(1)
തെരുവുകൾ വിളിക്കുന്നു
തെരുവുകൾ,
ചുംബനങ്ങൾ കൊണ്ടിപ്പോൾ
പൊറുതിമുട്ടുന്നില്ല..
പ്രണയത്തിന്റെ പുളയ്ക്കുന്ന
സീല്കാരശബ്ദങ്ങളാൽ മുഖരിതമാവുന്നില്ല..
ഉടലുകൾ പൂക്കുന്ന
ഉന്മാദങ്ങളെക്കുറിച്ച്
ആരുമിവിടെ ഉരിയാടുന്നില്ല..
ചുട്ടുപൊള്ളുന്ന വെയിലിൽ
കുടമറകൾക്കുള്ളിലിരുന്ന്
പ്രണയം പകരുന്നവരെയിപ്പോൾ
കാണാറേയില്ല..
നമ്മുടെ ദേശവീഥികൾ,
അശാന്തമായൊരു കവിതയെഴുത്തിന്റെ
കനൽപഥങ്ങളിലാണ്..
കാൽച്ചുവട്ടിലെ മണ്ണടർന്നുപോകുന്ന
മനുഷ്യരുടെ കാൽപ്പാദങ്ങൾക്ക് വേരാഴ്ത്തിനിൽക്കാൻ മാറിടം തുറക്കുന്ന മഹായത്നത്തിലാണ്...
ഉച്ചികളിൽ തിളയ്ക്കുന്ന
വിയർപ്പിറ്റ് കനക്കുന്ന ഉഷ്ണപ്പകലിലും
ഇരുട്ടിന്റെ മൂർച്ചകളിൽ തുളച്ചുകയറുന്ന
രാത്രിത്തണുപ്പിലും
ഉറങ്ങാതെയുലയാതെ നാടിന് കാവലായ്
കൈകൾ കോർത്തുവച്ച് ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയാണ്..
ഉടലുകളിലേക്ക് നീളുന്ന ലാത്തികളിൽ
സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും
പനിനീർ പൂവുകൾ ചൂടിക്കുന്ന തിരക്കുകളിലാണ്..
ആഘോഷങ്ങളെപ്പോലും സമരങ്ങളാക്കുന്ന ആവേശത്തിലാണ്..
പൂവിറുക്കുന്ന ചൂണ്ടുവിരലുകൾ
അനീതിക്കുനേരെ ഉയരുകയാണ്..
പ്രണയികൾപോലും
തിളയ്ക്കുന്ന മുദ്രാവാക്യങ്ങളാലുമ്മവെച്ച്
നാടിന്റെ ചൂടായ് മാറുകയാണ്..
ഒരു ദേശരാഷ്ട്രമാകെ ജനതകളുടെ
ചരിത്രം പങ്കുവച്ച് ഉണർന്നിരിക്കുകയാണ്..
വരൂ...
നമുക്കും പോകാം...
ഞാനുമപരനുമൊന്നായ് പിറന്ന നാടാണിതെന്ന്..
ഞാനുമവനുമെന്നതില്ലാതെ
നമ്മളൊന്നായ് വളർന്ന മണ്ണാണിതെന്ന്..
നിറകുടം കിനാക്കൾ വാരിവിതറിയ നമ്മുടെ സ്വപ്നങ്ങൾ പൂക്കുന്ന വിണ്ണാണിതെന്ന്..
ഒരാൾക്കുനേരെ തൊടുത്താലൊരായിരം
നെഞ്ചിടങ്ങൾകൊണ്ട് തടുക്കുന്നൊരുണ്മയാണിതെന്ന്
വെറുപ്പിന്റെ വിഷം കലർത്തുന്ന
നരാധമന്മാരോടുറക്കെ ചൊല്ലാം..
നമ്മുടെ തെരുവാണിതെന്നേറ്റുചൊല്ലാം..
ഇടനെഞ്ചിലേക്ക് തുളഞ്ഞു കയറുന്ന വെടിയുണ്ടകളെ നോക്കി പുഞ്ചിരിക്കാം..
