ലോക പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ജൈവ വൈവിധ്യത്തെ കുറിച്ചും സംസാരിച്ചവര്‍ തന്നെയാണ് അതിരപ്പള്ളി പദ്ധതിക്ക് അനുവാദം കൊടുത്തിട്ടുള്ളത് എന്നത് തന്നെ വിരോധാഭാസം. ഏറെ വിവാദങ്ങള്‍ക്കു ശേഷം മാറ്റി വെച്ച അതിരപ്പള്ളി പദ്ധതിക്ക് ഇത്തരത്തില്‍ സര്‍ക്കാരിന്റെ പച്ചക്കൊടി കാണിച്ചത് അംഗീകരിക്കാന്‍ പറ്റില്ല.
പ്രകൃതി സ്‌നേഹികള്‍ ഇതേറ്റെടുത്ത് നിര്‍ത്തലാക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ തയ്യാറാകണം. കെ. എസ്. ഇ.ബി അധ്യക്ഷന്റെ അപേക്ഷ പരിഗണിച്ച് ജൂണ്‍ നാലിനാണ് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും പദ്ധതിയുടെ അനുമതിക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. 2018-ല്‍ പദ്ധതി ഉപേക്ഷിച്ചെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. പ്രളയ ദുരന്തമുഖങ്ങളുടെ പാട് ഉണങ്ങും മുമ്പേ വീണ്ടും കേരളത്തിന്റെ ഹൃദയത്തെ മുറിച്ചുള്ള, പ്രകൃതിയുടെ ജൈവവൈവിധ്യത്തെ നശിപ്പിച്ചുള്ള ഒരു വികസനവും നമുക്ക് വേണ്ടെന്നു വിളിച്ചു പറയാനാകണം. മണ്ണിനെ വെള്ളച്ചാട്ടത്തെ ജീവികളെ തൊട്ടുകളിക്കാന്‍ നാം അനുവദിക്കരുത്.
നമുക്ക് വയലുകളും, കാടുകളും പച്ചപ്പും പാടങ്ങളും കുളങ്ങളും പുഴയും മരവും കുന്നും മലയും ഒന്നും വേണ്ട വിമാനതാവളവും താറിട്ട റോഡുകളും ടൈല്‍ ഇട്ട മുറ്റവും മാളുകളും ഫ്‌ലാറ്റുകളും എ സി കാറും അതിവേഗ റെയിലും മെട്രോ ട്രെയിനും ഒക്കെ വേണം. പക്ഷെ സൂര്യതാപം ഏല്‍ക്കരുത്, കിണര്‍വറ്റരുത് വേനല്‍ചൂടും അരുത് കുടിവെള്ളം മുട്ടരുത് കറന്റ് പോകരുത്. ഇതെങ്ങനെ സാധിക്കും. അവിടെയല്ലേ പ്രകൃതിയുടെ പ്രസക്തി.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിനം ലക്ഷ്യമാക്കുന്നതേ ജൈവ വൈവിധ്യം നിലനിര്‍ത്തുക എന്നാണല്ലോ. കേരളത്തിലെ തൃശൂര്‍ ജില്ലയുടെ ആതിരപ്പള്ളി വെള്ളച്ചാട്ടം ഒട്ടേറെ വൈവിധ്യങ്ങളുടെ കേന്ദ്രമാണെന്നു അറിയാത്ത മലയാളികള്‍ ഇല്ല തന്നെ. നിബിഢ വനങ്ങളാലും അപൂര്‍വ്വ ജൈവ സമ്പത്തിനാലും നിറഞ്ഞു തുളുമ്പിയ പ്രദേശമാണിത്. തേക്ക്, വീട്ടി, കാഞ്ഞിരം, വേങ്ങ, മരുത്, ഇരുള്‍ തുടങ്ങി മറ്റു നിരവധി വൃക്ഷങ്ങളുടേയും കലവറയാണിവിടം. സഞ്ചാരികളുടെ ആധിക്യം പ്രകൃതി വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ നോക്കുക എന്നതാണ് സര്‍ക്കാരിന്റേയും അധികാരികളുടേയും കര്‍ത്തവ്യം എന്ന് മനുഷ്യസ്‌നേഹികളും പ്രകൃതി സ്‌നേഹികളും വിശ്വസിക്കുന്നു.
