'മൃഗാധിപധ്യം വന്നാല്‍' കുട്ടികാലത്തെ ഓര്‍മകളില്‍ ഉള്ള ഒരു പംക്തിയാണ്. ഇപ്പഴും ഉണ്ടോ.. എന്നു അറിഞ്ഞു കൂടാ. ഇതു ഇപ്പൊ ഫേസ്ബുക്കില്‍ പറഞ്ഞാല്‍ 'മൃഗാധിപത്യം വന്നു' എന്നാവും മറുപടി!. ആനയെ കൊല ചെയ്തു എന്നതിനപ്പുറം ഈ ക്രൂര കൃത്യം നടത്തിയ സംസ്ഥാനം എന്ന സ്റ്റിക്കര്‍ ഒട്ടിച്ചു ഒട്ടനവധി പേര്‍ രംഗത്ത് വന്നു. ദേശീയ മാധ്യമങ്ങള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന പലരും. എന്നാല്‍ ,ഇതു തന്നെയാവട്ടെ വാര്‍ത്ത എന്നും കരുതി ലേഖകര്‍ ജാഗരൂകരായി പേനയും കമ്പ്യൂട്ടറും എടുത്തു ഓരോ കോണിലായി ഇരുപ്പുറച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടും കണ്ടുകിട്ടാത്ത പൈനാപ്പിള്‍, ആനയ്ക്കു സ്‌നേഹപൂര്‍വ്വം നല്‍കി അതില്‍ വെടിമരുന്നു നിറച്ചു പൊട്ടിച്ചു. മലയാളം എഴുതാനും വായിക്കാനും പിന്നെ കാലകേടിനു മലയാളി ആയിപോയി എന്നും കരുതി മനസുരുകുന്ന ഒരു കൂട്ടം ആളുകളും കൂടെ കൂടി.
സത്യം അറിഞ്ഞിട്ടും മൃഗങ്ങളെ മാത്രം 'സ്‌നേഹത്തോടെ 'നോക്കുന്ന മേനക ഗാന്ധി വെറുതെ ഇരുന്നില്ല എടുത്തു പിടിച്ചു എഴുതി.. മലപ്പുറം!. അതേറ്റു പിടിക്കാനും 'മലയാളി' ഉണ്ടായി. ശെരിയാ, കെണി വെച്ചും പടക്കം വെച്ചും കാട്ടുപന്നികളെ ഓടിക്കാറുണ്ട്. അതൊരു വലിയ തെറ്റല്ല എന്നാണു കര്‍ഷകര്‍ പറയുന്നത്. (ഏതിലും ഉണ്ടല്ലോ രണ്ടു കൂട്ടര്‍! )വര്‍ഷം മുഴുവന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വിളകള്‍ വന്നു നശിപ്പിച്ചിട്ടു പോകുന്ന വന്യമൃഗങ്ങള്‍ നാട്ടുവാര്‍ത്തകളില്‍ സാധാരണമാണെല്ലോ . കൃഷിയിടത്തില്‍ മൃഗങ്ങളെ തുരത്താന്‍ കെണി കൊണ്ടു വെച്ച കര്‍ഷകനെ പിഴിഞ്ഞെടുത്തു ഉണക്കാന്‍ ഇടുന്നതിനു മുന്‍പ് ചോദിക്കട്ടെ ..കാട്ടിനുള്ളില്‍ കൃഷി ചെയ്യുന്നത് ശെരിയാണോ ? അഥവാ അങ്ങനെ ഒന്നു ശ്രെദ്ധയില്‍ പെട്ടാല്‍ അതിനുവേണ്ട നടപടി എടുക്കേണ്ടത് ആരാണ് ? ഇനി അതല്ല,വനാതിര്‍ത്തിയില്‍ ആണ് തോട്ടം എങ്കില്‍ അവിടെ കൊണ്ടു ആനയ്ക്കും പന്നിക്കും പ്രവേശനമില്ല എന്നു എഴുതി വെച്ചാല്‍ മതിയാകുമോ ?കര്‍ഷകരില്‍ നിന്നു മൃഗങ്ങളെ സംരക്ഷിക്കേണ്ട ചുമതല ആരുടേതാണ് ?നടക്കുവാന്‍ പാടില്ലാത്തതാണ് നടന്നത് . സംഭവം നടന്നു കഴിഞ്ഞു കണ്ണീര്‍ ഒഴുക്കുന്നത് ആര്‍ക്കു വേണ്ടിയാണു? ഫിനാഷ്യല്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് പ്രകാരം ആണെങ്കില്‍ ഫോറെസ്‌റ് ഓഫീസര്‍ മോഹന കൃഷ്ണന്‍ തന്റെ വിഷമം പങ്കു വെച്ചു എന്നാണു പറയുന്നത് . താങ്കളുടെ വകുപ്പിനും ഇല്ലേ ഈ ക്രൂരതയില്‍ പങ്ക്?.
