
ജൂണ്‍ മാസം വന്നു പക്ഷെ പുത്തനുടുപ്പും പുത്തന്‍ കുടയും ഇല്ല പകരം വന്നത് ടിവി മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ്പ് എന്നിങ്ങനെ ഉള്ള സാധന സാമഗ്രികളാണ്. സര്‍ക്കാര്‍ ,സ്വകാര്യ എന്നിങ്ങനെ വിത്യാസമില്ലാതെ വായുവിലൂടെ ക്ലാസുകള്‍ തലങ്ങും വിലങ്ങും പാറി നടക്കുന്നു . ആകാശം കണ്ടാല്‍ പെറാത്ത ഒരു മയില്‍പീലി കാലം ഉണ്ടായിരുന്നു, ഇന്ന് തിരിച്ചാണ്; റേയ്ഞ്ചിനായി മാനം കാണിക്കണം പട്ടണങ്ങളിലെ സ്ഥിതി അല്ല, ചായ കടയും ആറരയ്ക്കു സര്‍വീസ് തീരുന്ന ബസ് റൂട്ട് ഉള്ള 'മെട്രോ നഗരങ്ങളുടെ ' കാര്യം ആണ്.
റേഞ്ച് ഇല്ലാത്തതിൻ്റെ പേരില്‍ ഐഡിയകാരോട് അടിയിട്ട ഒരു ജനവിഭാഗം ഉണ്ട്, 1.5 ജിബി ദിവസ ക്വോട്ട ദീപാവലിക്ക് കത്തിക്കുന്ന 'പാമ്പു ഗുളികയെ ' കാള്‍ വേഗത്തില്‍ കത്തി തീരുന്ന ഈ നാട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ് എന്ന് പറയുമ്പോള്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ഒട്ടനവധി ആണ്. കുടുംബത്തില്‍ ആകെ കൂടി ഉള്ള രണ്ടു ഫോണ്‍ കൊണ്ട് മാസം തള്ളി നീക്കാന്‍ പറ്റാത്ത അവസ്ഥ. ടെലികോം രംഗത്തെ വികസനം എന്നുള്ള വായ്ത്താരി അല്ല റേഞ്ച് ഉണ്ടാവുന്നുള്ള മരുന്ന് വല്ലതും ഉണ്ടെങ്കില്‍ ഈ കമ്പനികളുടെ കയ്യും കാലും കെട്ടി ഇട്ടു അണ്ണാക്കില്‍ ഒഴിച്ച് കൊടുക്കണം. പിന്നെ എസ് ബി ഐ യുടെ അക്കൗണ്ട് പോളിസി എന്ന പോലെയുള്ള ഡാറ്റ കണക്കു കൂട്ടലും.
അത് പറഞ്ഞപ്പോഴാണ് ഓപ്പണ്‍ ബുക്ക് പരീക്ഷയെ കുറിച്ച് ഓര്‍ത്തത്. ഓപ്പണ്‍ ബുക്ക് പരീക്ഷയെ എതിര്‍ക്കുന്നവരെ മനസിലാക്കാം പഠിച്ചിരുന്ന കാലത്തു ബുക്ക് തുറന്നു വെച്ച് എഴുതുന്നത് കല ആയി കണ്ടവര്‍ ഉണ്ടാവാം എന്നാല്‍ ശെരിക്കുള്ള ഓപ്പണ്‍ ബുക്ക് പരീക്ഷ എത്ര ബുക്ക് തുറന്നു വെച്ചാലും എഴുതാന്‍ പറ്റി എന്നു വരില്ല പിന്നല്ലേ മാര്‍ക്ക്. 'ആര് ആരോട് എപ്പോള്‍ പറഞ്ഞു' വക ചോദ്യങ്ങള്‍ നോക്കുകയെ വേണ്ട കാണില്ല. ചോദിച്ചത് എവിടെ നിന്നാണ് എന്ന് തപ്പി അതിൻ്റെ ഉത്തരത്തിൻ്റെ ഉടുപ്പ് ഇടുവിക്കുമ്പോഴേക്കും പരീക്ഷ സമയവും കഴിഞ്ഞിട്ടുണ്ടാകും .
