സ്റ്റാഫ് റിപ്പോര്‍ട്ടേഴ്‌സ്
ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തോടൊപ്പം ഓടിയെത്താന്‍ കഴിയില്ലെന്ന ആശങ്ക ഇനിയും മലയാളികള്‍ക്ക് വേണ്ട. മലയാളികള്‍ ഓടുവാന്‍ തയ്യാറായിക്കഴിഞ്ഞു... ഡിജിറ്റല്‍ ഇന്ത്യയ്ക്കും മുന്നേ. ഓണ്‍ലൈന്‍ പഠനം പോലും പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ ഇപ്പോള്‍ പാടുപെടുന്ന കേരളത്തില്‍ അവയ്‌ക്കെല്ലാം പരിഹാരമാകുന്ന ഡിജിറ്റല്‍ വികസനമുന്നേറ്റമാണ് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ നടക്കുവാന്‍ പോകുന്നത്. അതിവേഗ ഇന്റര്‍നെറ്റുമായി കേരള ഫൈബര്‍ ഒപ്റ്റിക്കും, വ്യത്യസ്ത ഫീച്ചറുകളുമായി കോക്കോണിക്‌സ് ലാപ്‌ടോപ്പുകളും പൊതുവിപണിയില്‍ എത്തുന്നതോടെ സാധാരണക്കാരെയും ചേര്‍ത്തുപിടിച്ച് കേരളം ഡിജിറ്റല്‍ ഇന്ത്യയ്ക്ക് റോള്‍മോഡലാകും.
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് പദ്ധതി ഡിസംബര്‍ മാസത്തോടെ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കെ-എഫ്.ഒ.എന്‍ കണ്‍സോര്‍ഷ്യവുമായി നടത്തിയ വീഡിയോ കോണ്‍ഫെറന്‍സിനു ശേഷമാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. 1500 കോടി ചെലവ് വരുന്ന പദ്ധതി ഇന്ത്യയിലെ ആദ്യത്തേതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പദ്ധതിയില്‍ ഭേല്‍ റെയില്‍ ടെല്‍ എന്ന പൊതുമേഖലാ സ്ഥാപനങ്ങളും എസ്.ആര്‍.ഐ.ടി, എല്‍.എസ് കേബിള്‍ എന്ന സ്വകാര്യ കമ്പനികളും പങ്കാളികാളാണ്. ഭേല്‍ എം ഡി യും ചെയര്‍മാനും ആയ എം.വി. ഗൗതം കെ ഫോണ്‍ പദ്ധതി ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കും എന്നു ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പദ്ധതി കണ്‍സോര്‍ഷ്യം നേതൃത്വം ഭേല്‍ ആണ് വഹിക്കുന്നത്.
പദ്ധതി നടപ്പിലാവുന്നതോടെ കേരളത്തിലെ സാധാരണക്കാര്‍ക്കു മിതമായ നിരക്കില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനൊപ്പം വിദ്യാഭ്യാസം ആശുപത്രികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടെങ്ങിയവയ്ക്കു കണക്ഷന്‍ ലഭ്യമാക്കുവാന്‍ സാധിക്കും. കോവിഡിന് ശേഷമുള്ള ലോകത്തില്‍ ഇന്റര്‍നെറ്റിനു പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കും. കോവിടാനന്തര കേരളത്തെ ലോകത്തിലെ പ്രധാന വ്യവസായ- വിദ്യാഭ്യാസ- ടൂറിസം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കു കെ-ഫോണ്‍ വലിയ പിന്തുണ ആയിരിക്കും എന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. പദ്ധതി നടത്തിപ്പിനായി കേരള സര്‍ക്കാര്‍ കിഫ്ബി വഴി 500 കോടി നിക്ഷേപിക്കും എന്നു ധനമന്ത്രി ഡോ: തോമസ് ഐസക് 2017 -18 ബജറ്റ് സമ്മേളനത്തില്‍ ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്കു ഇന്റര്‍നെറ്റ് സേവനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും എന്നു സഭയില്‍ അറിയിച്ചിരുന്നു. ഇന്റര്‍നെറ്റിനുള്ള അവകാശം പൗരന്മാരുടെ അടിസ്ഥാന അവകാശം ആയി പ്രഖ്യാപിച്ച സംസഥാനമാണ് കേരളം.
