പ്രകൃതി
പ്രകൃതി എന്ന പദം സൂചിപ്പിക്കുന്നത് മൊത്തത്തിലുള്ള ഭൗതിക പ്രപഞ്ചത്തെ ആണ്. ജീവനും പ്രതിഭാസങ്ങളും പ്രകൃതിയുടെ ഘടകങ്ങളാണ്. സൗരയൂഥത്തില്‍ സൂര്യനില്‍ നിന്ന് മൂന്നാം സ്ഥാനത്തുള്ള ഭൂമിയില്‍ മാത്രമാണ് ജീവന്‍ എന്ന നമ്മുടെ വിശ്വാസവും മാറ്റി മറിക്കുന്ന പുതിയ വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നു. ഭുമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ്. പരിസ്ഥിതിശാസ്ത്രം. ഇത്തവണത്തെ പരിസ്ഥിതി ദിനാചരണ മുദ്രാവാഖ്യം, ജൈവ വൈവിധ്യം നിലനിര്‍ത്താനും ആഘോഷിക്കാനുമാണ്. കൊറോണ ഭീഷണിക്കിടയില്‍, ജാഗ്രതയോടെ കൊളംബിയയിലാണ് ദിനാചരണം നടക്കുക. നിര്‍ഭാഗ്യവശാല്‍, ഗര്‍ഭിണിയായ ആനയുടെ മരണം ലോകം മുഴുവനും വൈറല്‍ ആയി പോകുന്ന ദുഃഖകരമായ സമയത്താണ് ഈ ദിനാചരണം. ഒരുപക്ഷേ അബദ്ധത്തില്‍ സംഭവിച്ചതാകാം അപകടമെങ്കിലും നമുക്കേറ്റ അപമാനം നികത്താനാവാത്തത്.
പ്രകൃതിയും കൊറോണയും
പ്രകൃതിയേയും മറ്റു ജീവജാലങ്ങളേയും ഒക്കെ സംരക്ഷിക്കാന്‍ കണ്ടെത്തിയ ഒരു ന്യൂജെന്‍ മാതൃകയാണോ കൊറോണ എന്ന് സംശയിക്കത്തക്ക രീതിയിലാണ് ലോകത്തെ പല കാഴ്ചകളും. അതിശയിപ്പിക്കുന്ന ഒട്ടനവധി കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും പാര്‍ക്കുകളിലും തുടങ്ങി വിനോദത്തിനായി മനുഷ്യര്‍ കൂട്ടമായി എത്തുന്ന ഇടങ്ങളെല്ലാം കൊറോണ ഭീതിയില്‍ വിജനമായപ്പോള്‍, പല ജന്തു ജാലങ്ങള്‍ കിട്ടിയ അസുലഭ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന അത്യപൂര്‍വ നിമിഷങ്ങള്‍ ധാരാളമായി വന്നു കൊണ്ടിരിക്കുന്നു. പ്രകൃതിയെ, കൂട്ട് ജീവികളെ നാം മനുഷ്യര്‍ എത്ര ലളിതമായാണ് കാണുന്നത്. തിന്നാന്‍വേണ്ടി അല്ലാതെ സഹജീവികളെ കൊല്ലുന്ന ഒരേഒരു ജീവി മനുഷ്യന്‍ മാത്രമെന്ന് ഇന്ന് പലവുരു പറയേണ്ടി വരുന്നത് ഖേദകരം തന്നെ. അത്തരത്തിലുള്ള അനേകം വാര്‍ത്തകള്‍ എന്നും ഉണ്ടാകുന്നുണ്ട്. ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ട പ്രകൃതിയെ മനുഷ്യന്‍ മാത്രമാണ് സ്വാര്‍ത്ഥനായി അടക്കി വെച്ചിരിക്കുന്നത്.
