ഒരു നോക്ക് കൂടി ♥ ആര്യാ കൃഷ്ണന്‍ ആര്‍.കെ.

oru_nookkukoodi_aryakrishnan

ര്‍മ്മകള്‍ ഒരു കെടാവിളക്കായി  മനസ്സില്‍ തെളിഞ്ഞു നില്‍ക്കുകയാണ്. ഋതുക്കള്‍ എത്ര മാറി മറിഞ്ഞിട്ടും -മനസ്സിലെ -ഓര്‍മ്മകള്‍ക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവ മനസ്സിനെ ഇന്നും ആസ്വസ്ഥമാക്കുന്നു.വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍. ഈ ജനല്‍ പാളികളിലൂടെ പുറത്തു വേഗത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പായുന്ന വാഹനങ്ങളെ കാണുമ്പോള്‍ സഫലീകരിക്കാത്ത ഏതൊക്കെയോ ആഗ്രഹങ്ങളെ എത്തിപിടിക്കുവാന്‍  വേണ്ടി തിരക്കിട്ടു പായുന്ന ഒരു ലോകത്തെയാണ് എനിക്ക് കാണാന്‍ കഴിയുന്നത്.

ജനല്‍പാളികളിലൂടെ നേര്‍ത്ത കാറ്റ് അരിച്ചിറങ്ങുന്നുണ്ട്.

അവരെന്റെ  മുടി ഇഴകളെ തലോടുന്നുണ്ട്. അവ എത്ര സ്വാതന്ത്രമായിരിക്കുന്നു.പക്ഷെ ഞാന്‍ എന്ന സ്ത്രീ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടോ? ഒരിക്കലുമില്ല. ഓര്‍മ്മകള്‍ ഒരു മാറാലയായി മനസ്സിനെ മൂടികെട്ടുകയാണ്. ഒറ്റക്കുള്ള ഈ ജീവിതം പായായി പോയി എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ചാരിറ്റി ട്രസ്റ്റും, വൃദ്ധസദനങ്ങളും, ഓര്‍ഫണേജുകളും എല്ലാം പണിതു ഞാന്‍, സമൂഹത്തിലെ കുറെ ഏറെ ജീവിതങ്ങളെ ജീവിതം എന്തെന്ന് പഠിപ്പിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.ഞാന്‍ അതില്‍ വിജയിച്ചു. പക്ഷെ ഞാനിതുവരെ എന്റെ ജീവിതം പൂര്‍ണ്ണമായും പഠിച്ചു തീര്‍ത്തിട്ടുണ്ടായിരുന്നില്ല. അതെനിക്ക് ഇന്നാണ് മനസ്സിലായത്.ഇന്ന് രാവിലെ എനിക്കൊരു കത്തുലഭിച്ചു. പോസ്റ്റുമാന്റെ കെയ്യില്‍ നിന്നും അത് വാങ്ങുമ്പോഴും ഞാന്‍ അറിഞ്ഞില്ല. അതെനിക്ക് എത്ര തീക്ഷണമായ വേദനയാണ് നല്‍കാന്‍ പോവുന്നതെന്ന്.

കത്തയച്ചിരിക്കുന്നത് 'ഭാമ'എന്ന സ്ത്രീയാണ്. എന്റെ ഓര്‍മ്മയില്‍ അങ്ങനെ ഒരു പേരുണ്ടോ എന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. എനിക്കറിയാത്ത ഒരു അപരിചിതയ്ക്ക് എന്നോട് എന്താവും പറയാനുണ്ടാവുക? അതോ അവള്‍ എനിക്ക് പരിചിതയാണോ?അറിയില്ല. ഞാന്‍ ഒന്നിനുമുള്ള ഉത്തരവും കണ്ടെത്താന്‍ ശ്രമിക്കാതെ ആ കത്ത് തുറന്നു വായിക്കുവാന്‍ തുടങ്ങി.

