ദിനവൃത്താന്തം | ഡോ.സിന്ധു നായര്‍


രാവിലെ ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ണുതുറന്നത്. നേരം ഒത്തിരി ആയോ..! കണ്‍പോളകള്‍ക്ക് ഭയങ്കര ഭാരം മുഴുവന്‍ തുറക്കാനേ പറ്റുന്നില്ല ഭയങ്കര ക്ഷീണം കുറച്ചുനേരം കൂടി മോളെയും കെട്ടിപ്പിടിച്ചു കിടന്നാലോ.. വേണ്ട, ഉറങ്ങിപ്പോയാലോ ഈയിടെയായി  ക്ഷീണം കൂടുതല്‍  ആണ്. 

രാവിലെ നടക്കാന്‍ പോകാനുള്ള  തയ്യാറെടുപ്പില്‍ മുറിയില്‍ക്കൂടി അങ്ങോട്ടും ഇങ്ങോട്ടും ബഹളം ഉണ്ടാക്കിക്കൊണ്ട് നടക്കുന്നുണ്ട് ചേട്ടന്‍. വേണ്ട, എഴുന്നേറ്റേക്കാം... ഇന്നെങ്കിലും പത്തുമണിക്ക് ഓഫീസില്‍ എത്തണം. നേരത്തെ എത്തിയിരുന്ന ഞാനാ ഇപ്പോള്‍ വന്നുവന്ന് പത്തര ആയിരിക്കുന്നു..

ഉറക്കം മതിയാവാതെ അടുക്കളയില്‍ ചെന്ന് ഒരഞ്ചുമിനിട്ടു മടിയോടെ നിന്നു. ഇനി ഒന്നില്‍ നിന്നും തുടങ്ങണം. പതിവ് തെറ്റിക്കാതെ കാപ്പിയില്‍ നിന്നും തുടങ്ങി. ഇപ്പോള്‍ അടുക്കളയില്‍ പഴയ ഫ്രീഡം ഇല്ല. അമ്മ ഒരു വര്‍ഷത്തോളമായി അടുക്കള കൈയ്യടക്കിയിരിക്കുന്നു. 

ഇരുപത്തിയൊന്ന് വര്‍ഷം എന്റെ മാത്രമായ സാമ്രാജ്യത്തിനു ഒരു അവകാശികൂടി. എഴുപത്തഞ്ചുവയസ്സായി അമ്മയ്ക്ക് അവിടെ ഇരിക്കാന്‍പാടില്ലേ..? ഞാന്‍ സമയാസമയം എല്ലാം ചെയ്തു കൊടുക്കില്ലെ.. അതെങ്ങനെയാ, അമ്മയ്ക്കും വേണം എന്റെ സാമ്രാജ്യം. 

അടുക്കും ചിട്ടയും വൃത്തിയും എല്ലാം താറുമാറായി. എന്റെ ക്ഷമ നശിച്ചുതുടങ്ങി. എനിയ്ക്ക് ഇപ്പോള്‍ പഴയ ക്ഷമ ഇല്ല വയസ്സ് അന്‍പതിനോട് അടുക്കുന്നു. യൗവ്വനത്തില്‍ നിന്നും മദ്ധ്യവയസ്സിലേക്കുള്ള മാറ്റത്തിന്റെ പ്രതിഫലനം ശരീരത്തിനുമാത്രമല്ല മനസ്സിനും ബാധിച്ചിരിക്കുന്നു,  തൊട്ടതിനും പിടിച്ചതിനുമൊക്കെ ശുണ്ഠി, സങ്കടം, ക്ഷമയില്ലായ്മ്മ.

അമ്മയോടുള്ള സംഭാഷണം നന്നേ കുറച്ചു. അമ്മയുടെ വാശികളോട് കിടപിടിക്കാന്‍ എനിയ്ക്ക് വയ്യ, കൂടുതല്‍ ആരോപണങ്ങള്‍ ഒഴിവാക്കാന്‍ തല്ക്കാലം അതാ നല്ലത്,  മൗനം വിദ്വാന് ഭൂഷണം. 

എന്റെ ദൈവമേ..! സമയം ഒന്‍പതര ഇന്നും ഞാന്‍ വൈകും, പത്തുമണിക്ക് എത്താം എന്നത് മിഥ്യയായി. എത്ര വൈകിവന്നാലും പോക്ക് സമയത്ത് തന്നെ വേണോട്ടോ എന്ന സ്ഥിരം കമന്റ് വകവെക്കാതെ സ്ഥിരം  ചിരിയോടെ പത്തരയ്ക്ക് തന്നെ എത്തി.

