ശിങ്കാരി » കഥ » സി. ആര്‍. സി. തെക്കെപുറം



'ശിങ്കാരി' എന്നായിരുന്നു അവളുടെ പേര്. നല്ല കറുകറുത്ത നിറം. മഞ്ഞ നിറത്തിലുള്ള കണ്ണ്, കണ്ണിന്റെ ഉണ്ണികള്‍ക്ക് നല്ല കറുത്ത നിറം. നല്ല എളിമയും,അനുസരണയും ഉള്ളവള്‍.ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോള്‍ മൂത്തമകനാണ് അവളെയും കൂട്ടി വീട്ടിലേക്ക് വന്നത്. ഞാനും ഭാര്യയും അവനോട് ചോദിക്കുകയും ചെയ്തു.  'എന്തിനാണ് ഇവളെ ഇങ്ങോട്ട് കൂട്ടി കൊണ്ടുവന്നത്'എന്ന്. അവന്‍ അതിനു മറുപടിയൊന്നും പറഞ്ഞിരുന്നില്ല. അവളും  മുഖം തിരിഞ്ഞ് നടന്നു. 

പിന്നെ ഞങ്ങള്‍ക്കും തോന്നി. മകന്‍ കൂട്ടിക്കൊണ്ടു വന്നതല്ലേ? അവനുമായി നല്ല ഐക്യത്തിലും സ്‌നേഹത്തിലുമായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കും തോന്നി. അവര്‍ തമ്മില്‍ നല്ല സ്‌നേഹത്തില്‍ ആണെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തിന് വിരോധം കാണിക്കണം, എന്ന്. അങ്ങനെ അവള്‍ ഞങ്ങളോടൊപ്പം ഞങ്ങളില്‍ ഒരാളായി ഉണ്ടും,ഉറങ്ങിയും, സ്‌നേഹിച്ചും, ലാളിച്ചും വളരാന്‍ തുടങ്ങി.പലപ്പോഴും അവള്‍ ഞങ്ങളോടൊപ്പം ഉറങ്ങിയും ഞങ്ങള്‍ എഴുന്നേല്‍ക്കും മുമ്പെ എഴുന്നേറ്റു ഞങ്ങളെ മെല്ലെ കൈകൊണ്ട് തട്ടി എഴുന്നേല്‍പ്പിച്ചു. ഞങ്ങളുടെ സ്‌നേഹവും പരിലാളനയും ഏറ്റുവാങ്ങി അവള്‍ വളരുകയാണ്. ഞങ്ങള്‍ ഭക്ഷണം കഴിക്കുന്ന സമയം അവളും ഭക്ഷണം കഴിക്കും.