'പ്രിയപ്പെട്ട മാലിനി,

എന്നെ നിങ്ങള്‍ക്കറിയില്ല എന്ന് അറിഞ്ഞിരുന്നു കൊണ്ട് തന്നെ ഞാന്‍ എന്നെക്കുറിച്ച് പറയുവാന്‍ ആഗ്രഹിക്കുന്നില്ല. 'ഭാമ' എന്ന എന്റെ പേരില്‍ നിങ്ങള്‍ക്ക് പരിചയമുള്ളതായി ഒന്നും തന്നെ ഉണ്ടാവില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.

എങ്കിലും ഞാന്‍ നിങ്ങളോട് പറയുവാന്‍ ആഗ്രഹിക്കുന്നത് ഒരു പരിധിവരെ എങ്കിലും മനസ്സിലാക്കി തരുവാന്‍ ഞാനെന്ന അപരിചിത നിങ്ങള്‍ക്ക് പരിചിതയായെ പറ്റൂ.

രണ്ടുദിവസം മുന്‍പ് എന്റെ ഭര്‍ത്താവ് മരിച്ചു. സമ്പന്നതയുടെ തുലാസ്സില്‍ വളര്‍ന്ന എനിക്ക് സ്‌നേഹം എന്ന വാക്ക് എന്നും അന്യമായിരുന്നു.

അതുകൊണ്ടുതന്നെ എനിക്ക് എപ്പോഴോ തോന്നിയ ഒരു കൗതുകത്തിന്റെ പേരില്‍,ഞാന്‍ പറഞ്ഞതിന്റെ പേരില്‍,എന്റെ വീട്ടുകാര്‍ കളിപ്പാട്ടങ്ങള്‍ വാങ്ങുന്ന ലാഘവത്തോടെ ആ മനുഷ്യനെ എനിക്ക് വാങ്ങിത്തന്നു.  ഭര്‍ത്താവ് എന്നതിലുപരി ഒരു അടിമ എന്നു പറയുന്നതാവും ശരി. ഞാന്‍ സന്തോഷത്തോടെ ഇരിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞതൊക്കെ എന്റെ വീട്ടുകാര്‍ എനിക്ക് സാധിച്ചു തന്നു. എന്റെ വലിയ വീടും കാറും പോലെ തന്നെ അര്‍ത്ഥമില്ലാത്ത ഒരു വസ്തുവായി ഞാന്‍ ആ മനുഷ്യനെ മാറ്റിയപ്പോള്‍, മറുവശത്ത് ഞാന്‍ അയാളുടെ പ്രാരാബ്ദങ്ങളെ ചൂഷണം ചെയ്യുകയായിരുന്നില്ലേ?


പരിഭവം പിടിപ്പിക്കാന്‍ കഴിയാതെ ആ വലിയ വീടിന്റെ ചുമരിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു കൊണ്ടിരുന്നത് അദ്ദേഹത്തിന്റെ നേര്‍ത്ത ഹൃദയമായിരുന്നു. ഒരു സ്‌കൂള്‍ മാഷായ അദ്ദേഹത്തിന് ക്ലാസ് മുറികളില്‍ പോലും ശബ്ദമുയര്‍ത്തി ഒരാളെ വേദനിപ്പിക്കാന്‍ കഴിയുകയില്ലായിരുന്നു. അതുകൊണ്ടുതന്നെ എന്റെ വീട്ടില്‍ അങ്ങനെ ഒരു വ്യക്തി ഉള്ളത് ഞാന്‍ മറന്നു തുടങ്ങിയിരുന്നു. ഞങ്ങള്‍ എപ്പോള്‍ തൊട്ടാണ് പരസ്പരം സംസാരിക്കാതെ ആയത് എന്ന് ഞാന്‍ മറന്നു പോയിരിക്കുന്നു. അദ്ദേഹത്തെ തിരിച്ചറിയാനും മനസ്സിലാക്കാനും ഇപ്പോള്‍ ഒരുപാട് വൈകിയിരിക്കുന്നു.രണ്ടുദിവസം മുന്‍പ് എല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ പതിയെ എല്ലാം മനസ്സിലാക്കുവാന്‍ തുടങ്ങിയിരിക്കുന്നു.അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ എനിക്കറിയാത്ത പലതും ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോഴും നരിചീറുകള്‍ക്ക് വിട്ടുകൊടുക്കാതെ കുറെ കത്തുകളും സമ്മാനങ്ങളും തടിപ്പെട്ടിയില്‍ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്‍കിയ അറിവ് ഒരാളെ കുറിച്ചുള്ള പരിചയപ്പെടുത്തല്‍ ആയിരുന്നു.