കോറോണയ്ക്ക് ഇന്ത്യ ഇഷ്ടപ്പെട്ടു എന്ന് വേണം കരുതാന്‍. കോറോണയെ തുരത്താന്‍ മാസ്‌ക് വെയ്ക്കാന്‍ സര്‍ക്കാര്‍ പറഞ്ഞു, ഫൈന്‍ അടയ്‌ക്കേണ്ടി വന്നാലോ എന്ന് പേടിച്ചു പലരും മാസ്‌ക് വെയ്ക്കുന്നു. വെയ്ക്കുന്നതും രസമാണ്, താടിയെല്ല് താഴെ വീണു പൊടി പറ്റാതിരിക്കാന്‍ താടിക്കു താങ്ങായി മാസ്‌ക്!. ഓഫീസില്‍ കയറി കഴിഞ്ഞാല്‍ മാസ്‌കിൻ്റെ ആവശ്യമേ ഇല്ലെന്നു വേറൊരു കൂട്ടര്‍ (കൊറോണ വാതില്‍ വന്നു അനുവാദം മേടിച്ചിട്ടല്ലേ അകത്തു വരൂ, പിന്നെ പോരാത്തതിന് സെക്യൂരിറ്റിയും ഉണ്ടല്ലോ). ഇതിനേക്കാള്‍ തമാശ ആണ് ആരോഗ്യ രംഗം. സര്‍ക്കാര്‍ ഒന്ന് പറയും അത് താഴേക്ക് വിവരിച്ചു വിവരിച്ചു വരുമ്പോള്‍ കഥ വേറെ ആവും.
കൊറെന്റീനില്‍ ഉള്ളവരെ ആരോഗ്യ പ്രവര്‍ത്തകര്‍ വന്നു കണ്ണില്‍ ഒലിവു ഓയില്‍ ഒഴിച്ച് കാത്തു സൂക്ഷിക്കുന്നു എന്നൊരു കൂട്ടര്‍. ഇതൊന്നും നടപ്പില്‍ ഇല്ല, ആരോഗ്യ വകുപ്പ് ഫോണ്‍ കറക്കി പഞ്ചായത്തിനോട് ചോദിക്കും പഞ്ചായത്ത് കറങ്ങി നടന്നു കൊറെന്റീനില്‍ ഉള്ള ആളുകളുടെ വിവരം 'ശേഖരിച്ചു' ആരോഗ്യവകുപ്പിന് കൈമാറും എന്ന് വേറൊരു കൂട്ടര്‍.
കൊറോണ ബാധിച്ചവരും മനുഷ്യര്‍ തന്നെ പക്ഷെ കൊറോണ പണ്ട് നാട് വിട്ടു പോയ തെക്കേലെ കളിക്കൂട്ടുകാരന്‍ അല്ല, കൊറെന്റീനില്‍ ഉള്ളവരോട് ഇടപെടുമ്പോള്‍ വിവേചന ബുദ്ധി ഉണ്ടെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ വെള്ളം ചേര്‍ക്കാതെ പാലിക്കണം. കൊറോണ പിടിച്ച എല്ലാവരും ചുമയും മൂക്കൊലിപ്പും തൊണ്ട വേദനയും കാണിക്കില്ല. ചിലര്‍ക്ക് ഇത് പിടിച്ചാലും അറിയില്ല അറിയുന്നത് പ്രമേഹവും മറ്റും പിടിപെട്ട ഏതെങ്കിലും പാവപ്പെട്ടവന് പിടിക്കുമ്പോള്‍ ആവും.