ലോക രാജ്യങ്ങള്‍ പല വേളകളിലായി പ്രകൃതിയേയും ജീവികളേയും സംരക്ഷിക്കാന്‍ ഓരോന്നിനും ചില ദിനങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. അതില്‍ ഇന്ന് ജൂണ്‍ 5 പരിസ്ഥിതി സംരക്ഷണ ദിനമായും, മാര്‍ച്ച് 21, വനവല്കരണ ദിനവും മാര്‍ച്ച് 22, ലോക ജലസംരക്ഷണ ദിനവുമാണ്. അവിചാരിതമായെങ്കിലും കോറോണയിലൂടെ കിട്ടിയ തടവറ ഒരു പരിധി വരെ പ്രകൃതിയെ നവീകരിക്കാനിടയായിരിക്കുന്നു. കര്‍ഫ്യൂയിലൂടെ വൈറസുകളെ കീഴ്‌പ്പെടുത്തുന്നതോടൊപ്പം അനേകം നേട്ടങ്ങള്‍ കൂടി പ്രകൃതിക്കുണ്ടായി എന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഓസോണ്‍ പാളി വിള്ളല്‍ കുറഞ്ഞെന്നും ഫാക്ടറികളുടെ, വാഹനങ്ങളുടെ വിഷവാതകം ഇല്ലാതായി പലയിടത്തും അന്തരീക്ഷം ശുദ്ധീകരിക്കപ്പെട്ടതും നദികളും മറ്റും വീണ്ടെടുക്കാന്‍ പറ്റിയതും അവിചാരിതം.
ലോക പരിസ്ഥിതിദിനം
1972 മുതല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ദിനാചരണം ആരംഭിച്ചത്. ഭുമിയിലെ ജീവനുള്ളതും ജീവനില്ലാത്തതുമായുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് പരിസ്ഥിതിശാസ്ത്രം. പരിസ്ഥിതി ശാസ്ത്രകാരന്മാര്‍ ഭൗമ പ്രതിഭാസങ്ങള്‍, പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങള്‍, മലിനീകരണ നിയന്ത്രണം, പ്രകൃതി വിഭവങ്ങള്‍ മുതലായ വിഷയങ്ങളെക്കുറിച്ച് ഗവേഷണങ്ങളും പഠനങ്ങളും നടത്തുന്നു. ജനങ്ങള്‍ക്കിടയില്‍ പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അവഗാഹം ഉണ്ടാക്കാനും ശക്തമായ പരിസ്ഥിതി നിയമങ്ങള്‍ നടപ്പിലാക്കാനും വേണ്ടിയാണു ലോകരാഷ്ട്രങ്ങള്‍ പരിസ്ഥിതിശാസ്ത്രം എന്ന ശാസ്ത്രശാഖയെ വളര്‍ത്തിവന്നത്. ഭൂമിയുടെ അന്തരീക്ഷത്തേയും മറ്റുള്ള പരിസ്ഥിതിഘടകങ്ങളുമായുള്ള അന്തരീക്ഷത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളേയും അതിന്റെ അനന്തരഫലങ്ങളേയും പഠന വിധേയമാക്കുന്ന വിഭാഗമാണ് അന്തരീക്ഷ ശാസ്ത്രം. ലോകം നേരിടുന്ന ഏറ്റവും ഭീകരമായ പ്രശ്നമായിരുന്നു പരിസ്ഥിതി മലിനീകരണം. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രജന്‍, ക്ലോറോ ഫ്‌ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു എന്നതായിരുന്നു ഒരു ഗുരുതര പ്രശ്‌നം. അതിനെ ആണ് കൊറോണ രക്ഷിച്ചിരിക്കുന്നത്. ഇനി നമ്മള്‍ മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതിലൂടെ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. നിറവേറ്റണം. 'കാര്‍ബണ്‍ ന്യൂട്രാലിറ്റി' കൈവരിക്കുക വഴി ഓസോണ്‍ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് വേണ്ടത്.