 എല്ലാ സ്വാതന്ത്ര്യത്തോടും  അവകാശ ത്തോടുകൂടി അവള്‍ ഞങ്ങള്‍ക്കൊപ്പം,ഞങ്ങള്‍ അവളെ പരിപാലിക്കുന്നുണ്ടെന്ന് അറിവില്‍ അതിനേക്കാള്‍ ഏറെ ഞങ്ങളെ സ്‌നേഹിച്ചു കൊണ്ട് അവള്‍ ഞങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പു മുട്ടിച്ചു. ഒഴിവുസമയങ്ങളില്‍ സെറ്റിയിലോ മറ്റോ ഞങ്ങള്‍ വിശ്രമിക്കാന്‍ ഇരുന്നാല്‍ ഞങ്ങളുടെ മടിയില്‍ കയറിയിരിക്കാന്‍ അധികാരത്തോടെയും അവളുടെ അവകാശ പ്രഖ്യാപനതോടെ മടിയില്‍ വന്നു കയറിയിരിക്കും. മടിയില്‍ കയറി ഇരുന്നാല്‍ ഞങ്ങള്‍ അവളുടെ നിറുകയിലും,പുറത്തും സ്‌നേഹത്തോടെ തടവുമായിരുന്നു. അപ്പോള്‍ ലാളിത്യത്തോടെ, വിനയത്തോടെ വിധേയതത്തോടെ ഞങ്ങളുടെ മുഖത്തേക്ക് നോക്കും. എന്നിട്ട് നിങ്ങളുടെ സ്‌നേഹ ലാളനങ്ങള്‍ ഞാന്‍ സ്വീകരിചെന്ന ഭാവത്തില്‍ അല്പം കൂടി മടിയിലേക്ക് ചേര്‍ന്നിരിക്കും. കുറച്ചുകഴിയുമ്പോള്‍ അങ്ങനെ ഇരുന്ന് ഉറങ്ങി  എന്നും വരാം. അതല്ലെങ്കില്‍ ഞങ്ങള്‍ എഴുന്നേല്‍ക്കുന്നത് വരെ മടിയില്‍ ഉണ്ടാകും. മകന്‍ അവളെ കൂട്ടിക്കൊണ്ടുവന്ന രണ്ടുമൂന്നു മാസങ്ങള്‍ക്ക് ശേഷം അവന്റെ തൊഴില്‍ സംബന്ധമായി വിദേശത്തുപോയി. അവന്‍ പോകുമ്പോള്‍ ഞങ്ങളോട് പറഞ്ഞു 'അവളെ നോക്കണം, പാവമാണ്.' എന്നൊക്കെ. ആ ഉത്തരവാദിത്വം, ബാധ്യതയും ഏറ്റു ഞങ്ങള്‍ അവളെ പരിപാലിക്കുകയാണ്. ആദ്യമൊക്കെ കുറച്ചു ദിവസങ്ങളില്‍ അവള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ ഒരു അപരിചിതത്വം ഉണ്ടായിരുന്നു. പിന്നെ അത് കുറേശ്ശെയൊക്കെ പരിചയമായി ഞങ്ങളുമായി കൂടുതല്‍ അടുപ്പമായതോടെയാണ് മകന്‍ വിദേശത്ത് പോയത്. 

അന്നൊക്കെ ഞങ്ങളോട് എന്തെങ്കിലും പറയുകയോചോദിക്കുകയോ ചെയ്താല്‍ വലിയ അപരിചിത തോത്തില്‍ ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നു മറയുമായിരുന്നു.പിന്നെ മകന്‍ പോയതോടെ അവള്‍ക്ക് ഞങ്ങളല്ലാതെ വേറെ ആരുമില്ലെന്ന് അവസ്ഥയില്‍ അവള്‍ ഞങ്ങളോട് കൂടുതല്‍അടുക്കുകയും ആ അടുപ്പം, സ്‌നേഹം ഞങ്ങള്‍ തിരികെ അവളോട് പ്രകടിപ്പിക്കുകയും ചെയ്തതോടെ അവള്‍ ഞങ്ങള്‍ക്കും പ്രിയങ്കരിയായി. അതെ, ഞങ്ങളുടെ 'ശിങ്കാരി' അതാണ് മകന്‍ അവളെ വിളിച്ചിരുന്ന പേര്.

അതിന് കാരണം ഉണ്ട്. മകന്‍ അവളെ ശിങ്കാരി എന്ന് വിളിച്ചാല്‍ അവള്‍ ഒരു നാണം കുണുങ്ങിയായ പെണ്ണിനെ പോലെ ശൃംഗാരവേലന്റെ ഭാര്യ ശൃങ്കാരിയായി കുണുങ്ങിക്കുണുങ്ങി നാണത്തോടെ വരുന്നത് കാണാന്‍ നല്ല ശേലാണ്. എന്നിട്ട് ഞങ്ങളുടെ അടുത്ത് ശിങ്കാരത്തോടുകൂടി ശൃംഗാര ഭാവത്തോടുകൂടി നില്‍ക്കുന്നതും കാണുമ്പോള്‍ മകന്‍ അവളെ ശിങ്കാരി എന്ന് അല്ലാതെ വേറെ എന്താണ് വിളിക്കുക? മകന്‍ വിദേശത് ജോലിക്ക് പോയതോടുകൂടി അവള്‍ക്ക് അപ്പനും അമ്മയും ഒക്കെയായി ഞങ്ങള്‍ അവളെ പരിചരിച്ചു. അവളെ പരമാവധി പുറത്തിറക്കാതെ മറ്റുള്ളവര്‍ അധികം കാണാതെ ഞങ്ങള്‍ക്ക് ഞങ്ങളുടെ ചെറിയ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി ജീവിക്കാന്‍ പ്രേരിപ്പിച്ചു, അല്ലെങ്കില്‍ പരിശീലിപ്പിച്ചു. യാദൃശ്ചികമായി ഒരു ദിവസം വീട്ടില്‍ നിന്നു ഞാന്‍ പുറത്തുവിടെക്കോ പോയ സമയം ഭാര്യവീട്ടില്‍ ജോലികള്‍ ചെയ്യുന്ന, കാലത്ത് വീടിനു മുന്നിലൂടെ സ്‌കൂള്‍ കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്ന സമയം. 