പ്രവാസികള്‍- രോഗം ഇല്ലാത്തവര്‍, നാട്ടിലേക്കു വന്നാല്‍ മതി എന്ന് കേന്ദ്ര മന്ത്രി പറഞ്ഞപ്പോള്‍ അതിനെ പല്ലും നഖവും പാതാള കരണ്ടിയും ഉപയോഗിച്ച് എതിര്‍ത്ത നിയമസഭാ ആണ് കേരള നിയമസഭ എന്നിട്ടാണ് സര്‍ക്കാര്‍ പറയുന്നത് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കു വരുന്നവര്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരണം എന്ന്. എൻ്റെ സാറെ.. പ്രവാസികള്‍ ഇപ്പൊ പ്രാര്‍ത്ഥിക്കുന്നത് തന്നെ അസുഖം പിടിക്കാതെ, ഉള്ള ജോലി പോകാതെ നോക്കാന്‍ ആണ്. ലോണും കടവും ഒത്തിരി ഉണ്ട് .ആ പ്രവാസി ,ഇട്ടെറിഞ്ഞു വരുന്നതല്ല നിവര്‍ത്തികേട് കൊണ്ടാണ് തിരിച്ചു വരാം എന്ന് കരുതുന്നത്. കോവിഡ് പിടിച്ചു വരുന്നവര്‍ അത്ര നല്ല നിലയില്‍ ഒന്നും അല്ല കഴിയുന്നത്. ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ എങ്ങനെ സംഘടിപ്പിക്കാന്‍ ആണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. നാട്ടില്‍ വരുന്നവരെ ശെരിയായി നോക്കാന്‍ ഉള്ള സംവിധാനം കടലാസ്സില്‍ മാത്രമാണ് എന്നാണ് ചില ആളുകളുടെ പരാതി. ഉള്ളതാണോ എന്ന് വായനക്കാര്‍ പറയും.
പെട്രോളിൻ്റെ വില കൂടി. അതിനിപ്പോ എന്താ? രാജ്യ പുരോഗതിക്കല്ലെ ? ജനങള്‍ക്ക് വേണ്ടി അല്ലെ ? സര്‍ക്കാരിൻ്റെ കയ്യില്‍ പണം ഇല്ലാത്തതു കൊണ്ടല്ലേ ? അല്ല മന്ത്രി മൊഹദെ അപ്പൊ സാര്‍ക്ക് ഇലും മറ്റും വാരി വാരി കൊടുക്കാം എന്ന് പറഞ്ഞതോ ? വന്ദേ ഭാരത് വഴി വരുന്നവര്‍ സ്വയം ടിക്കറ്റ് എടുത്താണ് വരുന്നത് എന്ന് അറിഞ്ഞു. പെട്രോള്‍ വില, അന്താരാഷ്ട്ര വിപണിയില്‍, പാതാളത്തില്‍ പോയി മഹാബലിയെ കണ്ടുചായകുടിച്ചപ്പോഴും ഉയര്‍ന്നു തന്നെ. അവിടെ കുറഞ്ഞതിൻ്റെ ആനുപാതികമായിട്ടാണോ ഇവിടെ കൂടിയത് ? തമ്പുരാനറിയാം!!. പണ്ട് കാളവണ്ടി പിടിച്ചു, ഭടന്മാരോട് ഒന്നിച്ചു പെട്രോള്‍ വില വര്‍ധിപ്പിച്ചെന്നും പറഞ്ഞു കുട്ടികരണം മറിഞ്ഞവരാ. ലേശം ഉളുപ്പ് ? അന്ന് ഗ്യാസ് കുറ്റി പൊക്കി നടന്ന കുട്ടി ഇന്നൊരു കേന്ദ്ര മന്ത്രിയാ. അടുത്തിടെ പറഞ്ഞതായിട്ട് അറിഞ്ഞു, 'ഗാര്‍ഹിക പീഡനം ലോക്കഡൗണില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല' എന്ന്. അതിനിടയില്‍ ആണ് നേപ്പാളി പോലീസ് വെടി വെച്ച കേസ്. രാജ്യം ഭരിക്കുന്നതാരോ ആവട്ടെ എന്നും പറഞ്ഞു അന്യ രാജ്യത്തിൻ്റെ അതിര്‍ത്തിയില്‍ കൂട്ടത്തോടെ തള്ളി കയറിയാല്‍ .. മോശല്ലേ നമ്മുടെ രാജ്യത്തിന്? "എന്താ ...? മുന്‍പ് അങ്ങനെ അല്ലായിരുന്നു എന്നോ ?" അതൊന്നും എനിക്കറിഞ്ഞൂടാ ലോക ശക്തിയാവാന്‍ പവര്‍ മാള്‍ട്ട് കഴിക്കുന്നവരോട് തന്നെ ചോദിക്കണം.
