,
ചൂണ്ടയില്‍ മധുരം കോര്‍ത്ത പ്രണയങ്ങള്‍ക്കും,
വിളിച്ചാല്‍ വരാത്ത വസ്തുവായി
പെണ്ണുടലില്‍ കിളിര്‍ത്തതിന്റെ
ഒറ്റയവകാശിയായി.
........................................................
© sandeep s ramapuram

Post a Comment

3 Comments