മനുഷ്യന് മരത്തില്‍ കാണുമ്പോള്‍ വൈറസ് അതു മാനത്തു കാണും. പണ്ടും അങ്ങനെ തന്നെ ഇപ്പോഴും അങ്ങനെ തന്നെ. കൊറോണ വൈറസിനെ അറിയില്ലേ? സാര്‍സും മേഴ്സും ഇത്ര പെട്ടന്നു മറന്നു പോയോ മലയാളികളെ? കൊറോണ കുടുംബത്തില്‍ പെട്ടവര്‍ തന്നെയാണ് മുന്‍പ് ചൈനയില്‍ വന്നു കുറച്ചു പേരെ വിളിച്ചു മണ്ണിന്റടിയില് കിടത്തിയ കുടുംബകാരനായ സാര്സ്ന്റെ അടുത്ത ബന്ധുവാ ഈ പുതിയ വൈറസ്. തമാശ എന്താന്ന് വെച്ചാല്‍ ഈ പുതിയ അലമ്പനെ കുറിച് അധികം ഒന്നും അറിയില്ല ഡോക്ടര്‍മാര്‍ക്കും. ന്യുമോണിയ ഒരു ലക്ഷണം ആയേക്കാം എന്നാണു അവര്‍ പറയുന്നത്. എന്താണേലും സാധനം വന്നാല്‍ പനിയുടെ ലക്ഷണം ഉണ്ടാകും. ലോകാരോഗ്യ സംഘടന പുതിയ കൊറോണ വെറും വില്ലന്‍ അല്ല കൊടും ഭീകരന് ആണെന്നാണ് പറയുന്നത്. അല്ല പറയാനും കാരണം ഉണ്ട്, ജന്തുക്കളില്‍ നിന്നു ജന്തുക്കളിലേക്ക് ചാടി നടക്കും ആദ്യം കണ്ട സ്വഭാവം അല്ല അടുത്ത ഒരു ജന്തുവില്‍ കയറുമ്പോള്‍. രൂപവും മാറും സ്വഭാവവും മാറും ഇതിനാണേല്‍ മരുന്നും കണ്ടു പിടിച്ചിട്ടില്ല അതെങ്ങനാ ഇതെന്താ ജീവി എന്നോ, എവിടുന്നാ വരുന്നത് എന്നോ അറിയേണ്ടേ, ആളെ കൊല്ലുന്ന കാര്യത്തില്‍ സാര്‍സിനെ കടത്തിവെട്ടുമോ? ആ എന്നാ അറിയാവുന്ന ആരോഗ്യ സംഘടനകള്‍ പറയുന്നത്. ഈ പുതിയ വൈറസ് പുത്രനെ പറ്റി അറിയില്ലെങ്കിലും ഇവന്റെ കുടുംബക്കാരെ കുറിച് പഠിച്ചു വരുന്നതേ ഉള്ളു എന്നാണു ഇമ്പീരിയല്‍ കോളേജ് പറയുന്നത്. സ്വന്തമായി ഒരു പേരു പോലും ഇല്ലാത്ത ഈ വൈറസിനെ കുറിച്ചാണ് ആശങ്ക പെടേണ്ട എന്നു ചിലര്‍ പറയുന്നത് വല്ല ബാക്റ്റീരിയയും ആയിരുന്നേല്‍ സമാധാനം ഉണ്ടായിരുന്നു. ആന്റിബയോട്ടിക് കൊടുത്താല്‍ സന്തോഷത്തോടെ പോയേനെ ഇത് വൈറസ് അല്ലെ. പ്രതിരോധ ശേഷി കുറഞ്ഞവര്‍ ഒന്നു ആ ശേഷി കൂട്ടി വെച്ചോട്ടാ. ഇതല്ല ഇതിനപ്പുറം ചാടി കടന്നവരാ മനുഷ്യന് എന്തെങ്കിലും ഒരു കൊനഷ്ട് കാണാതെ വരില്ല ഇതിനും .