'ജയ് കിസാന്‍', കര്‍ഷകന്‍ ഇന്ത്യയുടെ ഉയിരാണെന്നോ ഒക്കെ പറഞ്ഞു പോസ്റ്റിടുന്ന മലയോര കൃഷി എന്താണെന്നോ അറിയാത്ത എഴുത്തും വായനയും അറിയാവുന്ന ബുദ്ധിജീവികളോട്, കഥ കേട്ടു പോസ്റ്റ് കുഴിച്ചിടുന്നതിനു മുന്‍പ് സംഭവത്തിന്റെ ശെരിയായ സ്ഥിതി അറിയാന്‍ ശ്രെമിക്കുക്ക. അല്ല; ലക്ഷ്യം മൃഗസ്‌നേഹം ആണെങ്കില്‍ അല്ലെ അങ്ങനെ ചെയ്യൂ. 2016 ഇല്‍ കേന്ദ്ര സര്‍ക്കാര്‍ നീല്‍ഗായി എന്ന അഞ്ചടി വരെ വളരാന്‍ കഴിയുന്ന, മാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവിയെ കൊല്ലാനുള്ള അനുമതി കൊടുത്തു എന്ന കാരണം കൊണ്ടു കൂട്ടത്തോടെ കൊന്നും ജീവനോടെ കുഴിച്ചും ഇട്ട ബിഹാറും ഇന്ത്യ മഹാരാജ്യത്തിന്റെ ഭാഗമാണ് . ആനയെ കൊന്നവരെ ന്യായികരിക്കല്‍ അല്ല, സ്വന്തം കൃഷി സംരക്ഷിക്കാന്‍ ആരോ ചെയ്ത പ്രവര്‍ത്തിയെ ഒരു സംസ്ഥാനത്തിന്റെ പൊതു മനോഭാവം ആക്കുവാനുള്ള ആ ത്വര ഉണ്ടല്ലോ, അതൊരു മനോരോഗമാണ്.
യുവതിയെ മാനഭംഗത്തിന് ഇരയാക്കി, അതും അവളെ സംരക്ഷിക്കേണ്ട സ്വന്തം ഭര്‍ത്താവിന്റെ ഒത്താശയോടെ അഞ്ചു വയസ്സുള്ള കുട്ടിയുടെ മുന്നില്‍ വെച്ചു ? എന്തിനാണ് ഇതിനൊക്കെ അറസ്റ്റ്? സംഘത്തില്‍ പ്രായപൂര്‍ത്തി ആവാത്ത ഒരു കുറ്റവാളി ഉണ്ടെന്നു കേട്ടു. വീണ്ടും ചോദിച്ചു പോവുകയാണ് എന്തിനാണ് ഇത്തരം കാര്യങ്ങള്‍ക്കു അറസ്റ്റ് !! മനുഷ്യര്‍ക്ക് വേണ്ടിയല്ലേ നിയമങ്ങള്‍? മനുഷ്യരുടെ രൂപം ഉള്ളവര്‍ക്ക് എന്തിനാണ് മനുഷ്യരുടെ നിയമങ്ങള്‍ ? ഇത്തരം കളകളെ വേരോടെ പറിച്ചു തീയില്‍ ഇടണം സാര്‍. "സഹോദരി മാപ്പു" എന്നും പറഞ്ഞു നിലവിളിക്കുന്നതിലും നല്ലത് അതാണ് . ഗോവിന്ദച്ചാമി പോലുള്ള ,ഭൂമിക്കു ഭാരമായവരുടെ പട്ടികയിലേക്ക് എന്തിനാണ് ആളെ കൂട്ടുന്നത്? മയക്കു മരുന്നുകളും ലഹരികളും കുത്തി നിറച്ച സിരകളില്‍ ഒഴുകുന്ന രക്തത്തിന്റെ ഉഷ്ണം കുറയ്ക്കാനായി കാട്ടി കൂട്ടുന്ന വൈകൃതങ്ങൾക്കു എന്തിനാണ് ക്രോസ്സ് വിസ്താരം ?
