വൈറസായാലും കേരളം നം.1 | ശനിയന്‍

ഹുമാനപെട്ട രാജ്യ സ്‌നേഹികളെ,
അപ്രഖ്യാപിത രാജ്യസ്‌നേഹം തൊട്ടു തീണ്ടാത്തവരെ എല്ലോര്‍ക്കും നമസ്‌കാരം. എന്തു കണ്ടിട്ടാ ഈ അഹങ്കാരവും, മേനിപറച്ചിലും ?കണ്ണില്‍ പിടിക്കാത്ത (ശെരിക്കും കാണാന്‍ പറ്റാത്തത് കൊണ്ടാ) ഒരു വൈറസ് വിചാരിച്ചാല്‍ പോരെ ഈ തള്ളി മറിക്കുന്നത് നിര്‍ത്താന്‍. കേരളത്തിലും കൊറോണ ഉറപ്പിച്ചു അത്രേ. ഇന്ത്യയില്‍ പല കാര്യത്തിനും മുന്നില്‍ നില്‍ക്കുന്നത് കൊണ്ടാവാം ഇതിന്റെ കാര്യത്തിലും മുന്നില്‍ തന്നെ. ഈ വൈറസ് കാണാന്‍ എങ്ങനെ ഇരിക്കുമെന്നോ, എന്തു കൊടുത്താല്‍ ബഹളം ഉണ്ടാക്കാതെ തിരിച്ചു പോകുമെന്നോ ലോകത്തിനു ഇതുവരെ ആയിട്ടും പിടികിട്ടിയിട്ടില്ല അങ്ങനെ ഉള്ള വൈറസ് ബാധിച്ച ഒരു പെണ്‍കുട്ടിയെ കേരളത്തിലെ ഏതു ജില്ലയിലെ ആശുപത്രിയില്‍ ആക്കി എന്നു ഉളുപ്പില്ലാതെ പത്രങ്ങളും ചാനലും കൊട്ടിഘോഷിച്ചത് . താലൂക്ക് ആശുപത്രിയാണോ, ജില്ലാ ആശുപത്രിയാണോ അതോ, മെഡിക്കല്‍ കോളേജ് ആണോ എന്നു പൊതുജനം അറിഞ്ഞാല്‍ അല്ലെ ആ ആശുപത്രിയില്‍ കിടക്കുന്നവരും ജോലിക്കാരും പേടിക്കാതെ ഇരിക്കത്തൊള്ളൂ അതാവും കാരണം.
ഐസൊലേഷന്‍ വാര്‍ഡിന്റെ പടി വരെ പോയി ക്യാമറയും വെച്ചു പരിപ്പുവടയും തിന്നു റിപ്പോര്‍ട്ട് ചെയ്ത മാധ്യമ സുഹൃത്തുക്കളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല റേറ്റിങ് കൂട്ടാന്‍ ഓടുന്ന തീവണ്ടിയുടെ മുന്നിലോ അല്ലെങ്കില്‍ പൊളിയുന്ന കെട്ടിടം പകര്‍ത്താന്‍ ശൗചാലയം വരെ ഉപയോഗിക്കുന്ന കൂട്ടര്‍ അല്ലെ എന്ത് പറയാന്‍. ഈ വാര്‍ഡില്‍ ഡ്യൂട്ടിക്കുള്ള ജീവനക്കാര്‍ ക്യാമറ കണ്ടു പൗഡറും ഇട്ടു ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ വന്നതാണ് മനസിലാവാത്തത്? വിവരം തീരെ ഇല്ല അല്ലെ ? ചൈനയില്‍ നിന്നും തിരികെ കൊണ്ടു വന്നവരെ ഡല്‍ഹിയില്‍ പാര്‍പ്പിച്ചത് നന്നായി അല്ലായിരുന്നേല്‍ ചൈനയില്‍ രാവിലെ കഞ്ഞിയും പയറുമാണോ എന്നു ചോദിച്ചു മാസ്‌ക് വെച്ച കോലങ്ങളെ ടിവിയില്‍ കാണേണ്ടി വന്നേനെ.

