പാവക്കൂത്ത് | ഡോ: കൃഷ്ണ കുമാര്‍ വി.


ചെറുകഥ

പതിവിനു വിപരീതമായി അന്ന്  രാവിലെ ക്ലാസ്സില്‍  എത്തിയപ്പോള്‍ തന്നെ സൗമ്യക്ക് ഒന്നിലും താല്പര്യം  തോന്നിയില്ല. ക്ലാസ്സില്‍  ഇരുന്നപ്പോള്‍ അവള്‍ക്ക് ഒന്നിലും ശ്രദ്ധിക്കുവാനും കഴിഞ്ഞില്ല. അതുകൊണ്ട് ഉച്ചക്ക്‌ശേഷമുളള ക്ലാസ്സില്‍  കയറാതെ അവള്‍ ബസ്  സ്റ്റോപ്പിലേക്ക് നടന്നു. ഉച്ച സമയമായതിനാല്‍ ബസ്സ്‌റ്റോപ്പില്‍ ആളുകള്‍ കുറവായിരിന്നു. അവള്‍ക്ക് പോകേണ്ട  ബസ് വരാന്‍ കുറച്ചു സമയം കഴിയും. നഗരത്തിലുളള അമ്മാവന്റെ  വീട്ടില്‍ നിന്നാണ് അവള്‍ പഠിക്കുന്നത്. അമ്മാവന്‍ വളരെ കാലമായി ഗള്‍ഫിള്‍ജോലിവെയ്യുന്നു.സൗമ്യയുടെ അച്ഛന്‍ മരിച്ചതിന് ശേഷം അവളുടെ പഠനചെലവൊക്കെ അമ്മാവനാണ് നടത്തുന്നത്. ഡിഗ്രി കഴിഞ്ഞപ്പോള്‍ കൂട്ടുകാരി ഡെയ്‌സി ബാങ്ക് ടെസ്റ്റിനുളള കോച്ചിംഗ് ക്ലാസ്സില്‍  ചേര്‍ന്നു. അമ്മാവന്റെ  അനുവാദം കിട്ടിയതിനാല്‍ അവളും ക്ലാസിനു  പോയിതുടങ്ങി.

ബസ് കാത്തിരിക്കുമ്പോഴാണ് കുറച്ചകലെ ഇരിക്കുന്ന പാവവില്‍പനക്കാരനെ അവള്‍ ശ്രദ്ധിച്ചത്. അയാള്‍ക്ക് ചുറ്റും ആള്‍ക്കാര് കൂടിനില്‍ക്കുന്നു. ചിലരൊക്കെ പാവകള്‍ വാങ്ങുന്നുണ്ട് പാവവില്‍പനക്കാരന്‍ കയ്യിലെ ചരടു വലിക്കുന്നതനുസരിച്ച്  പാവകള്‍ കൈകാലുകള്‍ ചലിപ്പിച്ചുകൊണ്ടിരുന്നു.അത് കണ്ടിരുന്നപ്പോള്‍ അവള്‍ തലേദിവസത്തെ സംഭവത്തെപറ്റി ചിന്തിച്ചു. ഇന്നലെ അവള്‍ അമ്പലത്തില്‍ പോകണമെന്ന് വിചാരിച്ചതല്ല. അമ്മായി മൂത്ത ചേച്ചിയുടെ മകളോടൊപ്പം പോകണമെന്ന് പറഞ്ഞപ്പോള്‍ അനുസരിക്കേണ്ടി വന്നു. വൈകിട്ട് ലാവണ്യയോടൊപ്പം ക്ഷേത്രത്തിലേക്ക് പോയി. നല്ല തിരക്കായതിനാല്‍ ദീപാരാധനക്ക് നില്‍ക്കാതെ തിരിച്ചു നടന്നു. ജംഗ്ഷനിലെത്തുന്നതിന് മുന്‍പ് വായനശാലയുടെ മുന്‍പില്‍ അടുത്തുളള ബാങ്കിലെ മാനേജര്‍ രാജേഷ്‌സാര്‍ നില്‍ക്കുന്നത്  കണ്ടു. അമ്മാവന് ബാങ്കില്‍ അക്കൗണ്ട് ഉളളതുകൊണ്ട് മാനേജരുമായി നല്ല അടുപ്പമാണ്. ഇടയ്ക്ക് ബാങ്കില്‍ ചെല്ലുമ്പോഴൊക്കെ മാനേജര്‍ ക്യാബിനുളളില്‍ ഇരുന്ന് അവളെ നോക്കി ചിരിക്കാറുണ്ടെങ്കിലും ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. സൗമ്യ  പ്‌ളസ്ടു കഴിഞപ്പോള്‍ ഇംഗ്‌ളീഷ് ഐച്ഛികമായെടുത്ത്  ഡിഗ്രിക്ക് ചേരാന്‍ സാറാണ് അമ്മാവനോട് പറഞ്ഞത്. രണ്ടു മൂന്ന് ടെസ്റ്റുകള്‍ എഴുതി ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ അവള്‍ക്ക് ഗുണം മനസിലായി. വായനശാലയുടെ മുന്‍പിലെത്തിയപ്പോാള്‍ സാറിന്റെ ചോദൃം കേട്ടു.