അലനും താഹയും അതാണല്ലോ വിഷയം. മുഖ്യമന്ത്രി പറയുന്നു മാവോയിസ്റ്റ് ആണെന്ന്, അല്ലെന്നു പിള്ളേരു പറയുന്നു. തീവ്ര ആശയങ്ങള്‍ ഉള്ളവരായത് കൊണ്ട് മാവോയിസ്റ്റ് ആണത്രേ. തീവ്ര തോന്ന്യവാസം കാണിക്കുന്ന എസ് എഫ് ഐ കാരെ എന്ത് വിളിക്കണം അപ്പോള്‍? അവിടെ വരുമ്പോള്‍ കുട്ടികള്‍ ഇവരുടെ കാര്യം വരുമ്പോ കുത്തിത്തിരിപ്പുകള്‍. ഇരട്ട ചങ്കന് ആയതുകൊണ്ടാവും ഇരട്ട അഭിപ്രായം രൂപപ്പെടുന്നത് . അഭിമന്യുവിനെ കാലയവനികയ്ക്കുള്ളില്‍ അയച്ച മതഭ്രാന്തന്മാരുമായി സൗഹൃദം പങ്കിടാം വേണേല്‍ ചെങ്കൊടിയുടെ നിറം മാറ്റി പച്ച കൊടിയാക്കാം ഒരു പ്രശ്നവും ഇല്ല. അമ്പലത്തിന്റെ കാര്യം പറഞ്ഞാല്‍ സംഘപരിവാര്‍ വര്‍ഗീയത. പള്ളി വിട്ടുകൊടുക്കാന്‍ കോടതി പറഞ്ഞു കഴിയും മുന്‍പേ ഹര്‍ജി. വിധി നടപ്പാക്കാന്‍ എന്തോ ഒരു വിമ്മിഷ്ടം. അതൊന്നും സംഘ പരിവാര്‍ അജണ്ട അല്ലല്ലോ അതാവും കാരണം എന്നാണു ചിലര്‍ പറയുന്നത്. മത സൗഹാര്‍ദം പറഞ്ഞു ഇമ്മാതിരി പണി കാണിക്കുന്നത് കൊണ്ടാ സഖാവേ നാട്ടില്‍ ഈ പറഞ്ഞ കാവിക്കൊടികള്‍ അമ്പലങ്ങളില്‍ പൊങ്ങുന്നത്. ഇങ്ങനെ ഉള്ള ജനനന്മ കാരണമാ പലപ്പോഴും മതം പറഞ്ഞു സെന്കുമാര്മാര് ജനിക്കുന്നത് . ഇതാണോ ഈ വൈകി വന്ന വിപ്ലവം. കാര്യം പറയുമ്പോ യൂ പി യോ ഗുജറാത്തോ പറഞ്ഞിട്ട് കാര്യമില്ല സൂചികയും കൊണ്ടു താരതമ്യ പെടുത്തുന്നത് രാജ്യങ്ങളും ആയിട്ടാണേല് അവിടുത്തെ സ്ഥിതിയും ആയി തട്ടിച്ചു നോക്കണം അല്ലാണ്ട് ഹിന്ദുവായ നീ എന്തിനാടാ മുസ്ലിമിന്റെ കൂട്ടുകെട്ട് എന്നു ചോദിക്കുന്ന യൂ പി പോലീസിനോടല്ല .
സൂര്യ സിദ്ധാന്തം എന്നൊരു കൃതി ഉണ്ട് അതു വായിച്ചു പഠിച്ചിട്ടാണത്രെ യൂറോപ്പിലെ സായിപ്പു ശൂന്യാകാശ രംഗത്ത് മുന്പില് എത്തിയത് എന്നു. ഞാന്‍ പറഞ്ഞതല്ല ഗവര്‍ണര്‍ അവറുകള്‍ പറഞ്ഞതാണ്. ശെരിയാണ് മോഹദെ ഒരു കൃതി ഉണ്ട് പക്ഷെ അതു വായിച്ചിട്ടാണോ ന്യുട്ടണ്‍ പ്രിന്‍സിപിയ മാത്തമാറ്റിക്ക എഴുതിയത് എന്നു അറിയില്ല അതു പോലെ തന്നെ പൈതഗോറസ് സിദ്ധാന്തം കണ്ടു പിടിച്ചതെന്നും. അറിയില്ല പക്ഷെ വിവരക്കേട് പറയുന്നതിന് ഒരു മറ ഇല്ലേ ? ആ ബിപ്ലബിനെ കണ്ടു പഠിക്ക് മണ്ടത്തരം എപ്പോ പറയണം എന്നു പറഞ്ഞുതരും. പണ്ടു ശ്രീ അബ്ദുള്‍ കലാം പറഞ്ഞ ഒരു അനുഭവ കഥ ഉണ്ട് ഗൈറോസ്കോപ്പിന്റെ വിദ്യ കൈമാറാന്‍ പറ്റില്ല എന്നു പറഞ്ഞ ഫ്രാന്‍സിനെ വെല്ലുവിളിച്ചു ഐ എസ് ആര് ഓ ആ വിദ്യ വികസിപ്പിച്ചെടുത്ത കഥ . ഈ പൊത്തകം നോക്കിയാണ് ലവന്മാര് സ്പേസ് സ്റ്റേഷനും റൊസേറ്റയും ഒക്കെ യാണ് എന്നു പറഞ്ഞാല്‍ വിജ്രംഭിച്ചിരിക്കാന് വേറെ ആളെ നോക്കണം . സാറു ഈ പുസ്തകം വായിച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ വെസ്റ്റ്ബംഗാള് സര്‍ക്കാരിന്റെ സൈറ്റിലൊന്നില് കിടപ്പുണ്ട്. രണ്ടു കോടി വര്‍ഷം മുന്‍പുള്ളത് എന്നൊക്കെയാണ് ചിലര്‍ പറയുന്നത് പണ്ടു സ്പാനിഷ് രാജാവ് വില കൊടുത്തു മേടിച്ചിട്ട് യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ക്ക് ഇതു ശെരിയാവും എന്നു തോന്നിയത് 1964-ല്‍ ആവും കാരണം അണ്ണാ അന്നാണ് യൂറോപ്പ്യന്‍ സ്പേസ് ഏജന്‍സി നിലവില്‍ വന്നത്. ചുമ്മാതാണോ ചരിത്ര കോണ്‍ഗ്രസില്‍ സംസാരിക്കാന്‍ അനുവദിക്കാഞ്ഞത്.
കുട്ടികള്‍ മതങ്ങളെ പറ്റി അറിയണം. അതു ഒരു മതം മാത്രം അറിഞ്ഞാല്‍ മതി എന്നു നിര്‍ബന്ധം പിടിച്ചാല്‍, ഈ കണ്ട നാട്ടുകാര്‍ ഭരണഘടനയുടെ എന്തോ താറുമാറായി എന്നും പറഞ്ഞു ബഹളം വെച്ചതും ഏതാണ്ട് ഇതേ കാര്യത്തിന് അല്ലെ ? നിങ്ങള്‍ ഏതു വിശ്വാസപ്രകാരവും കുട്ടികളെ വളര്‍ത്തിക്കൊള്ളൂ പക്ഷെ കൊച്ചുങ്ങളെ വളര്‍ത്തി വളര്‍ത്തി അവസാനം കൂടെ പടിക്കുന്നവന്റെ ജാതിയും മതവും തരം തിരിച്ചാണ് ഒടുവില്‍ മക്കള്‍ കൂട്ടുകാരെ തിരഞ്ഞെടുക്കുന്നത് എങ്കില്‍ തന്തയെയും തള്ളയേയും എന്നു പറഞ്ഞിരിക്കുന്നവരെ എടുത്തു കിണറ്റില്‍ ഇടുന്നതാവും നല്ലത് .
വാല്‍കഷ്ണം : സിന്ദൂരം സീമന്ത രേഖയില്‍ അണിയുന്നത് രണ്ടു പെണ്മക്കള് ഉള്ളതിനെ കാക്ക കൊത്താതിരിക്കാന്‍ ആണത്രേ. ഇത്തരം തിരിച്ചറിവൊക്കെ പറയുന്നവര്‍ വടക്കേ ഇന്ത്യയില്‍ ഇരുന്നു പറയും ഇവിടെ ഉള്ളവര്‍ ട്രോള്‍ ഉണ്ടാക്കും അങ്ങനെ ആയിരുന്നു. ഇതിപ്പോ കൊള്ളാലോ കാക്ക വരാതിരിക്കാന്‍ സിന്ദൂരം, കാള കുത്താതിരിക്കാന്‍ കയ്യില്‍ ചരട്, ഇതല്ലേ വിചാരം പിള്ളേരെ പറഞ്ഞു പഠിപ്പിക്കുന്നതും ഇതാകുമല്ലോ. ചമ്പൂര്‍ണ ചാക്ച്ചര കേരളം .
Tags
ശനിയന്‍


manoharamaya aakshepa haasyam
ReplyDeleteFANTASTIC
ReplyDelete