ണ്ണു മാഫിയ എന്നൊരു മാഫിയ ഉണ്ടത്രേ. എന്താണേലും സ്വന്തം സ്ഥലത്തെ മണ്ണ് വാരികൊണ്ടു പോകരുത് എന്നു പറഞ്ഞ ഉടമയെ ഒരു ദയയും നോക്കാതെ കൊന്നു കളഞ്ഞു. കൊന്നവരേക്കാള്‍ ദയ ഇല്ലാത്തവരാണ് നമ്മുടെ ജനസമ്പര്‍ക്ക പോലീസ്. എത്തിച്ചേരാന്‍ ഒന്നര മണിക്കൂര്‍ അപകടപ്പെട്ട ആളെയും കൊണ്ടു 8 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എടുത്ത സമയം ഗിന്നസ് ബുക്കിനു
അയച്ചിട്ടുണ്ടത്രെ. തൊപ്പി ഊരി വെച്ചിട്ട് പയ്യെ പോകാന്‍ കാരണക്കാരായ
യേമാന്മാര്‍ക്ക് വേണ്ടി തോട്ടി പണിക്ക് പോകണം ഹെ. ജോലി ഇല്ലാത്ത, മര്യാദ ഉള്ള ഒത്തിരി ചെറുപ്പക്കാര്‍ ഉണ്ട് ഇവിടെ. തെറ്റുകാരായ പൊലീസുകാരെ പിരിച്ചു വിടണം സാര്‍. കുറ്റവാളികളെ സഹായിച്ച കുറ്റത്തിന് വിചാരണയും. അല്ലാതെ ഡിപ്പാര്‍ട്ടമെന്റ്തല അന്വേഷണം നടത്തി സസ്‌പെന്‍ഷനും കൊടുത്തിരുത്താന്‍ എല്ലാവരും വെങ്കിട്ടരാമന്‍മാരല്ലെല്ലോ.  അഴിമതി വെച്ചു പൊറുപ്പിക്കില്ല എന്നു മുഖ്യന്‍. ലഹരി മുക്ത കേരളം എന്നു ആനവണ്ടിയുടെ പള്ളയ്ക്ക് അടിച്ചിട്ട് വീര്യം കുറഞ്ഞ മദ്യം എന്ന ആശയം പറഞ്ഞ സര്‍ക്കാരല്ലേ അപ്പൊ ഇതൊക്കെ പറയും.

മുസ്ലിം സ്ത്രീകള്‍ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കരുത്, മതില്‍ ചങ്ങല എന്നും പറഞ്ഞു റോഡില്‍ ഇറങ്ങരുത് ഇതൊക്കെ ഞാന്‍ പറഞ്ഞതല്ല, ടീവിയില്‍ പറഞ്ഞതാ ഏതോ ഒരു മഹത് വ്യക്തി പറഞ്ഞതാണത്രേ. പണ്ഡിത ശ്രേഷ്ഠ ഇസ്ലാമിന്റെ ചരിത്രവും സ്ത്രീകളുടെ പങ്കാളത്തത്തിനെയും പറ്റി പറയുന്നില്ല, പട നയിച്ചതും പറയുന്നില്ല ഇവിടെ. പാകിസ്ഥാനില്‍ ബേനസീര്‍ ഭൂട്ടോ എന്നൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നത് ഓര്‍ക്കുമെല്ലോ അതുപോലെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീനയും. മുസ്ലിം രാജ്യങ്ങളില്‍ ആവാം ഇവിടെ വേണ്ടാ എന്നു പറയുന്നതിന്റെ ഗുട്ടന്‍സ് ആണ് പിടികിട്ടാത്തത്. സൗദി മാറി തുടങ്ങി, ജോര്‍ദാനില്‍ ഉള്ള രാജ്ഞി ഗൃഹഭരണം ആണോ നടത്തുന്നത്? അറബ് വസന്തം വിരിയിക്കാന്‍ മുന്നിട്ടിറങ്ങിയത് ആരാണ്? ഇതൊക്കെ വിവരം കുറഞ്ഞവര്‍ ചോദിക്കുന്ന കാര്യമാണ് താങ്കള്‍ കാര്യമായിട്ടെടുക്കണ്ട. ഗുജറാത്ത് ഓര്‍മയില്ലേ എന്നതിനെ പറ്റി ചോദിച്ചപ്പോള്‍ അതു അവരവരുടെ ചിന്തകള്‍ അല്ലെ എന്നു തിരിച്ചു ചോദിച്ചു എന്നാണു ചിലര്‍ പറയുന്നത്.