വീടിന്റെ വാതില്‍ എന്തുകൊണ്ടോ തുറന്നു കിടന്നിരുന്നു. ആ ഒരു നിമിഷം അവള്‍ അത് എങ്ങനെയോ അറിഞ്ഞു.ഭാര്യ അറിയാതെ അവള്‍ പുറത്തേക്ക് കടന്നിരിക്കണം. അവള്‍ക്കും ആഗ്രഹം കാണില്ലേ പുറത്തൊരു ലോകമുണ്ട് അവിടുത്തെ കാറ്റും വെളിച്ചവും, അന്തരീക്ഷവും എല്ലാം കാണണമെന്ന്. പുറംലോകത്തെ ആ സ്വാതന്ത്ര്യം ഒന്ന് അനുഭവിച്ചറിയണമെന്ന്. അതുകൊണ്ടായിരിക്കണം ഒരുപക്ഷേ അവള്‍ ആരുടെയും അനുവാദമോ സമ്മതമോ ഇല്ലാതെ ആ ഒരു ഇടനേരം കൊണ്ട് പുറത്തേക്ക് കടന്നുപോയത്. ഭാര്യ അടുക്കള പണിയുടെ തിരക്കൊഴിഞ് അകത്ത് വന്നപ്പോള്‍ ഒറ്റനോട്ടത്തില്‍ ശിങ്കാരി അകത്ത് ഇല്ല എന്നതു ബോധ്യമായി.  അവള്‍ 'ശിങ്കാരി' എന്ന് കുറെ തവണ ഉറക്കെ വിളിച്ചു. അവള്‍ കരുതി സ്വന്തം എന്ന് കരുതി ഇത്രയും സ്‌നേഹിച്ചിട്ട്, പരിപാലിച്ചിട്ട് ഒരു ചെറിയ സൗകര്യം കിട്ടിയപ്പോള്‍ ഇവള്‍ ഞങ്ങളെ ഇട്ടേച്ച് എവിടേക്ക് പോയി . ഭാര്യ റോഡിലേക്ക് ഇറങ്ങി അടുത്ത വീടുകളിലേക്ക് ചെന്ന് ചോദിച്ചു ശിങ്കാരി മോളെ കണ്ടുവോ എന്ന്. ആരും കണ്ടതായി പറഞ്ഞില്ല. പുറത്തുപോയി തിരികെ വന്ന് എന്നോടും ഭാര്യ പറഞ്ഞു ശിങ്കാരി മോളെ കാണാനില്ലെന്ന്.ഞാനും ആകുലചിത്തനായി. ഇനി മകനോട് എന്തു പറയും? അതിനേക്കാള്‍ ഏറെ അവള്‍ ഇപ്പോള്‍ ഞങ്ങളുടെ വീട്ടിലെ ഒരു അംഗമാണ്. സ്വന്തമായി നൊന്തു പ്രസവിച്ച രണ്ട് ആണ്‍മക്കളെ ക്കാള്‍ പ്രിയങ്കരിയായി മാറിയിരിക്കുന്നു ശിങ്കാരി. അവള്‍ ഒരു വാകുരിയാടാതെ പുറത്തെ കാഴ്ചകള്‍ കാണാന്‍, പുറത്തേ ക്കാറ്റും വെളിച്ചവും കാണാന്‍ അവള്‍ പോയിരിക്കുന്നത്. അതാലോചിച്ചു എനിക്കും വിഷമമായി. ഞങ്ങള്‍ രണ്ടുപേരും കൂടി അങ്ങോട്ടുമിങ്ങോട്ടും അവളെ അന്വേഷിച്ചു നടന്നു. ഒടുവില്‍ മടുപ്പ് തോന്നി, വീട്ടില്‍ വന്നിരുന്നു. സമയം കുറെ കഴിഞ്ഞു മകന്റെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരന്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. 