രവി എന്ന പേരുപോലും മാലിനിയുടെ പേരില്‍ എഴുതപ്പെട്ടതായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു.'രവി'എന്ന പേര് ഓര്‍ക്കുന്നുണ്ടോ?എന്ന് ഞാന്‍ ചോദിക്കുന്നില്ല. ഒരര്‍ത്ഥമില്ലാത്ത ചോദ്യം ചോദിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ നിങ്ങള്‍ ഇരുവരുടെയും സ്‌നേഹം ഞാന്‍ തട്ടിയെടുത്തതായിരുന്നു. അറിഞ്ഞോ അറിയാതെയോ നിങ്ങളുടെ വേര്‍പിരിയലിന് ഞാന്‍ കാരണമായി. എന്നോട് ക്ഷമിക്കുക.

മാലിനി വരണം, അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍.

ആ ആത്മാവിന് ശാന്തി ലഭിക്കുവാന്‍ എനിക്ക് ഇതാണ് ഇനി അവസാനമായി ചെയ്യാന്‍ ബാക്കിയുള്ളത്. വരുമെന്ന് വിശ്വസിക്കുന്നു.

എന്ന് ഭാമ

കാറ്റേറ്റ് ജനല്‍ പാളികള്‍ ശബ്ദമുണ്ടാക്കി.

ഏതോ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത് പോലെ മാലിനിക്ക് തോന്നി.

ആ കത്ത് അവള്‍ തിരിച്ചും മറിച്ചും നോക്കി. അക്ഷരങ്ങള്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ കഥ പറഞ്ഞു തീര്‍ക്കുന്നതായി അവള്‍ക്കു തോന്നി.

കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകുവാന്‍ തുടങ്ങി. അവള്‍ക്ക് ചുറ്റും വല്ലാത്തൊരു ഏകാന്തതയും നിശബ്ദതയും തളംകെട്ടുന്നതായി അവള്‍ക്ക് തോന്നി. കാലുകള്‍ക്ക് ബലം കുറയുകയാണ്. അവ തളരുന്നു. പൊടുന്നനെ ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ നിലത്ത് വീണ് ഉരുളുവാന്‍ തുടങ്ങി.

നിമിഷങ്ങള്‍ അതിവേഗം കടന്നുപോയി. കരച്ചിലുകളും വിതുമ്പലുകളും കുറച്ചു ശമിച്ചിരിക്കുന്നു. മെല്ലെ എഴുന്നേറ്റ് കിടപ്പുമുറിയുടെ ഒരുവശത്ത് തൂക്കിയിട്ടിരുന്ന വലിയ കണ്ണാടിയിലേക്ക് അവള്‍ തന്നെ മുഖം നോക്കി. ഇനിയും എന്തോ ചെയ്യുവാന്‍ ബാക്കിയുണ്ടെന്ന് അവള്‍ക്ക് തോന്നി.

പിറ്റേന്ന് പഴയ ഓര്‍മ്മകളിലേക്കുള്ള യാത്രയില്‍ ട്രെയിനിന്റെ അലോസരപ്പെടുത്തുന്ന ശബ്ദം അവള്‍ കേട്ടതേയില്ലായിരുന്നു.

മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന ആ പഴയ തറവാടിന്റെ മുന്‍പില്‍ അവള്‍ എത്തി. ചുറ്റും കണ്ണോടിച്ചപ്പോള്‍ ആരെയും കാണുന്നില്ല.

മഴയത്തു അടര്‍ന്നുവീണ വെളുത്ത മന്ദാരപ്പൂക്കള്‍ ആരുടെയോ വരവ് കാത്ത് മണ്ണില്‍ മൂടി കിടക്കുന്നത് മാലിനി ശ്രദ്ധിച്ചു. പുറത്ത് തൂക്കിയിട്ടിരുന്ന ബെല്ലിന്റെ കയറില്‍ അവള്‍ പിടിച്ചു വലിച്ചു. ആ ശബ്ദം അവിടെമാകെ മുഴങ്ങി കേട്ടു. അകത്തുനിന്നും ഒരു സ്ത്രീ പുറത്തേക്ക് വന്നു അവളുടെ നേരെ നോക്കി നിന്നു. മാലിനി സ്വയം പരിചയപ്പെടുത്താന്‍ തുനിഞ്ഞപ്പോള്‍ ആ സ്ത്രീ അകത്തേക്ക് കയറിപ്പോയി. നിസ്സഹായയായി അവളാ മുറ്റത്ത് നിന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ സ്ത്രീ കത്തിച്ചുവച്ച ഒരു നിലവിളക്കുമായി അവള്‍ക്കരികില്‍ വന്നു.

'ഞാന്‍ ഭാമ, മാലിനി വരുമെന്ന് എനിക്കറിയാമായിരുന്നു'.

വാക്കുകള്‍ക്ക് വേണ്ടി പരതുമ്പോള്‍ കത്തിച്ചുവച്ച നിലവിളക്ക് മാലിനിക്ക് നേരെ ഭാമ നീട്ടി.

അവള്‍ അത് വാങ്ങി തെക്കേ പറമ്പിലേക്ക് നടന്നു. പായല്‍ പിടിച്ച നടപ്പാതയില്‍ ഓര്‍മ്മകള്‍ കൂട്ടംകൂട്ടമായി ഓടി വരുമ്പോള്‍ അവളുടെ കാല്‍പാദങ്ങള്‍ നനഞ്ഞു കിടന്ന പാതയില്‍ തണുപ്പേറ്റ് ഉറയുവാന്‍ വെമ്പുകയായിരുന്നു. അത്തിത്തറയില്‍ എത്തുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചാവുകളിലൂടെ ഗന്ധം ഉള്ളതായി അവള്‍ തിരിച്ചറിഞ്ഞു. വിളക്ക് അവിടെ വെച്ച് കുറെ നേരം നോക്കി നിന്നു. മുന്നറിയിപ്പുകള്‍ നല്‍കാതെ ഒരു ചാറ്റല്‍ മഴ അവളെ തഴുകുവാന്‍ തുടങ്ങി. അസ്ഥിതി തറയില്‍ നിലത്ത് മുട്ടുകുത്തിയിരുന്നു കൊണ്ട് അവള്‍ പറഞ്ഞു 'ഒരുപക്ഷേ ഇതായിരിക്കാം പ്രണയം. അവസാനത്തെ ഈ കടം'.

ചാറ്റല്‍മഴയില്‍ നിന്നും പ്രകൃതി പേമാരിയായി പെയ്തുകൊണ്ട് അവളുടെ വരവ് ആഘോഷിക്കുവാന്‍ തുടങ്ങി. 

ആ മഴയേറ്റു അസ്ഥിതറയില്‍ അവള്‍ ചാഞ്ഞുറങ്ങുമ്പോള്‍, ആ മഴ പോലെ അവളുടെ ശരീരവും തണുത്തുറഞ്ഞു പോയിരുന്നു.


Post a Comment

2 Comments

  1. നല്ല എഴുത്ത്

    ReplyDelete
  2. എഴുത്തു ഇഷ്ടപ്പെട്ടു

    ReplyDelete