കല്യാണം കഴിഞ്ഞവര്‍, കഴിക്കാത്തവര്‍ ഇനി കഴിക്കാന്‍ ഉള്ളവര്‍ എന്നൊന്നും വേര്‍തിരിക്കുന്നില്ല. ഉത്തരവാദിത്തം വരുത്താനും നേര്‍ വഴിക്കു നടക്കാനും ഉള്ള മരുന്നായി വിവാഹത്തെ കാണുന്നവരോട് ; വേറൊരാളുടെ ജീവിതം കൊണ്ടല്ല ഇതു രണ്ടും പഠിക്കേണ്ടത് . നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം ആയിട്ടും കെട്ടരുത് എന്നാണു എന്റെ കാഴ്ചപാട് കാരണം സമൂഹത്തിന്റെ അടിത്തറ കുടുംബ ജീവിതത്തില്‍ ആണ് അത്രയും പ്രധാനപ്പെട്ട ഒരു കണ്ണിയെ നിസ്സാര കാരണം പറഞ്ഞു വിളക്കി ചേര്‍ത്താല്‍ മുറിയുന്നതിനും വലിയ താമസം ഉണ്ടാവില്ല .
ശബരിമലയിലെ മണ്ണും ചെളിയും വാരികൊണ്ടു ഏതോ ഒരു പൊതുമേഖലാ സ്ഥാപനം പോകുന്നു അങ്ങനെ അങ്ങ് വിടാന്‍ പറ്റില്ലല്ലോ കേരള ക്ലേ ആന്‍ഡ് സെറാമിക്സ് എന്ന പൊതുമേഖലാ സ്ഥാപനം കൊണ്ടുപോകുന്നത് വേറെ കമ്പനിക്ക് മറിച്ചു വില്‍ക്കാന്‍ എന്നാണു പ്രത്യക്ഷ പ്രതിപക്ഷ നേതാവ് പറയുന്നത്. 2018 ഇല്‍ പമ്പയില്‍ അടിഞ്ഞു കൂടിയ മണ്ണു സൗജന്യമായി കൊണ്ടു പോകേണ്ട എന്നും പറയുക ഉണ്ടായി അതിനിടയില്‍ സ്വതസിദ്ധമായ നാട്ടുഭാഷയില്‍ വായില്‍ വന്നതൊക്കെ വിളിച്ചും പറഞ്ഞു. വര്‍ഷങ്ങളായി പൂട്ടി കിടക്കുകയാണ് എന്നൊക്കെയാണ് പറഞ്ഞത്. അതെന്തും ആവട്ടെ, കാട്ടിലെ മണ്ണു നീക്കം ചെയ്യമ്പോള്‍ വനംവകുപ്പിന്റെ അനുമതി വേണ്ടേ ? അതോ 'എന്നിഷ്ടം തന്നിഷ്ടം' പദ്ധതി ആണോ ? വിരമിക്കലിന്റെ തലേ ദിവസം ടോം സാര്‍ തിരക്കിട്ടു അനുമതി കൊടുത്തു എന്നാണു അറിഞ്ഞത്. പണ്ട് മെത്രാന്‍കായലില്‍ ഇതു പോലെ ഏതാണ്ട് വെള്ളാരങ്കലോ ഇഷ്ടികപ്പൊടിയോ ഏതാണ്ട് ഉത്തരവു ഇറക്കിയിരുന്നു അതും ഒരു സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ആണ്. അതു കൊണ്ടു രമേശ് നേതാവ് പറഞ്ഞതിനെ അങ്ങനങ്ങു തള്ളി കളയണ്ട .