അവന്‍ എങ്ങനെയോ അറിഞ്ഞിരുന്നു ശിങ്കാരി പുറത്തുപോയി എന്നുള്ളത്. ലോട്ടറി ടിക്കറ്റ് വില്‍ക്കുന്ന ഒരു കടയും അതിന്റെ ജോലിയും ആയിരുന്നു അവന്. അവന്‍ ബൈക്കില്‍ പോകുമ്പോള്‍ കറുത്ത ശിങ്കാരി റോഡ് കുറുകെ ബൈക്കിനു മുന്നില്‍ കൂടി ഓടി പോയിരുന്നത്രെ. അത്രയും കേട്ടപ്പോള്‍ എനിക്കും ഭാര്യ ക്കും ഭയം തോന്നി. കാരണം ഇവിടുത്തെ സ്ഥലങ്ങളും റോഡുകളും തോട്കളും അവള്‍ക്ക് അത്ര സുപരിചിതമല്ലല്ലോ. മാത്രമല്ല അത്രയും ബുദ്ധിയും സാമര്‍ത്ഥ്യവും പ്രകടിപ്പിക്കാന്‍ ചെറുപ്രായമാണല്ലോ. എന്തെങ്കിലും അപകടം സംഭവിക്കരുതെന്ന് ഞാനും ഭാര്യയും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ മകന്റെ കൂട്ടുകാരന്‍ വീണ്ടും എന്നെ ഫോണില്‍ വിളിച്ചു 'തീര്‍ച്ചയായിട്ടും രാജേട്ടന്റെ ശിങ്കാരി തന്നെയാണ്''അതെന്താ നീ ഇത്ര ഉറപ്പിച്ചു പറയാന്‍' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഫോണില്‍ നിന്നും മറുപടി വന്നു 'എന്നെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് പോലീസ് പിടിച്ച് പിഴ ഈടാക്കി' എന്ന് പറഞ്ഞു. ഞാന്‍ തിരിച്ചു ചോദിച്ചു 'അതുകൊണ്ട്?' എന്ന് 'ഉറപ്പാണ് രാജേട്ടാ, അത് രാജേട്ടന്റെ ശിങ്കാരി തന്നെ 'ഞാനും ഭാര്യയും അവന്‍ പറഞ്ഞ റോഡിലേക്ക് ചെന്ന് അവിടെ അന്വേഷിച്ചു. ഇല്ല. എങ്ങും കണ്ടില്ല. ആ വഴിയില്‍ കൂടി നടന്നു പോയവരോട് എല്ലാം ചോദിച്ചു. ആരും കണ്ടതായി പറഞ്ഞില്ല. 

ഞങ്ങള്‍ നിരാശരായി. ഇനിയും മകനോട് എന്തു പറയണം? ഞങ്ങളുടെ ശ്രദ്ധകുറവ് കൊണ്ട് അവള്‍ ഇവിടെ വിട്ടുപോയി എന്ന് പറഞ്ഞാല്‍ അവന്‍ സമ്മതിക്കുമൊ?അവനെ അവളുമായിട്ടുള്ള ബന്ധം അങ്ങനെ ആയിരിക്കാം. അത്രയും ഗാഢമായ ഒരു ആത്മബന്ധം ഉള്ളതുകൊണ്ടാണല്ലോ അവന്‍ അവളെയും കൂട്ടിക്കൊണ്ടുവന്നത്. മാത്രമല്ല അവന്‍ പോയതിനുശേഷം അവള്‍ ഞങ്ങളുമായി സ്‌നേഹവും അടുപ്പവും ആയിരുന്നു. ഒരുനേരം അവളടുത്തില്ലെന്നറിഞ്ഞാല്‍ ഭാര്യക്ക് വിഷമമാകും. ഒരു വേള പ്പുറത്തേക്ക് ഞാന്‍ പോയി തിരികെ വന്നു വണ്ടിയുടെ ഹോണ്‍ ശബ്ദം കേള്‍ക്കുമ്പോള്‍ ആ ശബ്ദം അകലെ നിന്ന് തിരിച്ചറിഞ്ഞ് വാതില്കല്‍  കാത്തു നിന്നിരുന്നവള്‍, ഞങ്ങളെ വിട്ടു പോയിരിക്കുന്നു. പോകട്ടെ ഞങ്ങളുടെ സ്‌നേഹം അവളും തിരിച്ചറിയേണ്ടതല്ലേ?അങ്ങനെ പറഞ്ഞ് ഭാര്യയെ ആശ്വസിപ്പിച്ചു. ഞങ്ങള്‍ വീണ്ടും തിരികെ റോഡില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു ഞങ്ങളുടെ വീട്ടിലെത്തി. വാതില്‍ ചാരി ഇട്ടിരുന്നതു തുറന്ന് അകത്തു കടന്നു. അകത്തു കടന്നപ്പോള്‍ ഞങ്ങളുടെ സാന്നിധ്യംഅറിഞ്ഞു അവള്‍ ഞങ്ങളുടെ മുന്നിലേക്ക് ഓടി വന്നു. അതു കണ്ടു ഭാര്യക്ക് സങ്കടം അടക്കാനായില്ല. 

ഭാര്യ അവളെ കോരിയെടുത്ത് വാരിപ്പുണര്‍ന്നു. 'നീ ഞങ്ങളെയൊക്കെവിട്ട്, കണ്ണുവെട്ടിച്ച് നീ എവിടെ പോയി?നിന്നെ ഇവിടെ മുഴുവന്‍ അന്വേഷിച്ചു ഒരു നിമിഷ നേരം കൊണ്ട് ഞങ്ങളുടെ കണ്ണുവെട്ടിച്ച് നീ എവിടെ പോയി'. ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. ശിങ്കാരിയും ഒരുപക്ഷേ അത് അവള്‍ക്കു ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ടോ എന്തോ ഞങ്ങളെ രണ്ടുപേരെയും തുറിച്ചു നോക്കി. ഭാര്യയും, ഞാനും അവളെ കുറെ ശകാരിച്ചു. അനുനയത്തില്‍കാര്യങ്ങള്‍ പറഞ്ഞു. അവള്‍ പോയാല്‍ ഞങ്ങളെക്കാള്‍ ഏറെ ദുഃഖിക്കുന്നത്  ഒരുപക്ഷേ മകനായിരിക്കും. അതുകൊണ്ട് നീ എവിടെക്കും പോകരുത്. മാത്രമല്ല ഇവിടുത്തെ സ്ഥലവും അങ്ങാടിയും വീടുകളും ഒന്നും പരിചയമില്ലല്ലോ എന്ന് പറഞ്ഞു. അവള്‍ ഞങ്ങള്‍ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ കേട്ടുകൊണ്ടിരുന്നു. അന്നത്തെ ഉച്ച ഭക്ഷണം കഴിഞ്ഞു. മകന്റെ കൂടെ പഠിച്ചിരുന്ന ഒരു കൂട്ടുകാരന്‍ വീണ്ടും എന്നെ ഫോണില്‍ എന്ന് വിളിച്ചു ചോദിച്ചു. എന്തായി 'രാജേട്ടാ ശിങ്കാരിയെ കണ്ടുവോ എന്ന്, അന്വേഷിച്ചു. മകന്റെ ഒപ്പം പഠിച്ചിരുന്ന അവന്‍ മകന്റെ ജീവിതത്തിനൊപ്പം സഞ്ചരിച്ചവന്‍ കൂടിയായിരുന്നു.മകന്റെ ജീവിതത്തിന്റെ പൊരുത്തവും, പൊരുത്തക്കേടും അറിയാവുന്ന ഒരു കൂട്ടുകാരന്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ശിങ്കാരി മകനെ സംബന്ധിച്ച്, അവളെ വലിയ താല്പര്യമായിരുന്നു എന്ന് അറിയാവുന്നതുകൊണ്ട് അവന്‍ എന്നോട് വിളിച്ചു അന്വേഷിച്ചതാണ്.ഞാന്‍ പറഞ്ഞു 'റോഡിലെല്ലാം പോയി ഞങ്ങള്‍ രണ്ടുപേരും അന്വേഷിച്ചു, തിരയാനായി സ്ഥലങ്ങള്‍ ഒന്നുമില്ല. 

ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോള്‍ അവള്‍ വീട്ടില്‍ നില്‍ക്കുന്നു. എവിടെ പോയതാടി എന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഒന്നും മിണ്ടുന്നില്ല. ഞങ്ങളെ തുറിച്ചു നോക്കി നില്കുന്നു. ഏതായാലും അവള്‍ തിരിച്ചു വീട്ടില്‍ എത്തിയല്ലോ.അത് ഒരാശ്വാസമായി. അതുകേട്ട് അവന്‍ പറഞ്ഞു ഞാന്‍ കുറച്ചു കഴിഞ്ഞ് വീട്ടിലേക്ക് വരുന്നുണ്ടെന്ന്. 'അതെന്തിനാ' ഞാന്‍ ചോദിച്ചു. 'കാര്യമുണ്ട് ഞാന്‍ തീര്‍ച്ചയായും വരും.' 'ശരി'യെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു. അന്ന് വൈകിട്ട് ഒരു ആറു മണിയോടെ മകന്റെ കൂട്ടുകാരന്‍ എന്റെ വീട്ടിലെത്തി. അവന്‍ വരുമ്പോള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ ഒരു കോഴിയെ ഡ്രസ്സ് ചെയ്ത് വാങ്ങിയതും കുറെ ലഡുവും കയ്യിലുണ്ടായിരുന്നു ഞങ്ങള്‍ക്ക് ഒന്നു രണ്ടു ലഡു തന്നു. ഞങ്ങള്‍ അത് കഴിച്ചു എന്നിട്ട് ചോദിച്ചു 'എന്താ മധുരം?' അവന്‍ മറുപടി പറയാതെ ശിങ്കാരിയെയാണ്അന്നെഷിച്ചത്. ശിങ്കാരിക്ക് അവനെ അത്ര പരിചയമില്ലാത്തതുകൊണ്ട് അകത്ത് മറവില്‍ നിന്നും അവള്‍ അവനെ വീക്ഷിക്കുന്നുണ്ടായിരുന്നു. എന്നിട്ട് കയ്യിലെ, തോല്‍ പൊളിച്ചു കഷണങ്ങളാക്കി മുറിച്ചെടുത്ത കോഴിയുടെ മാംസമുള്ള കവര്‍ നീട്ടി കൊണ്ടു പറഞ്ഞു. ' ഇത് ശിങ്കാരിക്കുള്ളതാണ്' എന്ന്. 'അതെന്താ' എന്ന് ഞാന്‍ അതിശയത്തോട് ചോദിച്ചു. 'ഞാന്‍ ബൈക്കില്‍ പോകുമ്പോള്‍ എന്റെ ബൈക്കിനു കുറുകെ ഇവള്‍ ഓടി.

