
പരിസ്ഥിതി ദിനം നമുക്ക് ചില ഓർമ്മപ്പെടുത്തലുകൾ കൂടിയാണ്. സോഷ്യൽ മീഡിയയിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ വൃദ്ധൻമാർ വരെ വൃക്ഷത്തൈ നടുന്ന ഫോട്ടോ നമ്മൾ കാണാറുണ്ട്.
ഈ മരം നടീൽ ഒക്കെ സോഷ്യൽ മീഡിയയിൽ മാത്രമൊതുങ്ങുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയമായ കാര്യം. ചിലർ ഒരു ഫോട്ടോയ്ക്ക് വേണ്ടി വൃക്ഷത്തൈ നടുകയും ഫോട്ടോയെടുത്തു കഴിയുമ്പോൾ ആ വൃക്ഷത്തൈയുടെ മുകളിൽ ചവിട്ടി അവർ കടന്നു പോവുകയും ചെയ്യുന്നു.
സോഷ്യൽ മീഡിയ കണ്ടാൽ നമ്മൾ വിചാരിക്കും ഇത്രയ്ക്ക് വൃക്ഷത്തൈ നട്ടു കഴിഞ്ഞാൽ ഈ കേരളം ആകെ ഒരു വനമായി മാറില്ലേ എന്ന്.
വൃക്ഷത്തൈ നടീൽ ഒരു ഫോട്ടോയിൽ മാത്രം ഒതുങ്ങേണ്ടതാണോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
തൈ നടീൽ എന്നതിലുപരി മരങ്ങളെ അല്ലെങ്കിൽ കാടുകളെയും കാവുകളേയും സംരക്ഷിക്കുക എന്നുള്ളതാകണം നമ്മുടെ ലക്ഷ്യം.
പരിസ്ഥിതിദിനാചരണം കഴിയുമ്പോൾ നമ്മുടെ നാട്ടിൽ വൃക്ഷത്തൈകൾ കുമിഞ്ഞു കൂടുമെങ്കിലും പിന്നീട് അവയിൽ പലതും മലിന കൂമ്പാരത്തിൽ ആയിരിക്കും എന്നു മാത്രം. ഏറെ ചിന്തിക്കേണ്ട മറ്റൊരു കാര്യമുണ്ട് ലക്ഷക്കണക്കിനായ വൃക്ഷ തൈകൾ നടുമ്പോൾ ഏകദേശം അത്രതന്നെ പ്ലാസ്റ്റിക് കവറുകൾ നമ്മുടെ നാട്ടിൽ പെരുകുന്നു എന്നുള്ളത് ഒരുതരത്തിൽ ഒരു ദുരന്തം തന്നെയല്ലേ. പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും നശിപ്പിക്കാതിരിക്കാൻ നമുക്ക് കഴിയണം.കൂട്ടായ്മകളും സംഘടനകളും സ്ഥാപനങ്ങളുമൊക്കെ വൃക്ഷത്തൈ നടീൽ എന്ന ഒരു 'വെറും ചടങ്ങിൽ' ഒതുങ്ങാതെ കുറച്ചുകൂടി മെച്ചപ്പെട്ട രീതികൾ അവലംബിക്കണം. "മിയാവാക്കി" നമുക്കെല്ലാം ഒരു മാതൃകയാണ്.. അതായത് ചുരുങ്ങിയ സ്ഥലത്ത് കൃത്രിമമായി നിർമ്മിച്ചെടുക്കുന്ന വനമാണ് മിയാവാക്കി.. ഒരു സെൻറ് വസ്തു ഉണ്ടെങ്കിൽ അതിലും നമുക്ക് ഇത് സാധ്യമാണ്... പക്ഷേ അതിന് തയ്യാറായി മുന്നോട്ടു വരുവാനുള്ള വ്യക്തികളും കൂട്ടായ്മകളും ഒപ്പം സംരക്ഷിക്കുവാനുള്ള മനസ്സും ഉണ്ടാകണമെന്ന് മാത്രം..
ഈ പരിസ്ഥിതി ദിനത്തിൽ എങ്കിലും നാം നടുന്ന വൃക്ഷത്തൈയുടെ തുടർന്നുള്ള പരിപാലനം കൂടി നാം ഏറ്റെടുക്കണം...ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിൻറെ വളർച്ചയുടെ ഓരോ ഘട്ടവും നാം ശ്രദ്ധിക്കുകയും പരിചരിക്കുകയും ചെയ്യാറുള്ളതുപോലെ ഒരു വൃക്ഷത്തൈ നട്ടു കഴിഞ്ഞാൽ അതിൻറെ വളർച്ചയുടെ ഓരോ ഘട്ടവും നാം വീക്ഷിക്കുകയും പരിപാലിക്കുകയും ആസ്വദിക്കുകയും ചെയ്യണം. ഒരു വൃക്ഷത്തൈ നട്ടു പരിപാലിച്ചു വളർത്തുവാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഒരു മരം മുറിച്ചു കളയാതിരിക്കാൻ എങ്കിലും നമുക്ക് കഴിയണം ...ഇതാകട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലെ നമ്മുടെ പ്രതിജ്ഞ...
🌱
വനംവകുപ്പ് ഉദ്യോഗസ്ഥനാണ് ലേഖകൻ.

0 Comments