ഇന്ത്യ ആതിഥേയ രാജ്യം ആയിരുന്ന 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം 'ബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍' എന്നതായിരുന്നു. ഒരു ജന്തുവിന്റെയോ സസ്യത്തിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള ജീവികളുടെയോ ഒരു പ്രത്യേക സ്പീഷീസുകള്‍ വസിക്കുന്ന പരിതഃസ്ഥിതിയേയോ ചുറ്റുപാടിനേയോ ആണ് അതിന്റെ വാസസ്ഥലം എന്നു പറയുന്നത്. അതു ഒരു ജീവി ജീവിക്കുന്ന പ്രകൃത്യായുള്ള ചുറ്റുപാടാണ് അല്ലെങ്കില്‍, ഒരു സ്പീഷീസിനു ചുറ്റുമുള്ള ഭൗതികമായ പരിസ്ഥിതിയാണ്. ഒരു വാസസ്ഥലം ഭൗതികമായ ഘടകങ്ങളായ മണ്ണ്, ഈര്‍പ്പം, താപനില, പ്രകാശത്തിന്റെ ലഭ്യത തുടങ്ങിയവയും ജൈവഘടകങ്ങളായ ആഹാരത്തിന്റെ ലഭ്യത, ഇരപിടിയന്മാരുടെ സാന്നിധ്യം എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. ഒരു വാസസ്ഥലം ഒരു ഭൂപ്രകൃതിയാവണമെന്നു നിര്‍ബന്ധമില്ല. ഉദാഹരണത്തിന് ഒരു പരാദത്തെ സംബന്ധിച്ച്, അതു ജീവിക്കുന്ന അതിന്റെ ആതിഥേയന്റെ ശരീരമോ അയാളുടെ ഒരു കോശമോ ആകാം. എന്നാല്‍ ഏതു ജീവിയുടെ കാര്യമെടുത്താലും അതിന്റെ വാസസ്ഥലം നഷ്ടപ്പെടുന്നതും അവ നേരിടുന്ന വംശനാശ ഭീഷണിയും ലോകം മനസ്സിലാക്കി വരുന്നതേ ഉള്ളു. മനുഷ്യര്‍ കാട്ടുന്ന വീണ്ടുവിചാരമില്ലായ്മയും തെറ്റായി പ്രവര്‍ത്തനവും വഴി, ലോകത്ത് സ്വാതന്ത്യത്തോടെ യഥേഷ്ടം പാറിപ്പറന്നു ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശം പോലും നഷ്ടപ്പെടുന്നു. കൊറോണ വഴി കുറച്ചു ജീവികള്‍ക്കെങ്കിലും അല്‍പനേരത്തേക്ക് സ്വാതന്ത്ര്യം കിട്ടിക്കൊണ്ടിരിക്കുന്നു എന്നത് പറയാതെ വയ്യ. നമ്മുടെ കര്‍മ്മ ഫലത്തിന്റെ ബലിയാടുകള്‍ ആക്കപെടുന്ന അത്തരം മിണ്ടാപ്രാണികള്‍ എന്ത് പിഴച്ചു. ഓരോ വീട്ടില്‍ നിന്നും ആരംഭിച്ച് ലോകം മുഴുവനും നീണ്ട അടിയന്തിരമായ ശുദ്ധീകരണം നടക്കേണ്ട ആവശ്യകതയെ ഇന്നെല്ലാരും ഗൗരവതരമായാണ് കാണുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഇതിലേക്ക് അനിയന്ത്രിതമായി നടക്കേണ്ടതുണ്ട്. നാടിനു നഷ്ടപെടുന്ന ഒരു കുഞ്ഞു അരുവി പോലും എത്ര ജീവികളുടെ വാസസ്ഥലത്തെ ആണ് നഷ്ടപ്പെടുത്തുന്നത്. അങ്ങിനെ ചിന്തിച്ച് പ്രകൃതിയുടെ എല്ലാ തനിമയും നിലനിര്‍ത്താനും പുഴയും കുളവും അരുവികളും തണ്ണീര്‍ത്തടവും വെള്ളക്കെട്ടും കുന്നും മലയും കണ്ടല്‍മരങ്ങളും കാടും വനങ്ങളും വയലുകളും ചുരങ്ങളും ഒക്കെ സംരക്ഷിക്കപ്പെടട്ടെ. ഓരോ പൗരനും അതേറ്റെടുക്കട്ടെ. നാളത്തെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങള്‍ക്ക് നമ്മള്‍ കൊടുക്കുന്ന ഏറ്റവും മഹത്തായ ഒന്നാവട്ടെ പരിസ്ഥിതി സംരക്ഷണം.