ചുരുട്ടിയ മുഷ്ടികളിലെ മുദ്രാവാക്യങ്ങളെയും
ഉയർത്തിയ തീപന്തങ്ങളെയും
തലമുറകൾക്ക് കൈമാറി
ഈ മണ്ണിന്റെ വേരായ് പടർന്നുകയറാം...
(2)
ഒരു സമരകവിത
നമ്മുടെ
കവിതകളെ
ഉപമകളിൽ നിന്നും
അലങ്കാരങ്ങളിൽ നിന്നും
അടർത്തിമാറ്റുക.
അവ,
മുദ്രാവാക്യങ്ങളായും
വിപ്ലവ വിത്തുകളായും
ഹൃദയങ്ങളിൽ വിതയ്ക്കപ്പെടട്ടെ.
നമ്മുടെ
തെരുവുകൾ
മറ്റൊരു വസന്തത്തിനായ് അശാന്തമാവട്ടെ.
നമ്മുടെ
മനസ്സുകൾ
പുതിയൊരു പുലരിക്കായി
അസ്വസ്ഥമാവട്ടെ.
നമ്മളോർക്കുക....
ഓർമ്മയെന്നത് ആദ്യത്തെ പ്രതിരോധമാണെന്ന്...
നമ്മളറിയുക
മായ്ച്ചുകളായാനാവാത്തവിധം വേരോടി നിൽക്കുന്ന ഓർമ്മകളുടെ മഹാവൃക്ഷമാണീ ജനപഥങ്ങളെന്ന്...
നിങ്ങളോർക്കുന്നില്ലേ..
അന്ന്,
ആദ്യമവർ നമ്മളിൽ ചിലരെ
അതിനിഷ്ടൂരമായി കൊന്നുകളഞ്ഞു.
'കൊന്നു'
എന്നതിന് ആലങ്കാരികമായ
മറ്റൊരു പദവും നമ്മൾ തിരയേണ്ടതില്ല.
തിരഞ്ഞുപോയൊടുവിൽ നാം കൊണ്ടുവയ്ക്കുന്നത്,
നേരമ്പോക്കിനായവർ
മൂർച്ചയുള്ള ഈർച്ചവാളെടുത്ത്
പരസ്പരം തലമുറിച്ച് കളിച്ച് രസിച്ചുവെന്നായിരിക്കും..
അതിനാൽ
ഉപമകളില്ലാത്ത ഒറ്റവാക്കായ്
അത്
ചരിത്രത്തിൽ തെറ്റി നിൽക്കട്ടെ.
പിഞ്ചുകുഞ്ഞുങ്ങളെ
ശൂലമുനകളിൽ കോർത്തും,
ഉടുതുണിയുരിഞ്ഞ്
പെണ്ണുടലുകളിൽ കാമം വിസർജ്ജിച്ചും
ഉന്മാദദേശീയതയുടെ
കൊടി അവരുയർത്തി.
പിന്നീട്,
വാക്കുകളിൽ വിഷം പുരട്ടിയ വാക്കുകളുമായി
നമ്മുടെ വീടുകളെ തിരഞ്ഞവരെത്തി.
തുണിയുരിഞ്ഞു നോക്കിയും
മതമുരച്ചുനോക്കിയും
തെരുവുകളിലേക്കവർ നമ്മെ ആട്ടിത്തെളിച്ചു.
അവരുടെ വാൾത്തലപ്പുകളിൽ നിന്ന് വേർപെട്ടുപോയ
തലയുള്ള ഉടലുകളെ
പിന്നെയും തിരഞ്ഞുപിടിച്ചു.
രാജ്യദ്രോഹികളെന്ന ചാപ്പകുത്തി
ചാട്ടവാറടിച്ച്
അഴികൾക്കുള്ളിൽ കുഴിച്ചുമൂടി.
മറ്റുചിലരെ പിന്നിലൂടെ വന്ന്
പുറങ്കാലുകൊണ്ട്
പട്ടികണക്കെ തട്ടിയെറിഞ്ഞു.
