മനുഷ്യരാശിയുടെ നിലനില്‍പ്പിനായി മാവേലിക്കര പൊലീസിന്റെ തണലൊരുക്കല്‍



മാവേലിക്കര: പരിസ്ഥിതിദിനത്തില്‍ സമൂഹത്തിന് സന്ദേശമായി മാവേലിക്കര പൊലീസ് സ്റ്റേഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി സ്‌റ്റേഷന്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടുപിടിച്ച് അത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്യുമ്പോഴും പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശംകൂടി ചേര്‍ക്കുവാന്‍ അവര്‍ മറന്നില്ല. 

പരിസ്ഥിതിയെ പരിപാലിക്കൂ... മനുഷ്യരാശിയുടെ നിലനില്‍പ്പിനായി എന്ന ക്യാപ്ഷനെഴുതി പരിസ്ഥിതിദിനാചരണത്തിന്റെ സന്ദേശം സിപിഒ പ്രതാപന്‍ രാവിലെ തന്നെ പൊലീസ് സ്റ്റേഷനിലെ ബോര്‍ഡിലൂടെ വിളിച്ചോതിയപ്പോള്‍ പരിസ്ഥിതിദിനാചരണത്തിന്റെ കേളികൊട്ട് മാവേലിക്കര പൊലീസ് സ്റ്റേഷനില്‍ ഉയര്‍ന്നു.സിഐ ബി.വിനോദ്കുമാറാണ് മാവേലിക്കര പൊലീസ് സ്റ്റേഷനിലെ പരിസ്ഥിതി ദിനാചരണത്തിന്റെ
ഭാഗമായി നട്ടുപിടിപ്പിക്കാനുള്ള വൃക്ഷത്തൈകളെത്തിച്ചത്.  ആഞ്ഞിലി, ആര്യവേപ്പ്, പ്ലാവ്,  പേര, ചാമ്പ, നെല്ലി തുടങ്ങിയ വൃക്ഷത്തൈകളാണ് സ്റ്റേഷന്‍ പരിസരത്ത് നട്ടുപിടിപ്പിച്ചത്.   വൃക്ഷത്തൈകള്‍ സ്റ്റേഷന്‍ വളപ്പില്‍ നട്ട് പരിപാലിക്കുവാന്‍ സ്റ്റേഷനില്‍ ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എല്ലാവരും ഒരേ മനസ്സോടെ മുന്നോട്ട് വന്നു. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ ജിനു, ജോണി പി.ടി
എന്നിവരും സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപന്‍, സതീഷ്, മനോജ് എന്നിവരും വൃക്ഷത്തൈനടലില്‍ പങ്കെടുത്തു. 

എന്നാല്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കലില്‍ മാത്രം ഒതുങ്ങിയില്ല മാവേലിക്കര പൊലീസിന്റെ പരിസ്ഥിതി ദിനാചരണം. ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് ശ്രദ്ധേയമായ തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ വിവരങ്ങള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുമ്പോള്‍ പൂര്‍വ്വികര്‍ നമുക്ക് നല്‍കിയ പ്രകൃതി വരും തലമുറയ്ക്കും കൈമാറാം എന്ന കുറിപ്പുകൂടി ചേര്‍ത്തു. പ്രകൃതി നമ്മളിലൂടെ
അവസാനിക്കരുതെന്നും പൂര്‍വ്വികര്‍ നമുക്കത്് ആരോഗ്യത്തോടെ കൈമാറിയതുപോലെ നമ്മുടെ തലമുറയ്ക്കും പ്രകൃതിയെ ആരോഗ്യത്തോടെ തന്നെ കൈമാറണമെന്നുമുള്ള സന്ദേശം. ഈ സന്ദേശം കണ്ടിട്ടാവാം കമന്റുകളില്‍ കുരുന്നുകള്‍ വൃക്ഷത്തൈനടുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മാവേലിക്കര പൊലീസ് സ്റ്റേഷന്‍ എന്ന എഫ്ബി പേജ് ഫോളോ ചെയ്യുന്നവരും ദിനാചരണത്തില്‍ പങ്കുചേര്‍ന്നതോടെ പ്രകൃതിക്കായി തണലൊരുക്കാന്‍ മാവേലിക്കരയിലെ ജനമൈത്രിപൊലീസ് നടത്തിയ സന്ദേശം ജനകീയമായി. 
പരിസ്ഥിതിദിനാചരണം കുറിക്കുകൊള്ളുന്ന വാക്കുകളിലൂടെ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത മാവേലിക്കര പൊലീസ് സ്റ്റേഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജ് അഡ്മിന്‍, പൊലീസ് ജനങ്ങള്‍ക്കൊപ്പമാവണം എന്ന സര്‍ക്കാര്‍ നിലപാട് അതേ അര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കുകയാണ് മാവേലിക്കര പൊലീസ് എന്ന് ബോധ്യമാക്കിയിരിക്കുന്നു.

Post a Comment

0 Comments