അതേ സമയം മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയം പ്രാവര്‍ത്തികമാക്കി കേരളത്തിന്റെ ചരിത്രപരമായ മറ്റൊരു ഡിജിറ്റല്‍ ചുവടുവയ്പ്പാണ് കോക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍. വിപണിയില്‍ വൈവിധ്യങ്ങളുമായാണ് കോക്കോണിക്‌സ് എത്തിയിരിക്കുന്നത്. കോകോണിക്‌സ് ഇനേബിലെര്‍ C1314 എന്ന മോഡല്‍ ആണ് ആമസോണ്‍ വഴി വിപണിയില്‍ എത്തിക്കുന്നത്. C1314 ഉബുണ്ടു വിന്‍ഡോസ് 10 ഹോം വിന്‍ഡോസ് 10 പ്രൊ എന്നീ പ്ലാറ്റഫോമില്‍ ലഭ്യമാണ്. 14 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള C1314 ന്റെ പ്രവര്‍ത്തങ്ങള്‍ക്ക് കരുത്തുപകരുന്നത് ഇന്റല്‍ i3 7100 u ആണ്. 8 ജിബി ഇന്റെര്‍ണല്‍മെമ്മറി DDR3 മെമ്മറി 16 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ചെറിയ വീഴ്ചകളെ അതിജീവിക്കുകയും വെള്ളം വീണാലും കുഴപ്പമില്ലാത്തതും ആണെന്ന് കോകോണിക്‌സ് പറയുന്നു. 29,500 രൂപയാണ് ആമസോണില്‍ ഇതിനു വില ഇട്ടിരിക്കുന്നത്. വിന്‍ഡോസ് 10 ഇല്‍ പ്രവര്‍ത്തിക്കുന്നതിന് 35,680 രൂപയും.
കോകോണിക്‌സ് എന്ന സ്ഥാപനം സ്വകാര്യ- പൊതുമേഖലാ സംരംഭങ്ങളുടെ സാങ്കേതിക കൂട്ടായ്മയും കേരളാ സര്‍ക്കാരിന്റെ പിന്തുണയിലും ആണ് ഇന്ത്യന്‍ നിര്‍മിത ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. യൂ എസ്ടി ഗ്ലോബല്‍, കേരളാ വ്യവസായ വികസന കോര്‍പറേഷന്‍, കെല്‍ട്രോണ്‍, ആക്‌സിലെറോണ്‍ (സ്റ്റാര്‍ട്ട് അപ്പ്)എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് കൊണ്ടാണ് ലാപ്ടോപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത്. കോകോണിക്‌സ് ലാപ്ടോപ്പിന് വേണ്ടുന്ന സാങ്കേതിക ഉപദേശവും മറ്റും നല്കുന്നത് ലോക കമ്പ്യൂട്ടര്‍ പ്രോസസ്സര്‍ രംഗത്തെ അതികായകനായ ഇന്റല്‍ ആണ്.
തിരുവനന്തപുരം മണ്‍വിളയില്‍ കെല്‍ട്രോണിന്റെ പ്രിന്റഡ് ആന്‍ഡ് സര്‍ക്യൂട്ട് ഫാക്ടറിയില്‍ ആണ് കോകോണിക്‌സ് ലാപ്ടോപ്പുകള്‍ ഒരുങ്ങുന്നത്. രണ്ടര ലക്ഷം ലാപ്ടോപ്പുകള്‍ വരെ ഉത്പാദിപ്പിക്കാനുള്ള സൗകര്യം മണ്‍വിളയിലെ കേന്ദ്രത്തില്‍ ഉണ്ട്. വിദ്യാഭ്യാസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കോകോണിക്‌സ് ലാപ്ടോപ്പുകള്‍ കൈമാറിയിട്ടുണ്ട്.
ഇലക്ട്രോണിക് മാലിന്യങ്ങള്‍ ഭൂമിക്കു ഭാരമാവാതെ അവ ശെരിയായ രീതിയില്‍ സംസകരിച്ചു അവയില്‍ നിന്നും ഉപയോഗ യോഗ്യമായ വസ്തുക്കള്‍ വേര് തിരിച്ചു അന്തരീക്ഷത്തിനും മണ്ണിനും അപകടമായ രസം, ഈയം എന്നിവ വേര്‍തിരിച്ചു ശെരിയായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുന്ന ഇ-വേസ്റ്റ് മാനേജ്‌മെന്റും ഇതോടൊപ്പം നടപ്പാക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.
ഡിജിറ്റല്‍ ഇന്ത്യയെന്ന ആശയത്തെയും മേക്ക് ഇന്‍ ഇന്ത്യയെയും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്ന കേരളാമോഡല്‍ സാധാരണജനങ്ങളുടെ കയ്യൊപ്പോടുകൂടി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നതില്‍ സംശയമില്ല.
•




0 Comments