ഓടുന്ന വണ്ടിയിൽ ആളുണ്ടായിരുന്നുവെന്നുറക്കെപ്പറഞ്ഞൊരു ഭട്ടിനെ കട്ടപിടിച്ച ഇരുട്ടിലവർ പൂട്ടിയിട്ടു.
ഇപ്പോഴവർ,
ദേശത്തിനായ് ജീവത്യാഗം ചെയ്തവരുടെ
വംശവേരുകളെ
അടിയോടെ പിഴുത്
അഭയാർത്ഥികളാക്കാൻ കോപ്പുകൂട്ടുന്നു.
അതാ നോക്കൂ.....
ഞാൻ തന്നെയാണ്
ദേശമെന്നുറക്കെ പറഞ്ഞുകൊണ്ടൊരു ശവം,
നാടുനീളെ അലറിപ്പായുന്നത്
നിങ്ങൾ കാണുന്നില്ലേ..
അതിന്റെ നാവിൽനിന്നിറ്റുവീഴുന്ന
പേവിഷത്തുള്ളികളിൽ വെള്ളപ്പട്ടാളത്തിന്റെ ബൂട്ടിന്റെ നിറം നിങ്ങൾ കാണുന്നില്ലേ....
ഇതാ നോക്കൂ...
ഇവിടെ..
നാടിന്നായ് ജീവത്യാഗം ചെയ്ത
ധീരയോദ്ധാക്കളുടെ വരിയൊത്ത നിര നിങ്ങൾക്കാവേശമായുയർത്തെഴുന്നേൽക്കുന്നത് കാണുന്നില്ലേ....
അവരുടെ നെഞ്ചിടങ്ങളിൽ
അധിനിവേശവിരുദ്ധ യുദ്ധങ്ങളേല്പിച്ച
വെടിയുണ്ടപ്പാടുകൾ തെളിഞ്ഞുവരുന്നത് കാണുന്നില്ലേ....
ദേശത്തിന്റെ തുടിപ്പായ
സമരതീക്ഷ്ണ യൗവ്വനങ്ങളെ...
നിങ്ങളുടെ കണ്ണുകളെ
നൂറ്റാണ്ടുകളുടെ ചരിത്രപഥങ്ങളിൽ തിരയാൻ വിടുക.
നിങ്ങളുടെ കാതുകളെ
കാതങ്ങൾ താണ്ടുന്ന കാറ്റിനോടൊപ്പമലയാൻ വിടുക.
നിങ്ങളുടെ ബോധ്യങ്ങളിൽ
നമുക്കായ് മരിച്ചവരുടെ പേരുകളട്ടിയട്ടിയായൊട്ടിച്ചുവയ്ക്കുക.
എന്നിട്ട്,
നിങ്ങളൊരുകയ്യിൽ
ചെറു കല്ലുകളെടുക്കുക.
മറുകയ്യിൽ പനിനീർ പൂവുമെടുക്കുക.
രാജ്യത്തെ നെഞ്ചോട്
ചേർത്തു പിടിച്ച്
ചൂണ്ടു വിരൽ നീട്ടിപിടിച്ചുകൊണ്ട്
ഉച്ചത്തിൽ വിളിച്ചുപറയുക...
ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല.... !!!
അതിലുമേറെ ഉച്ചത്തിൽ
അതിലുമേറെയുച്ചത്തിൽ
വീണ്ടും വിളിച്ചുപറയുക....
അസ്സലാം..
നീൽസലാം.....
ആസാദി...
ഈങ്ക്വിലാബ്......
(3)
പേരില്ലാത്തവർ
മണ്ണുണ്ടായിരുന്നു
വീടുണ്ടായിരുന്നു
വീട്ടുകാരുമുണ്ടായിരുന്നു.
കാലികളുണ്ടായിരുന്നു
കച്ചവടമുണ്ടായിരുന്നു
കനവുകളുമുണ്ടായിരുന്നു.
പിറന്ന മണ്ണിനുവേണ്ടി
പോരടിച്ചവരുണ്ടായിരുന്നു.