പരിസ്ഥിതിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കുന്നുകൂടുന്നതുമൂലം വന്യജീവികള്‍, മനുഷ്യര്‍ എന്നിവയെ ദോഷകരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക് മലിനീകരണം എന്നു പറയുന്നത്. ചെലവുകുറഞ്ഞതിനാലും ഉപയോഗിക്കാന്‍ എളുപ്പമാണ് എന്നതിനാലും മനുഷ്യന്റെ പ്ലാസ്റ്റിക് ഉപയോഗം ഉയര്‍ന്ന അളവില്‍ വര്‍ദ്ധിച്ചു. ഇത് പരിസ്ഥിതിയെ വളരെ ഗുരുതരമായി ബാധിച്ചു എന്നതിന് തെളിവാണ് നാം ഇന്ന് കാണുന്ന പല അനിഷ്ട സംഭവങ്ങളും. ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ട സമയം അതിക്രമിച്ചു. പ്രകൃതിക്കുണ്ടാകുന്ന വെല്ലുവിളിയെ കുറിച്ച് ബോധവാന്മാരാകാന്‍ ഇത്രയും വൈകിയ സമൂഹത്തിനു പ്ലാസ്റ്റിക് പൂര്‍ണമായും നിര്‍മാര്‍ജനം സാധിക്കില്ലെങ്കിലും ഉപയോഗം കുറക്കാനും കത്തിച്ചു നശിപ്പിക്കുന്നത് ഒഴിവാക്കാനും പറ്റണം. പ്രകൃതിയില്‍ ലയിക്കുന്ന ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതും പ്രകൃതിക്കു നാശമാകാതെ നോക്കാനും സന്തുലിതാവസ്ഥ ഉണ്ടാക്കാനും ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. പ്ലാസ്റ്റിക് നിരോധനം എന്ന സര്‍ക്കാരിന്റെ നടപടിയുടെ ഫലങ്ങള്‍ ഇന്ന് കിട്ടിത്തുടങ്ങിയോ എന്നതും ചിന്തനീയമാണ്.
ഒരു മരം മുറിക്കുമ്പോള്‍ പത്തു തൈകളെങ്കിലും നട്ടുപിടിപ്പിക്കാന്‍ നിര്‍ബന്ധ നിയമാവലി ഉണ്ടാകണം. വിദ്യാര്‍ത്ഥികളേയും പൊതു ജനങ്ങളേയും, സംഘടിപ്പിച്ചു പൊതു നിറത്തിലും മൊട്ട പ്രദേശങ്ങളിലും മരം വെച്ച് പിടിപ്പിക്കാനും നദികളും അരുവികളും സംരക്ഷിക്കാനും ഒക്കെ മുന്നിട്ടിറങ്ങാന്‍ സന്നദ്ധരാക്കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ ഉപയോഗിക്കുന്ന പുസ്തകങ്ങളിലൂടെ മാത്രം നഷ്ടപെടുന്ന മരങ്ങളെത്ര? ഓരോ വര്‍ഷത്തേയും പാഠ്യ പുസ്തകങ്ങള്‍ തുടര്‍ന്നുള്ള കുട്ടികള്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ സ്‌കൂളില്‍ തന്നെ ചട്ടം കെട്ടിയാല്‍ ഓരോ വര്‍ഷവും നശിക്കപ്പെടുന്ന മരങ്ങളുടെ എണ്ണം കുറക്കാന്‍ പറ്റില്ലേ? പഞ്ചായത്തു വഴി ശുചീകരവും ജല സംരക്ഷണവും ഉണ്ടാക്കണം. നാട്ടില്‍ പാഴായി പോകുന്ന തെങ്ങിന്റേയും കവുങ്ങിന്റേയും വാഴയുടെയും അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ തന്നെ നാടും കര്‍ഷകരും പ്രകൃതിയും ഒരു പരിധിവരെ രക്ഷപെടും. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം വലിയൊരു പരിധിവരെ കുറക്കാന്‍ ഗ്രാമങ്ങളില്‍ സാധിക്കും. മലിനീകരണം മൂലം ജനം നേരിടുന്ന പ്രശ്‌നങ്ങള്‍ അതിഭയങ്കരമാണ്. എന്തൊക്കെ പേരില്‍ ഏതെല്ലാം രൂപത്തിലാണ് രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. വൈറസുകള്‍ക്കെതിരെ വാക്‌സിനേഷന്‍ എന്നത് അനുസ്യൂതം തുടരും. കാരണം ഇന്ന് കാണുന്ന വൈറസുകളല്ല നാളെ പ്രത്യക്ഷപ്പെടുന്നത്. എല്ലാത്തിനും പ്രതിരോധിക്കാന്‍ ആരോഗ്യവാന്മായിരിക്കുക അതാണ് പ്രതിവിധി.