പിന്നീട് ഞാന്‍ അറിഞ്ഞത് ഇവളെ കാണാനില്ല എന്ന്. ആ ബൈക്കിന് കുറുകെ ചാടിയപ്പോള്‍ എന്തോ ഒരു അപകടം ഞാന്‍ മണത്തു. ഞാന്‍ ടൗണിലെത്തി രാജേട്ടനോട് വണ്ടിയിലിരുന്ന് സംസാരിക്കുമ്പോഴാണ് പോലീസ് എനിക്ക് ആയിരം രൂപ പിഴ കെട്ടിച്ചത്, വണ്ടിയോടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതിന്.' അത് ശരിയാണ് വണ്ടിയോടിക്കുമ്പോള്‍ അത് പാടില്ല' 'ശരിയാ ഞാന്‍ അപ്പോള്‍ അതൊരു അപകടമായി കണ്ടെങ്കിലും പിന്നീട് വലിയൊരു സംഭവം കൂടി ഉണ്ടായി''അതെന്താ ''കടയില്‍ വില്പനയ്ക്ക് വെച്ചിരുന്ന കുറെ ടിക്കറ്റ് ബാക്കിയായിരുന്നു.അതില്‍ ഒരു ടിക്കറ്റിന് ഇന്നത്തെ ഫസ്റ്റ് പ്രൈസ് എഴുപത് ലക്ഷം രൂപ അടിച്ചിരിക്കുന്നു' അത് കേട്ട് എനിക്ക് സന്തോഷമായി.. അതിനാണല്ലോലഡ്ഡു,ഇവളെന്റെ ബൈക്കിന് കുറുകെ ഓടിയപ്പോള്‍ ദുശ്ശകുനവും പോലീസ് ഫൈനടപ്പിച്ചപ്പോള്‍ അത് ശരിയ്ക്കും എന്നെ സംബന്ധിച്ച് എനിക്ക്  ആ ദുശകുനം ഏറ്റു എന്ന് കൂട്ടി, എങ്കിലും പിന്നീട് ഇവള്‍ കുറുകെ ഓടിയത് കൊണ്ടാണ് ഫസ്റ്റ് പ്രൈസ് എനിക്ക് തന്നെ കിട്ടിയത് എന്നു ഞാന്‍ കരുതുന്നു' എന്ന് പറഞ്ഞു. അവന്റെ ആ വലിയ സന്തോഷത്തില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നു. പക്ഷേ ശിങ്കാരി അവള്‍ കോഴിയെ അധികം കഴിക്കാറില്ല. കാരണം അവള്‍ ഞങ്ങളുടെ ഓമനയായ ഒരു പേര്‍ഷ്യന്‍ പൂച്ചയാണ്. 

കഴുത്തില്‍ ഒരു ചരടില്‍ ഒരു മണികെട്ടി ഞങ്ങള്‍ക്കൊപ്പം നടക്കുന്ന ഞങ്ങളുടെ ശിങ്കാരി മണി പൂച്ച. അവള്‍ ചോറ് പോലും കഴിക്കാന്‍ സമ്മതിക്കാറില്ല. പെല്ലേറ്റ് തീറ്റയാണ്. കോഴി ഉപ്പും മുളകും ചേര്‍ക്കാതെ വേവിച്ച് മാംസം അടര്‍ത്തി പിചി കീറി കൊടുത്താല്‍ ഒന്നോ രണ്ടോ തുണ്ട് കഴിക്കും, അത്രമാത്രം. കറുത്ത പൂച്ച വണ്ടിക്കോ ആളുകള്‍ക്ക് കുറുകെയോ ഓടിയാല്‍ അത് ദുശ്ശകുനവും, അപകട സാധ്യതയും ആണെന്നാണല്ലോ പറയുക. ഞങ്ങളുടെ ശിങ്കാരി ആ ചൊല്ല് ശരിയല്ലെന്ന് സ്ഥാപിക്കുകയായിരുന്നു. പക്ഷേ അവള്‍ക്ക് കഥകള്‍ ഏറെ പറയാനുണ്ട് കേട്ടോ.പറയും.... അവള്‍. തീര്‍ച്ചയായും പറയും..
© C R C THEKKEPURAM

E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

8 Comments

  1. 🥰 my dear ശിങ്കാരി 👍🏻👍🏻

    ReplyDelete
  2. Nice!!!! Congratulations

    ReplyDelete
  3. കഥ സൂപ്പർ അവസാനം വലിയൊരു ട്വിസ്റ്റ്

    ReplyDelete
  4. നല്ല കഥ

    ReplyDelete
  5. Super story.... All the best...

    ReplyDelete
  6. കഥ വളരെ നന്നായിരുന്നു അഭിന്ദനങ്ങൾ

    ReplyDelete
Previous Post Next Post