റിപ്പോർട്ട്: എസ്.സുജിത്ത്
വാഴച്ചാൽ: ചാലക്കുടിയിലെ വനശ്രീ ഇക്കോ ഷോപ്പ് വഴി വില്പന നടത്തിയിരുന്ന തേൻ ലോക് ഡൗൺ കാരണം വിൽക്കാൻ കഴിയാതെ നഷ്ടത്തിലേക്ക് നീങ്ങാതിരിക്കാൻ മന്ത്രി വി.എസ്.സുനിൽകുമാർ നടത്തിയ ഇടപെടൽ ഫലം കണ്ടു.
ആദിവാസി സമൂഹം ശേഖരിച്ച് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ സംഭരിച്ചു വച്ചിരുന്ന കാട്ടു തേൻ വിറ്റുപോകാതിരുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അടിയന്തിരമായി ഇടപെട്ടത്. വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വി.വിനോദുമായി ചർച്ച നടത്തി മന്ത്രി വിശദാംശങ്ങൾ നേരിട്ടറിഞ്ഞു.
ഇതിനെ തുടർന്ന് ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടർ ജെ. സജീവ്, റീജണൽ മാനേജർ ബി.സുനിൽ എന്നിവർ ചെട്ടിക്കുളം സെൻട്രൽ നഴ്സറിയിലുള്ള തേൻ സംഭരണ കേന്ദ്രം സന്ദർശിച്ചു തേനിൻ്റെ ഗുണനിലവാരം പരിശോധിച്ചു ബോദ്ധ്യപ്പെട്ടു.
ആദ്യ ഗഡു എന്ന നിലയിൽ ഹോർട്ടികോർപ്പ് 1200 കിലോഗ്രാം തേൻ ഇന്ന് വാങ്ങിച്ചു.
ചാലക്കുടി വനം ഡിവിഷനിലെ ആനപ്പാന്തം, ചക്കിപ്പറമ്പ് ,തേനിട്ടാം പാറ, കാരിക്കടവ് എന്നീ വന സംരക്ഷണസമിതി കളിലെ ആദിവാസികൾ ശേഖരിച്ചതാണ് ഇവിടെയുണ്ടായിരുന്ന എണ്ണായിരം കിലോ വരുന്ന തേൻ.
കോവിഡിൻ്റെ നിയന്ത്രണങ്ങൾ വന്നതോടെ വില്പന കുറയുകയും തേൻ കെട്ടിക്കിടക്കുകയും ചെയ്ത സാഹചര്യം ആദിവാസി സമൂഹത്തിനും വനംവകുപ്പിനും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കൃഷി വകുപ്പ് മന്ത്രിയുടെ ഇടപെടലിലൂടെ അതിന് പെട്ടെന്നൊരു പരിഹാരമായതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്.വി.വിനോദ് പറഞ്ഞു.
ഛത്തിസ്ഗഡിലെ സി.ജി.സേർട്ടിലെ ഓർഗാനിക് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഇവിടുത്തെ തേൻ മാവേലിക്കര തേനീച്ച വളർത്തൽ കേന്ദ്രത്തിലെ അത്യാധുനിക തേൻ സംസ്കരണ യൂണിറ്റിൽ സംസ്ക്കരി ച്ചെടുത്ത് വാഴച്ചാൽ ഓർഗാനിക് കാട്ടു തേൻ എന്ന ബ്രാൻറിൽ വിപണിയിൽ എത്തിക്കുന്നതാണ്.

0 Comments