വേണുഗോപാല്‍ നേതാവ് രാജ്യ സഭയില്‍ എത്തുമോ ആവോ ? കൊറോണ മൂലം കഷ്ടപ്പെടുന്ന ജനങള്‍ക്ക് പറ്റിയ റിസോര്‍ട് വല്ലതും ഉണ്ടോ എന്ന് തിരക്കുന്ന തിരക്കിൽ ആണ് കോണ്‍ഗ്രസ്. പണ്ട് കുറെ പേരെ വലിച്ചു താഴെ ഇട്ടതല്ലേ?. ദേവഗൗഡയെ 'നിക്കമ ' എന്നും പറഞ്ഞു സീതാറാം കേസരി മന്ത്രി കസേരയുടെ കാല്‍ ഊരി എടുത്തത് മറന്നു പോയോ ? ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി അനുയായികള്‍ പറയുന്നത് പോലെ ' ശാപമാ..കൊടും ശാപം' (കഷ്ടം). കഴിഞ്ഞ ദിവസം പരസ്യത്തിനിടെയില്‍ വാര്‍ത്ത കാണിക്കുന്ന ചാനലിനെ തപ്പി നടന്നപ്പോള്‍ ഒരു ഘനഗംഭീര ചര്‍ച്ച കെട്ടു. ഏതോ ഒരു ദൈവത്തിന്റെ കാര്യത്തില്‍ തലയിട്ടപ്പോള്‍ മുതല്‍ കേരളം ശാന്തി അറിഞ്ഞിട്ടില്ല എന്ന്. അങ്ങനെ ആണേല്‍ നമ്മുടെ ഇന്ത്യക്കാര് മുഴുവന്‍ കൊറോണ കാരണം വലയുന്നത് ആരുടെ കാര്യത്തില്‍ കൈകടത്തിയിട്ടാണ് ? വിവരം ,മുടിനാരിഴകള്‍ നരച്ചാല്‍ വരുന്നതല്ല, വിവരം ഇല്ലായ്മ നരച്ചാല്‍ പോകുന്നതും അല്ല.
ചൊറിതണം : മൂക്കിന് മുകളില്‍ വെള്ളം വന്നാലും രാഷ്ട്രീയം പറയും എന്ന് ഘടകകക്ഷിയിലെ കക്ഷി വിളിച്ചു പറഞ്ഞപ്പോള്‍ അത് മുഖ്യ കക്ഷി തന്നെ ഏറ്റെടുക്കും എന്നത് കൊറോണ തുടങ്ങിയത് മുതല്‍ കാണുന്നതാണ് . അതിന്റെ പേരില്‍ റോഡില്‍ കിടന്നു തല്ലുകൊള്ളുന്നത് എന്നതിനാണ് ? കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് നാട്ടില്‍ അറിയാത്തതല്ല പക്ഷെ ചന്ത കുരങ്ങും അമ്പല കുരങ്ങും പോലും അടി ഇടാത്ത ഈ സമയത്തു, തല്ലും മേടിച്ചു ഖദറും കീറാന്‍ .... സമയവും കാലവും ഒക്കെ നോക്കണ്ടേ ? കോളറില്‍ തൂകി വെളിയില്‍ കളഞ്ഞിട്ടും ...അയെ!!! പിന്നെയും വീതം വേണം എന്ന് പറയാന്‍ എങ്ങനെ തോന്നി അതും നൂറനാട്ടിലെ മണ്ണില്‍.
•

0 Comments