ഗൗരിമോള്‍ ചിലങ്കകെട്ടുമ്പോള്‍...

ഗൗരിമോള്‍ ചിലങ്കയണിയുമ്പോള്‍ തലമുറകളിലേക്ക് നീളുന്ന കലാപാരമ്പര്യത്തിന്റെ താളമാണ് ഉയരുന്നത്. വരുന്ന 26ന് മാവേലിക്കര ഈവി കലാമണ്ഡലത്തിന്റെ സര്‍ഗ്ഗോത്സവത്തില്‍ സഭാപ്രവേശനത്തിന് തയ്യാറാവുകയാണ് ഗൗരി രാജേഷ് എന്ന കൊച്ചുനര്‍ത്തകി.

മാവേലിക്കര കുറത്തികാട് പള്ളിക്കല്‍ ശ്രീലക്ഷ്മിയില്‍ കെ.രാജേഷ് കുമാറിന്റെയും പ്രീത രാജേഷിന്റെയും മകളായ 12 വയസ്സുകാരി ഗൗരി 2017 മുതലാണ് നൃത്തം അഭ്യസിക്കുവാന്‍ തുടങ്ങിയത്. ആദ്യ ഗുരു മോനിഷയായിരുന്നു. ഗൗരിയിലെ പ്രതിഭയെ അന്നേ തിരിച്ചറിഞ്ഞ മോനിഷ ടീച്ചറില്‍
നിന്നും അരങ്ങേറ്റം കുറിക്കുമ്പോള്‍ ചിലങ്കകെട്ടുന്ന ഇപ്പോഴത്തെ ഗുരു കാവ്യ സൂര്യയ്ക്കും ഗൗരിയുടെ പ്രതിഭയില്‍ സംശയമില്ല.

ഗൗരിയുടെ കുടുംബം കലാപാമ്പര്യമുള്ളതാണ് എന്നതാണ് ഈ ചിലങ്കകെട്ടലിലൂടെ പുതിയ തലമുറയിലേക്കും പകരുന്ന കലയുടെ മാറ്റ് കൂട്ടുന്നത്. പിതാവ് രാജേഷ് തബലവാദകനാണ്. ഇപ്പോള്‍ മൗറീഷ്യസില്‍ ജോലി ചെയ്യുന്ന രാജേഷ് അവിടെ തബലയില്‍ ഡിപ്ലോമ ചെയ്യുന്നു. മാതാവ് പ്രീത കഥാകൃത്താണ്. ഗൗരിയുടെ മാതൃപിതാവ് അറിയപ്പെടുന്ന കവിയായ കൃഷ്ണന്‍ ഉണ്ണിത്താന്‍ ആണെന്നത് ഗൗരിയിലെ കലാകാരിയുടെ മികവിന്റെ മറ്റൊരു കാരണമായി മാറുന്നു.

നൃത്തത്തോടൊപ്പം തന്നെ ചിത്രരചനയിലും ഗൗരി രാജേഷ് പ്രതിഭ തെളിയിക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനകം തന്നെ ചെറുതും വലുതുമായ ഇരുപത്തിയഞ്ചിലധിരം ചിത്രരചനാ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ ഗൗരി ഇപ്പോള്‍ ഈവി കലാമണ്ഡലത്തില്‍ നൃത്തത്തോടൊപ്പം തന്നെ ഗുരു വിജയന്‍ സാറില്‍ നിന്നും ചിത്രരചനയും അഭ്യസിക്കുന്നു.

26ന് മാവേലിക്കര പുതിയകാവ് എന്‍.എസ്.എസ് ആഡിറ്റോറിയത്തില്‍ ഗൗരി ചിലങ്കകെട്ടി അരങ്ങേറ്റം കുറിക്കുമ്പോള്‍ കലയെ നെഞ്ചോട് ചേര്‍ത്ത ഒരു കുടുംബത്തിന്റെ പുതുതലമുറയുടെ ചരിത്രം ആരംഭിക്കുകയാണ്. പ്രാര്‍ത്ഥനയോടെ സര്‍വ്വപിന്‍തുണയുമായി മാതൃസഹോദരന്‍ പ്രദീപ് ചക്കോലിയും മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഗൗരിക്കൊപ്പമുണ്ട്.

...................................
ഇ-ദളം വാര്‍ത്ത

Post a Comment

1 Comments