മുല്ലപ്പള്ളി സാര്‍ ആകെ കലിപ്പിലാണ് ചിരിക്കയാണോ ദേഷ്യപെടുകയാണോ എന്നു സംസാരത്തില്‍ നിന്നും മനസിലാക്കാന്‍ പാടാണ്. ഇപ്പോഴത്തെ പ്രശ്നം ചങ്ങലയാണ്... ലവന്മാര് ചങ്ങല വലിച്ചു, അതു വലിക്കാന്‍ കോണ്‍ഗ്രസിന്റെ ആളുകള്‍ ഉള്‍പ്പടെ പോയി. ആരെയെങ്കിലും കുറ്റം പറയാന്‍ പറ്റുമോ? തമ്മില്‍ തല്ലിയും ലിസ്റ്റ് കീറിയും ഒട്ടിച്ചും കളിയ്ക്കാന്‍ ഇത് സ്ഥാനാര്‍ഥി ലിസ്റ്റ് അല്ല പൗരത്വ നിയമത്തിനു എതിരെ ഉള്ള പ്രതിഷേധം ആണ്. അതെങ്ങനെ മുന്നണിയില്‍ ഉള്ള പിള്ളാരും പിള്ളാരുടെ രക്ഷിതാക്കളും തമ്മില്‍ ഉള്ള അടി കഴിഞ്ഞിട്ട് സമയം വേണ്ടേ. അവിടെ പോയി മസിലു പിടിച്ചിട്ടാണേല്‍ ഒരുത്തനും തിരിഞ്ഞു പോലും നോക്കുന്നില്ല. ആരും പേടിക്കേണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിങ്ങളെ രക്ഷിക്കും എന്നാണു മുല്ലപ്പള്ളി സാറു പറയുന്നത്. ഏതു ? കൂട്ടത്തോടെ പാര്‍ട്ടികളില്‍ നിന്നും പാര്‍ട്ടികളിലേക്ക് ചേക്കേറി, ലോങ്ങ് മാര്‍ച്ച് ലോങ്ങായി നീണ്ടു പോകുന്ന, നാലും അഞ്ചും സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന പാര്‍ട്ടിയെ പറ്റിയാണോ ഈ പറയുന്നത് ? ഗതി ഇല്ലാത്തോണ്ടാട്ടാ മാറിയും തിരിഞ്ഞും തിരഞ്ഞെടുക്കുന്നത് അത്ര മാത്രം. സ്വന്തന്ത്ര്യത്തോടെ ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം നിറവേറി എന്നു ഗാന്ധിജി ആശീര്‍വദിച്ചു വിട്ട പാര്‍ട്ടി അല്ലെ?

വര്‍ണര്‍നന്നാവില്ല എന്നു നിയമസഭയിലെ മിക്കവരും അഭിപ്രായം പറഞ്ഞു. അതാവും നേതാവ് തീരുമാനിച്ചത് ഇതങ്ങനെ വിട്ടാല്‍ പറ്റില്ല ദിപ്പോ ശെരിയാക്കി തരാം എന്നു. ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ പ്രമേയം കൊണ്ടു വന്നു. ഇതിപ്പോ കണ്ടിട്ട് വരാന്‍ പറഞ്ഞപ്പോ കൊന്നേച്ചു വന്നു എന്ന പോലായി. അല്ല രമേശ് നേതാവേ ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്നു എല്ലാരും പറഞ്ഞു എന്നു തന്നെ വെയ്ക്ക് സഭ പാസ്സാക്കുന്ന ബില്ലുകള്‍, പണബില്‍ ഒഴികെ, രാജ്ഭവന്‍ സെക്രട്ടറിയേറ്റ്  എന്നും പറഞ്ഞു ഷട്ടില്‍ സര്‍വീസ് നടത്തി ചര്‍ച്ചയും ചര്‍ച്ചയുടെ മേല്‍ ചര്‍ച്ചയും ചെയ്ത്, ഭരണസ്തംഭനം എന്നും പറഞ്ഞു ടീവിയില്‍ ചീത്ത വിളിച്ചു കളിക്കാന്‍ ആണോ ഈ പരുപാടി? കാട്ടിലെ തടി വല്ലവന്റെയും ആന.


വാല്‍കഷ്ണം: ബഡ്ജറ്റ് പ്രഖ്യാപിച്ചു ഒത്തിരി നല്ല കാര്യങ്ങള്‍ ഉണ്ട്. ആര്‍ക്ക് എന്നു ചോദിക്കരുത്. പഠിച്ചിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷം ഇന്റേണ്‍ഷിപ്. എന്തെ നല്ല കാര്യം അല്ലെ ? എത്ര പേര്‍ക്ക്, എല്ലാ വര്‍ഷവും ഉണ്ടോ എന്നു ചോദിക്കരുത്. കര്‍ഷകര്‍ക്ക് സോളാര്‍ പാനല്‍ വെച്ചു കറന്റ് ഉല്‍പാദിക്കാന്‍ പദ്ധതി. വൈകിട്ട് ചോറിന്റെ കൂടെ 100 kv എടുത്തു തേങ്ങ ഇട്ടു വറുത്തെടുത്തല്‍ മതി വേണമെങ്കില്‍ കുറച്ചു മില്‍മ നെയ് കൂടി ഒഴിച്ചോ. ഉള്ളിയേ പറ്റി ആരും മിണ്ടരുത് അതുപോലെ മുടങ്ങി കിടക്കുന്ന തൊഴിലുറപ്പു കൂലിയും.


E-Delam

ManagingEditor: AjusKallumala |ChiefEditor:RamyaVayaloram |Editors:AnithaReji&AnjanaVinayak |PublishingManager:PradeepChakkoli&Binny Sam Abraham.

3 Comments

  1. ജോലി ഇല്ലാത്ത, മര്യാദ ഉള്ള ഒത്തിരി ചെറുപ്പക്കാര്‍ ഉണ്ട് ഇവിടെ. തെറ്റുകാരായ പൊലീസുകാരെ പിരിച്ചു വിടണം സാര്‍.

    വളരെ സത്യമായ ഒരു അഭിപ്രായമാണിത്.

    ReplyDelete
  2. നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ

    ReplyDelete
Previous Post Next Post