കൊലപാതകം നടന്നു ദിവസങ്ങള്‍ക്കുള്ളില്‍ പ്രതി പോലീസ് പിടിയില്‍. കേരള പോലീസ് വെറുമൊരു സംഭവം അല്ല മഹാസംഭവം ആണ്. പക്ഷെ സാറെ ,ഇടുക്കിയില്‍ ബൈക്ക് പിടിച്ചെന്നും പറഞ്ഞു ക്യാമറയ്ക്കു മുന്നില്‍ കറുമുറാ എന്തൊക്കെയോ വിളിച്ചു പറഞ്ഞ സഖാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടി എന്നറിഞ്ഞു ശെരിയാണോ ? കുറ്റപത്രം സമര്‍പ്പിച്ചില്ല എന്നാണു അറിഞ്ഞത്. അതെന്താ ചെങ്കൊടിയുടെ മറവില്‍ ജനങ്ങളെ വെല്ലുവിളിക്കുന്നത് കുറ്റം അല്ലെ ? അല്ലെങ്കില്‍ വേണ്ട .ചോദിച്ചു എന്നെ ഉള്ളു . അല്ല അപ്പൊ പോലീസ് പോലുള്ള ഒരു ഭരണസംവിധാനത്തെയോ ? കുറ്റപത്രത്തിലെ കുറ്റമറ്റ എഴുത്തു കാരണം എത്ര കേസുകള്‍ ആണ് കോടതിയുടെ വിമര്‍ശനം ഏറ്റു വാങ്ങിയിട്ടുള്ളത് ? ഇതേ പോലീസ് അല്ലെ മേല്പറഞ്ഞ അരുംകൊല നടത്തിയ പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ ചുരുട്ടി കൂട്ടി എടുത്തത് ? ശ്രീരാമ കൃഷ്ണനും നേതാക്കള്‍ക്കും ഒരു പോലീസ് ,പിടിപാടില്ലാത്തവര്‍ക്ക് വേറൊരു പോലീസ് ഇനി മണല് വാരികൊണ്ടു പോകുന്ന പരുപാടി തടയാന്‍ പ്രത്യേക പോലീസ് എന്നോ മറ്റോ ഉണ്ടോ ? അഴിമതിക്കെതിരായ പോരാട്ടം! സമത്വ സുന്ദര്‍ബന്‍.
ചൊറിതണം : കല്യാണം ആണേല്‍ 50, ആരാധനാലയം ആണേല്‍ പ്രായം നോക്കി ആളെ കയറ്റാം . അങ്ങനെ ഒരു വശത്തു നിന്നു തുറന്നു വരുന്ന കച്ചവടങ്ങള്‍ ( ആരാധനാലയങ്ങള്‍ കച്ചവട സ്ഥാപനം ആണെന്നൊന്നും അല്ല ഉദേശിച്ചത്,അല്ലെങ്കിലേ തൊട്ടാൽ പൊട്ടുന്ന നാണംകുണുങ്ങി മുട്ടയാണ് മതവികാരം എന്നാണ് ചിലർ പറയുന്നത്) ഇതില്‍ പെടാത്ത ഒരു പാട് പേര്‍ ഉണ്ട് അതില്‍ ഒന്നാണ് ട്യൂട്ടോറി , കോച്ചിങ് സെന്റര്‍ എന്നിവയൊക്കെ മാസം മൂന്നായെ അടച്ചിട്ട് . എന്നെങ്കിലും തുറക്കുമോ ആവോ ? എന്തായാലും മൊബൈല്‍ കച്ചവടക്കാര്‍ക്ക് കോളാണ് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ടി വി എന്നിവ വില്‍ക്കുന്നവര്‍ക്കും . മുന്‍പ് ഫ്രീ ഫ്രീ എന്നു നിലവിളിച്ച പലരും ഇപ്പൊ മുന്‍പു കൊടുത്ത കിഴുവുകള്‍ ബില്ലില്‍ കുത്തിക്കയറ്റി തിരിച്ചു പിടിക്കുന്നു എന്നൊരാരോപണം കേട്ടു . അങ്ങനെ ഒക്കെ ചെയ്യുമോ ? കൊറോണ കാരണം ഗതി കേട്ടു ഓണ്‍ലൈന്‍ ക്ലാസ്സിനായി മാസതവണയില്‍ സാധനം വാങ്ങുന്നവരോട് നിര്‍മല സ്‌നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും മാതൃക കാട്ടാനെ കച്ചവടക്കാര്‍ ശ്രെമിക്കു എന്നു നമ്മുക്ക് അറിയാമെല്ലോ.


0 Comments