ഇന്നും രാവിലെയും ഉച്ചയ്ക്കും പട്ടിണി സ്ഥിരം ജോലികളില്‍ ഒഴിവാക്കാന്‍ പറ്റിയത് ഇത് മാത്രം അതായിരിക്കാം ക്ഷീണവും. ശരിക്കും പറഞ്ഞാല്‍ കുറച്ചു നേരം ഇരിക്കണമെങ്കില്‍  ഓഫീസില്‍ വരണമെന്നായി. ഇനി ഇവിടുത്തെ തിരക്കില്‍ ഒന്നും ഓര്‍ക്കാന്‍ തന്നെ നേരം ഇല്ല. അതിനിടയില്‍ മനസ്സിനിഷ്ടപ്പെട്ട കുറച്ചു വാട്‌സ്ആപ്പ് ഗ്രൂപ്പുകളും. 

സമയം അഞ്ചായത് അറിഞ്ഞില്ല. വീട്ടിലെത്താന്‍ തിരക്കായി എന്നെ നോക്കിയിരിക്കുന്ന കുഞ്ഞുമുഖം മുന്നില്‍ തെളിഞ്ഞു. കാണാന്‍ വെമ്പലായി രാവിലെ ഇട്ടേച്ചുപോന്നതാ ചെല്ലുമ്പോള്‍ മുതല്‍ അച്ഛമ്മയുടെയും ചേച്ചിയുടെയും പരാതികളുമായി കൂടെ കൂടും. 

അമ്മ എനിയ്ക്ക് എന്താ കൊണ്ടുവന്നത്..? ആ ചോദ്യം ഒരു കോലുമിഠായി യില്‍ ഞാന്‍ ഒതുക്കും. പിന്നെ കുളിയും നാമജപവും കഴിഞ്ഞു അത് വരെ അമ്മയുടേതായ സാമ്രാജ്യം ഞാന്‍ പിടിച്ചെടുക്കും. പിന്നെ ചേട്ടന്‍ വരാനുള്ള കാത്തിരിപ്പായി. 

ഇന്നെന്താണാവോ എന്നിലുള്ള കുറ്റം. ചെണ്ടയുടെ ജന്മം ആര്‍ക്കും കൊട്ടിത്തകര്‍ക്കാം. മുതുകാട് സര്‍ പറഞ്ഞ പ്രൈം ടൈം ഫോണ്‍ കൈയ്യടക്കിയതു കൊണ്ടു കുറ്റങ്ങള്‍ക്ക് കുറച്ചു കുറവുണ്ട്. രാത്രി അത്താഴം ഒരുമിച്ച് അത് നിര്‍ബന്ധം അപ്പോഴും ഫോണില്‍, ഒരു മേശയ്ക്കു അടുത്തിരുന്ന് അന്യരെപ്പോലെ ഭക്ഷണം കഴിച്ചു എഴുന്നേല്‍ക്കും. 

ഇനി അടുക്കള വൃത്തിയാക്കല്‍.. എന്ത് കാര്യം രാവിലെ മുതല്‍ പാത്രം നിരത്താനുള്ളതാ എന്നാലും എനിയ്ക്ക് ഒതുക്കി വെച്ചാ ശീലം. വൃത്തിയാക്കല്‍ കഴിഞ്ഞ് അടുക്കളയിലേയ്ക്ക് നോക്കുമ്പോഴുള്ള ആ തൃപ്തി അതൊന്നുവേറെത്തന്നെ. 

അയ്യോ സമയം പതിനൊന്നര എത്ര പെട്ടെന്നാ ഒരു ദിവസം പൊഴിയുന്നത് ഇനി ഒന്ന് നടു നിവര്‍ത്തണം. മോള് ഇനിയും ഉറങ്ങിയിട്ടില്ല.
അച്ഛന്റെയും മോളുടെയും കളി കേള്‍ക്കാം. മുറിയില്‍ ചെന്ന് മോളെ ഒരുവിധം പിടിച്ചു കിടത്തി കൂടെ കിടക്കുമ്പോള്‍ നടു കിടക്കയിലേക്ക് ചേരാന്‍ ഒരു വിഷമം. 

കണ്ണുകള്‍ അടഞ്ഞു തുടങ്ങുമ്പോള്‍ കേള്‍ക്കാം മോളുടെ പ്രാര്‍ത്ഥന 'ആലത്തൂര് ഹനുമാനേ പേടി സ്വപ്നം കാട്ടരുതേ, പേടി സ്വപ്നം കാട്ടിയാല്‍ തൃപ്പാദം കൊണ്ട് അടിച്ചമര്‍ത്തണേ '.. കണ്ണ് അടഞ്ഞുതുടങ്ങി അടുത്ത ഉറക്കച്ചടവോടുള്ള ഒരു പ്രഭാതത്തിനു തുറക്കാനായ്... 

Post a Comment

0 Comments