ഇവിടെ സങ്കടകരമായ വിഷയങ്ങളില്‍ ഒന്ന് പരാമര്‍ശിക്കാതെ വയ്യ. സോഷ്യല്‍ മീഡിയ വഴി ജനത്തെ തെറ്റിദ്ധരിപ്പിച്ചു അനാവശ്യ ഭീതിയുണ്ടാക്കി ഒരു കൂട്ടര്‍ ആഘോഷിക്കുന്നു. മറ്റൊരു കൂട്ടര്‍ തങ്ങളുടെ ഉല്‍പ്പന്നം ചുളുവില്‍ വിറ്റഴിക്കാന്‍ ജനത്തെ തന്ത്രപൂര്‍വം ഉപയോഗിക്കുന്നു. വ്യാജന്മാര്‍ മഹാമാരിക്കിടയിലും തലപൊക്കുന്നു. സസ്യാഹാര ലോബിയും മാംസാഹാര ലോബിയും പരസ്പരം വാര്‍ത്തകള്‍ പടച്ചുണ്ടാക്കി മുതലെടുപ്പ് നടത്തുന്നു. ഇതിനൊക്കെ പുറമെ ഒരു മുന്‍കരുതലുമില്ലാതെ തോന്നിയപോലെ നടന്നു നാടിനെ മൊത്തം ആശങ്കയിലേക്കു നയിച്ച വൈറസിനെ പോലും നാണം കെടുത്തുന്ന വീരന്മാരും നാടിന്റെ ശാപം അല്ലാതെന്തു പറയാന്‍.
ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയിലെ ചൂട് ഇനിയും എത്രയോ കൂടുമെന്നാണ് യു എന്‍ പഠനസംഘത്തിന്റെ മുന്നറിയിപ്പ്. ഇന്ധനങ്ങളായ പെട്രോളും മറ്റും കത്തുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ അന്തരീക്ഷത്തില്‍ നിറയുന്നതാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന ചൂടിനു പിന്നിലുള്ള അടിസ്ഥാന കാരണം. ആഗിരണം ചെയ്യുവാന്‍ ആവശ്യമായ വനങ്ങളും മറ്റു സസ്യാവരണങ്ങളും കുറഞ്ഞതോടെ ഈ കാര്‍ബണ്‍ അന്തരീക്ഷത്തില്‍ തന്നെ അവശേഷിക്കുന്നു. മനുഷ്യന്റെ ഇടപെടലിനെ ആശ്രയിച്ചിരിക്കുന്നു ഭൂമിയുടെ നിലനില്‍പ്പ്. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കാണ് എല്ലാ പ്രതിസന്ധിക്കുള്ള ഏക പരിഹാരം. തിരുത്തലിനും നിയന്ത്രണത്തിനുമായി ആഗോള വ്യാപകമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇന്നു ലോകത്തിന്റെ പ്രതീക്ഷ.
ഇന്ത്യയുടെ ജനത കര്‍ഫ്യൂ വലിയൊരളവോളം അന്തരീക്ഷത്തെ സംരക്ഷിച്ചപോലെ. 'മരം ഒരു വരം', 'എന്റെ മരം എന്റെ ജീവന്‍ ', 'മരം എന്റെ ശ്വാസം,' ജലം ഒരു കനി, 'ജലം ഒരു വരം' ഇതൊക്കെ എന്നും ശ്വാസത്തില്‍ കൊണ്ട് നടന്നാലേ നാളത്തെ തലമുറയ്ക്ക് ജീവിതമുണ്ടാകൂ. ഒപ്പം ഇന്ന് കൊറോണക്ക് വേണ്ടി അല്പം അകലം പാലിക്കുക. നാളെ ശക്തമായി അടുക്കാം. കരുതിയിരിക്കുക ഭയമില്ലാതെ.
♦


0 Comments