ശത്രുവിന്റെ വെടിയേറ്റ്
മൃതിയടഞ്ഞവരുണ്ടായിരുന്നു
ഇതാണെന്റെ നാടെന്ന്
അഭിമാനം കൊണ്ടവരുമുണ്ടായിരുന്നു.
കൂട്ടുകാർ
നാട്ടുകാർ
അയൽവാസികൾ
അടുത്ത ബന്ധുക്കൾ
പലപേരുകളിൽ വിളിച്ചവരുണ്ടായിരുന്നു.
നേരമൊന്നിരുട്ടി പുലർന്നപ്പോൾ
പേര് മാത്രമല്ല,
വേര് പോലും നഷ്ടപെട്ടവരായവർ..
പിറന്ന മണ്ണിൽ അഭയാർത്ഥികളായി
അപരന്റെ മുന്നിൽ
കൈകൂപ്പി നിൽക്കേണ്ടി വന്നവർ...
അവരുടെ കണ്ണുകളിന്ന്
ഇരുണ്ട ഗർത്തങ്ങളാണ്..
നെഞ്ചിടിപ്പിന്റെ വേഗം കൊണ്ട്
ഉടലുകളുലയുകയാണ്..
പുറത്താകും മുന്നേ പ്രാണൻ പറിഞ്ഞു
പോകണേയെന്ന് പ്രാർത്ഥിക്കുകയാണ്..
പിഞ്ചുമക്കളെ നെഞ്ചോടടക്കിപ്പിടിച്ച്
ലോകത്തോട് കേഴുകയാണ്...
ഇല്ല !
നമുക്കൊന്നും നഷ്ടപ്പെട്ടില്ലല്ലോ
നമ്മുടെ വീടും കുടുംബവും സുരക്ഷിതമാണല്ലോ..
മഹാപുരുഷന്മാരെന്ന് വാനോളം
വാഴ്ത്തുന്നവർ നമുക്ക് ചുറ്റുമുണ്ടല്ലോ
പിന്നെന്തിന് നാം ആകുലപ്പെടണം....
ശവങ്ങളെ....
നിങ്ങൾ സ്വസ്ഥമായി ഉറങ്ങിക്കൊള്ളുക...
കല്ലറകൾ പിളരുന്നൊരു കാലം വരും
അന്ന്,
ചിരിച്ചുകൊണ്ട് നിൽക്കാൻ
ഇന്ന് കരഞ്ഞവർക്കേ സാധ്യമാവൂ.......
(4)
നീൽസലാം...
നീലനിറമിന്ന് കനലായെരിഞ്ഞൊരു
കവിതയായ് പിറക്കുന്നു.
മേലേക്കുയർത്തി
ചുരുട്ടുമീ മുഷ്ടികൾക്കുള്ളി-
ലിന്ത്യയുടെയാത്മാവ് തുടിക്കുന്നു.
ഒറ്റയാക്കി തകർക്കുവാൻ കൂട്ടമായെത്തുന്ന
കാവികാക്കി കളസ കാപാലികരെ
ചൂണ്ടുവിരലുയർത്തി തടുക്കുന്നു ഭാരതം.
ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും
ദളിതനും ജൈനനും ബുദ്ധനും സിഖും
ജൂതനും പാഴ്സിയും ദൈവനിഷേധിയും
കൈകളൊന്നായ് കോർത്തു കാക്കുമിതിന്ത്യയുടെ പോർമുഖം.
നൂറ്റാണ്ടുകാലം പോരാടി നേടിയ
നന്മയാമിന്ത്യതൻ ഹൃത്തടത്തിൽ
കളങ്കം നിറയ്ക്കുവാനനുവദിക്കില്ലെ-
ന്നുറക്കെ പറയുന്നു നവ യൗവ്വനം.
അന്നൊരു രാവണൻ സീതയെ കട്ടെടുത്തെങ്കിലിന്നൊരു രാവണൻ പോരാടുന്നു വീണ്ടെടുക്കുവാനിന്ത്യയെ.
സിരകളിലോടുന്ന നീലരക്തം പകർന്നവനേകുന്നു
നമ്മൾക്കാവേശചിത്തം.