ശരപക്ഷി, മാടത്ത, വാനമ്പാടി, വേഴാമ്പല്‍ കൃഷ്ണപ്പരുന്ത് തുടങ്ങിയ അനേകം പക്ഷികളുടേയും ആന, വെരുക്, കടുവ, കാട്ടുപോത്ത്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടേയും വൈവിധ്യമേറിയ ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം ആണ് ആതിരപ്പള്ളി. കാടര്‍, മലയര്‍ എന്നീ ആദിവാസികളുടെ വാസസ്ഥലം കൂടിയാണ് ഈ വന പ്രദേശം.
വൈദുതി എന്ന നമ്മുടെ അധിക ആവിശ്യം അതിരപ്പള്ളിയിലൂടെയേ നടക്കൂ എന്നില്ല. കാരണം നമുക്കറിയാം സോളാര്‍ പാനല്‍ ഉപയോഗിച്ച നമ്മുടെ രാജ്യത്ത് ഒട്ടനേകം സ്ഥാപനങ്ങള്‍ വിജയകരമായി നടത്തി വരുന്നുണ്ട്.
എയര്‍പോര്‍ട്ടില്‍ പൂര്‍ണമായും സോളാര്‍ പാനല്‍ ഉപയോഗിച്ച് നടപ്പാക്കിയത് അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വി എസും ശ്രീനിവാസനെ പോലുള്ള പ്രമുഖരും ചില രാഷ്ട്രീയ സംഘടകളും ഇപ്പോള്‍ പ്രതിപക്ഷവും ആ പദ്ധതിക്കെതീരെ ഉണ്ടെന്നുള്ളത് ജനങ്ങള്‍ക്കാശ്വാസമാകുംകേരള സംസ്ഥാന വിദ്യുച്ഛക്തി വകുപ്പ് ആണ് ഈ ഇരട്ട ജലപദ്ധതിയുടെ നിര്‍വ്വഹണത്തിനു പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍നിന്നും അഞ്ചു കിലോമീറ്റര്‍ മുകളിലും വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് നാനൂറ് മീറ്റര്‍ മുകളിലുമായി ചാലക്കുടിപ്പുഴയില്‍ ആണ് 163 മെഗാവാട്ട് ശേഷിയുള്ള ഒരു ഡാം പണിയാനാണ് പദ്ധതിയിടുന്നത്.
ഇത് നടപ്പാക്കുന്നതിലൂടെ, പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള 140 ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടും, അപൂര്‍വ്വ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയുടെ നാശം, വംശനാശഭീഷണി നേരിടുന്നവയുള്‍പ്പെടെയുള്ള പക്ഷികളുടെ ആവാസകേന്ദ്രത്തിന്റെ നാശം, കേരളത്തിലവശേഷിക്കുന്ന അവസാനത്തെ താഴ്ന്ന പുഴയോരക്കാടുകളില്‍ 28.4 ഹെക്ടര്‍ മുങ്ങിപ്പോകും. പറമ്പിക്കുളത്തിനും പൂയംകുട്ടിയ്ക്കുമിടയിലുള്ള ആനത്താരയുടെ ഭാഗം വെള്ളത്തിനടിയിലാകും. ആദിവാസി കോളനികളിലെ 80-ഓളം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരും. ജലസേചനത്തെയും ഈ പ്രദേശങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ കുടിവെള്ളലഭ്യതയെയും ഇത് ദോഷകരമായി ബാധിക്കും.
ഇന്നീ വിവാദങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെങ്കിലും ജല വൈദ്യതോര്‍ജജ ഉത്പാദനം ലക്ഷ്യമാക്കി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2011-ല്‍ അനുമതി നിഷേധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. കക്ഷി രാഷ്ട്രീയം നോക്കാതെ മണ്ണിനെ സ്‌നേഹിക്കുന്നവര്‍ ഒറ്റകെട്ടായെ പറ്റൂ. അതിരപ്പള്ളി അതിന്റെ എല്ലാ സൗന്ദര്യത്തോടെ നിലനില്‍ക്കുക തന്നെ വേണം. തൊട്ടുപോകരുത് അതിരപ്പള്ളിയെ.
•


0 Comments