കൊതിച്ചിരുന്നു | സുഗുണ രാജൻ പയ്യന്നൂർ


ഇടയ്ക്കിടെ 
അതിഥിയായെത്താറുണ്ടവൾ..... 

നാട്ടിലേക്ക്.... 
വീട്ടുമുറ്റത്തേക്ക്, അനുസരയില്ലാതെ 
ചിതറിക്കിടക്കുന്ന ഓർമ്മചില്ലുകളിൽ.... ചിലപ്പോഴൊക്കെ  അടുക്കളപ്പടിയിലും... 

കാട്ടിലും മേട്ടിലും 
പുഴയുടെ മാറിലും 
ഓളങ്ങൾ ചേർത്ത് 
കിലുകിലെ ചിരിക്കാറുണ്ടവൾ.... 

മണമില്ലാത്ത വേനൽപ്പൂക്കൾ 
കളം വരച്ച ജാലകച്ചില്ലിൽ കാൽചിലമ്പിട്ടടിച്ച് 
ലാസ്യനർത്തനമാടാറുണ്ടവൾ...

നക്ഷത്രപ്പൂക്കൾ ചൂടി,  
നിശാഗന്ധിപ്പൂവിൻ മദഭരഗന്ധവുമായെത്തുന്ന രാപ്പെണ്ണിനെ കുളിരാടയുടുപ്പിച്ച് 
ഉന്മാദിയാക്കാറുണ്ടവൾ.....

ചിലരുടെ
മനസ്സിലേക്ക്... 
കുടുകുടെ ചിരിപ്പിച്ചും 
അണച്ചു ചേർത്തും.... 
ഒഴിഞ്ഞഹൃദയത്തിൽ 
മോഹങ്ങളുടെ മുല്ലപ്പൂക്കൾ  
കുടഞ്ഞിടാറുണ്ടവൾ..... 

ആദിയിലാശ്വാസവും,  
ആകാശം പോലെ സ്നേഹവും 
പിന്നെ കടലാഴം പോലെ കൗതുകവും 
സന്തോഷവുമായവൾ.... 

ഇടയിലെപ്പോഴോ 
കണ്ണിലെ നീറ്റലായി 
പലരെയും 
കരയിപ്പിച്ചും 
വേദനിപ്പിച്ചും,  ഒടുവിൽ വെറുപ്പിച്ചും... 

ഇതേവരെ 
നീ തിരികെ പോകാത്തതെന്തേയെന്നു 
ചോദിപ്പിച്ചുമവൾ,  
എന്റെ പ്രിയ സഖി, 
മേഘം വിരിച്ചിട്ട കരിവേണിയായവൾ ...

Post a Comment

0 Comments