അതേ...
തോറ്റിടും നിങ്ങളീ ശക്തിക്കുമുന്നിൽ
ആവില്ല കാലം ഏറെ പിടിച്ചുനിൽക്കാൻ...
(5)
അനന്തരം
--------------
അനന്തരം
അവർ പറഞ്ഞു,
ഗുജറാത്തിൽ
കണ്ണുപൊത്തിക്കളിച്ചവരാണ്
കലപിലകൂട്ടി കലാപമുണ്ടാക്കിയതെന്ന്.
ഗർഭിണികൾ സ്വയം തൃശൂലമെടുത്ത്
വയർ പിളർന്നാഘോഷിച്ചുവെന്ന്.
പിഞ്ചു കുട്ടികൾ,
പെണ്ണുങ്ങൾ,
വയോധികർ,
പരസ്പരം വാളെടുത്തു വെട്ടിക്കളിച്ചതാണെന്ന്.
അതുകണ്ട തെരുവുകൾ
കബന്ധങ്ങളാൽ ഉന്മാദനൃത്തമാടിയെന്ന്.
കുതുബുദ്ദീൻ അൻസാരി ഫോട്ടോഷൂട്ടിനായാണ്
കൈകൾ കൂപ്പി
പോസ്സ് ചെയ്തതെന്ന്.
ഇഹ്സാൻ ജാഫ്രി കൂടെയുള്ളവരോടൊപ്പം തീകൊളുത്തി സതിയനുഷ്ഠിച്ചതാണെന്ന്.
അനന്തരം,
പ്രത്യേകപ്പേരുള്ള ചില പട്ടികുട്ടികൾ ഓടുന്ന വണ്ടിയുടെ ടയർകൊണ്ട് ചതഞ്ഞരഞ്ഞതാണെന്ന്.
അനന്തരം,
അവർ പറഞ്ഞു,
അപ്പോഴൊക്കെയും
പോലീസുകാർ പേറെടുക്കുന്ന പാറാവിലായിരുന്നുവെന്ന്..
മന്ത്രിമാർ അരമനകളിൽ ആറാട്ടിലായിരുന്നുവെന്ന്..
ഭരണകൂടം ശാന്തിക്ക് വേണ്ടി തപസ്സായിരുന്നുവെന്ന്..
അതിനാൽ,
ശിക്ഷ അനുഭവിക്കേണ്ടവർ
കൊലചെയ്യപ്പെട്ടവരാണെന്ന്..
അനന്തരം,
വിശുദ്ധരെന്നു ഒപ്പിട്ട കിട്ടിയ വെള്ളപ്പേപ്പറുമായി അവരിൽ
ചിലരിപ്പോൾ നാട് വാഴുന്നു....
-----------------------------
Tags
കവിത

വാക്കുകൾ കൊണ്ടൊരു മഴവില്ല് തീർത്തു.... നല്ല ഭംഗി..
ReplyDelete🖤🖤🖤🖤🖤🖤
ReplyDeleteതലമുറകള്ക്ക് വേണ്ടിയുള്ള പ്രതിഷേധസ്വരം... നമ്മള് പ്രകൃതിയെ ചൂഴണം ചെയ്യുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. അതുപോലെ തന്നെ നമ്മുടെ സ്വച്ഛ ജീവിതം ചൂഷണം ചെയ്യുന്ന ഇത്തരം നീക്കങ്ങള്ക്കെതിരെയും പ്രതികരിക്കേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള് മെഹബൂബ്.
ReplyDeleteആദ്യ രണ്ട് കവിതയും വായിച്ചു. നന്നായിട്ടുണ്ട്. ബാക്കി വായിച്ചിട്ട് അഭിപ്രായം അറിയിക്കാം.
ReplyDeleteഇനിയും വാക്കുകൾ കനൽപൂക്കളകട്ടെ....
ReplyDeleteഭാവുകങ്ങൾ
വായിച്ചവർക്കും അഭിപ്രായം എഴുതിയവർക്കും സ്നേഹം...
ReplyDeletenannayairikkunnu
ReplyDelete