സൗമ്യയുടെ  കോച്ചിംഗ് ക്ലാസ്സ് എങ്ങനെ നടക്കുന്നു?'

അവള്‍ ഒന്നു സ്തംഭിച്ചു നിന്നു. ലാവണ്യ  കൈയില്‍ നുള്ളുന്നുണ്ടായിരുന്നു വീട്ടില്‍ നിന്നിറങ്ങിയപ്പോല്‍തന്നെ അമ്മായിപറഞിരുന്നു മാനേജര്‍ നിന്റെ  കാര്യങ്ങള്‍  പലരോടും ചേദിക്കുന്നുണ്ട്. സാറ് എന്തെങ്കിലും  ചോദിച്ചാല്‍ ഉത്തരം പറയരുത് എന്ന്.
അമ്മാവന്റെ താത്പരൃം കൊണ്ട് വീട്ടില്‍ താമസിപ്പിക്കുന്നുവെന്നല്ലാതെ നല്ലതു വരുന്നതിലൊന്നും അമ്മായിക്ക് തീരെ താത്പര്യമില്ലെന്ന്  അമ്മഎപ്പോഴും പറയാറുണ്ട്.
'ബാങ്ക് ടെസ്റ്റിന്റെ തീയതി വല്ലതുമറിഞ്ഞോ' സാറ് പിന്നെയും ചോദിച്ചു. ലാവണ്യ കൂടുതല്‍ ശക്തിയില്‍ നുളളാന്‍ തുടങ്ങി
'സാറ് എന്തിനാണ് ഇതൊക്കൊ അന്വേഷിക്കുന്നത്' എന്ന് പറഞ്ഞിട്ട് അവള്‍ മുന്നോട്ട് നടന്നു. അങ്ങനെ പറയണമെന്നാണ് അമ്മായി പറഞ്ഞത്.

വീട്ടിലെത്തി ക്‌ളാസിലെ വിഷയങ്ങള്‍ വായിക്കാനിരുന്നപ്പോഴും സാറിനോടു മോശമായി പെരുമാറിയതിന്റെ ദു:ഖം അവളുടെ മനസില്‍ തളം കെട്ടിനിന്നു. സതൃത്തില്‍ സാറുമായി സംസാരിക്കണമെന്ന് എത്രമാത്രം ആഹ്രഹിച്ചിട്ടുണ്ട്. അതിനായിമാത്രം ലാവണ്യയെ  എന്തെങ്കിലും ആവശ്യങ്ങള്‍  പറഞ്ഞ്  കടയിലേക്ക് അയച്ചിട്ട് പലതവണ സാറുളളപ്പോള്‍ വായനശാലയുടെ മുന്‍പില്‍ കാത്ത് നിന്നിട്ടുണ്ട്. പക്ഷേ ഇന്ന് അവള്‍ക്ക് അങ്ങനെ മത്രമേ പ്രതികരിക്കാാന്‍ കഴിയുമായിരുന്നുളളു. എന്തെങ്കിലും ജോലി കിട്ടുന്നതുവരെ അമ്മായിയെ അനുസരിക്കണമെന്ന് അമ്മ ഇടയ്ക്ക്   പറയാറുണ്ട്. തന്റെ കാര്യങ്ങളൊക്കെ  വളരെ താല്പര്യത്തോടെയാണ് സാറ് അന്വേഷിക്കുന്നത് എന്നാണ് അമ്മാവന്‍ പറയുന്നത്. ജാതകദോഷംകൊണ്ട്  സഹോദരിയുടെ  കല്യാണം നടക്കാത്തതു കൊണ്ട് സാറിന്റെ  വിവാഹവും കഴിഞ്ഞില്ലെന്നും  അമ്മാവന്‍ പറഞ്ഞിട്ടുണ്ട്..അവരുടെ നാട്ടിലൊക്കെ  അങ്ങനെയാണത്രെ.

സൗമ്യക്ക്  പോകാനുളള ബസ് ഹോണ്‍ മുഴക്കികൊണ്ട് വന്നു നിന്നു. യാത്രക്കാര്‍ ഓരോരുത്തരായി ബസില്‍ കയറി. മറ്റുളളവരുടെ കൈകളിലെ പാവകളായ നമ്മളില്‍ പലരും ജീവിതവും പാവക്കൂത്തിലെ കഥാപാത്രങള്‍ പോലെ മാത്രമാണെന്ന് ആലോചിച്ചു കൊണ്ട് അവളും ബസിലേക്ക് കയറി. പതുക്കെ ബസ് മുന്നോട്ട് നീങ്ങിയപ്പോള്‍ സൗമ്യ ഒന്നു തിരിഞ്ഞു നോക്കി. കുറച്ചുപേര്‍ അപ്പോഴും പാവവില്‍പനക്കാരന് ചുറ്റും കൂടി നില്‍ക്കുന്നുണ്ടായിരുന്നു.

Post a Comment

2 Comments